മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് അവധിയെടുത്ത ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് (Ishan Kishan) പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാലാണ് ഇഷാന് അവധി നല്‍കിയതെന്നായിരുന്നു ബിസിസിഐ അറിയിച്ചിരുന്നത്. എന്നാല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു 25-കാരന്‍ ടീം വിട്ടതെന്ന് ഇതിന് പിന്നാലെ റിപ്പോര്‍ട്ടുകളെത്തി.
ഇടവേള കഴിഞ്ഞ് ദേശീയ ടീമിലേക്ക് തിരികെ എത്തുന്നതിനായി ഇഷാന്‍ കിഷന്‍ ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്ന നിര്‍ദേശം നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ രഞ്‌ജി ട്രോഫിയില്‍ തന്‍റെ ടീമായ ജാര്‍ഖണ്ഡിന് വേണ്ടി കളത്തിലിറങ്ങാന്‍ താരം തയ്യാറായിട്ടില്ല. ഇഷാന്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രബര്‍ത്തി നേരത്തെ പ്രതികരിച്ചിരുന്നു.
എന്നാല്‍ അടുത്തിടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയ്ക്കും (Hardik Pandya) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി കളിക്കുന്ന ജ്യേഷ്ഠൻ ക്രുണാല്‍ പാണ്ഡ്യയ്‌ക്കുമൊപ്പം (Krunal Pandya) ബറോഡയിലെ കിരൺ മോറ അക്കാദമിയില്‍ താരം പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇപ്പോഴിതാ നേരിട്ടല്ലെങ്കിലും വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഒരാള്‍ക്ക് പരിശീലനത്തിന് ഫിറ്റായിരിക്കാനും അതേസമയം തന്നെ ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാതിരിക്കാനും കഴിയുക എങ്ങനെയാണെന്ന് ഇര്‍ഫാന്‍ പഠാന്‍ തന്‍റെ എക്‌സ് അക്കൗണ്ടിലൂടെ ചോദിക്കുന്നു.
"ഇത് വളരെ അമ്പരപ്പിക്കുന്നതാണ്, എങ്ങനെയാണ് ഒരാള്‍ക്ക് പരിശീലനത്തിന് ഫിറ്റായിരിക്കാനും അതേസമയം ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാതിരിക്കാനും കഴിയുക, അത് എങ്ങനെ ശരിയാകും ?" - ഇര്‍ഫാന്‍ എക്‌സ് പോസ്റ്റില്‍ ചോദിച്ചു.
ഇഷാനുമായി പ്രശ്‌നങ്ങളില്ല : മാനസികാരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി അവധിയെടുത്ത ഇഷാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും നേരെ ദുബായില്‍ സഹോദരന്‍റെ പിറന്നാള്‍ ആഘോഷത്തിനായിരുന്നു പോയത്. ഇക്കാര്യം ബിസിസിഐക്ക് അത്ര രസിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ താരവുമായി മാനേജ്‌മെന്‍റിന് ഒരു പ്രശ്‌നവുമില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു. ഇഷാനുമായി തങ്ങള്‍ ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്. ഇഷാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടില്ല. അതിന്‍റെ അര്‍ഥം അവന്‍ തയ്യാറായിട്ടില്ലെന്നാണ്. അതിനാല്‍ തന്നെ മറ്റ് ഒപ്‌ഷനുകള്‍ പരിഗണിക്കുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ടീമിലെടുത്തിട്ടും കളിക്കാന്‍ അവസരം ലഭിക്കാത്തതില്‍ ഇഷാന് കടുത്ത അതൃപ്‌തിയുണ്ടെന്നാണ് വിവരം.
ഇഷാന്‍റെ അഭാവത്തില്‍ കെഎസ് ഭരത്താണ് ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായി പ്ലെയിങ് ഇലവനിലെത്തിയത്. എന്നാല്‍ ഒരു ഘട്ടത്തില്‍പ്പോലും മികച്ച പ്രകടനം നടത്താന്‍ ഭരത്തിന് കഴിഞ്ഞിരുന്നില്ല. ബാക്കിയുള്ള മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലും ഭരത് ഇടം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ യുവ താരം ദ്രുവ് ജുറെലിന് അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കപ്പെടുന്നത്.