ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ യുവ പേസര്‍ മായദ് യാദവിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ വെറ്ററന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. സീസണില്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ 21-കാരനായ മായങ്ക് കളിച്ച രണ്ട് മത്സരങ്ങളിലും താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വേഗത ഏറിയ പന്തുകളാലാണ് താരം എതിര്‍ ബാറ്റര്‍മാരെ മുട്ടിടിപ്പിക്കുന്ന പ്രകടനം നടത്തുന്നത്.
സീസണില്‍ ഇതേവരെയുള്ള ഏറ്റവും വേഗമേറിയ പന്ത് എന്ന റെക്കോഡിന് ഉടമകൂടിയാണ് മായങ്ക്. റോയല്‍ ചലഞ്ചേഴ്‌സിന് എതിരായ മത്സരത്തില്‍ മണിക്കൂറില്‍ 156.7 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് താരം റെക്കോഡിട്ടത്. പഞ്ചാബ് കിങ്‌സിനെതിരെ എറിഞ്ഞ മണിക്കൂറില്‍ 155.8 എന്ന വേഗം പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്.
ഇതിന് പിന്നാലെ മായങ്കിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് യുസ്‌വേന്ദ്ര ചാഹല്‍. "ഒരു ഇന്ത്യന്‍ താരം ഇത്രയും വേഗത്തില്‍ പന്തെറിയുന്നത് കാണുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. മായങ്ക് ഏറെ ചെറുപ്പമാണ്. അവന്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നതാണ് എനിക്ക് കാണേണ്ടത്"- യുസ്‌വേന്ദ്ര ചാഹല്‍ പറഞ്ഞു.
ലോകക്രിക്കറ്റ് ചരിത്രത്തിൽ തന്നെ വളരെ കുറഞ്ഞ താരങ്ങള്‍ക്ക് മാത്രമേ ഇതേവരെ 160 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിഞ്ഞിട്ടൊള്ളൂ. 161.3 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ പാകിസ്ഥാന്‍റെ ഇതിഹാസ താരം ഷൊയ്‌ബ് അക്തറിന്‍റെ പേരിലാണ് വേഗപ്പന്തിന്‍റെ റെക്കോഡ്. ഓസീസിന്‍റെ ഷോൺ ടെയ്റ്റ് (161.1), ബ്രെറ്റ് ലീ (161.1), ജെഫ്രി തോംസൺ (160.6), മിച്ചല്‍ സ്റ്റാര്‍ക്ക് (160.4) എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍. ചാഹലിന്‍റെ വാക്കുകള്‍ സത്യമായാല്‍ ഈ കൂട്ടത്തിലേക്കാണ് മായങ്കിന് ചേരാന്‍ കഴിയുക.
അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമായിരുന്ന മായങ്ക് യാദവിനെ 20 ലക്ഷം രൂപയ്‌ക്കായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചത്. പഞ്ചാബിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ നാല് ഓവറുകളില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റുകളായിരുന്നു താരം വീഴ്‌ത്തിയത്. പിന്നീട് ആര്‍സിബിക്കെതിരെ നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളുമായി മായങ്ക് മിന്നിത്തിളങ്ങി. വരാനിരിക്കുന്ന മത്സരങ്ങളിലും മായങ്കിന്‍റെ പ്രകടനത്തില്‍ വലിയ പ്രതീക്ഷയാണ് ലഖ്‌നൗവിനുള്ളത്.