മുംബൈ : ഐപിഎല്‍ 17-ാം പതിപ്പിന്‍റെ ആദ്യഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മാർച്ച് 22 ന് ചെന്നൈയിൽ ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയേറും. അന്നേദിവസം വൈകിട്ട് 6.30ന് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിലാകും ഈ സീസണിലെ കന്നി മത്സരം. ആദ്യ പോരാട്ടത്തിൽ നിലവിലെ ചാംമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ഇത് ഒന്‍പതാം തവണയാണ് ചെന്നൈ ഐപിഎൽ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.
രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് (Election 2024) നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇക്കുറി ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. അതിനാല്‍ ആദ്യ 21 മത്സരങ്ങളുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. മാര്‍ച്ച് മുതല്‍ ഏപ്രില്‍ 7 വരെയാകും ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുക. പൊതുതെരഞ്ഞെടുപ്പ് തീയതികള്‍ പുറത്ത് വന്നതിന് ശേഷമായിരിക്കും രണ്ടാം ഘട്ട മത്സരങ്ങള്‍ തീരുമാനിക്കുക. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 6.30നുമായാണ് ഇക്കുറി മത്സരങ്ങളുടെ ക്രമീകരണം.
മത്സര ക്രമം ഇങ്ങനെ:
- മാർച്ച് 22, 6:30, ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ്– റോയൽ ചാലഞ്ചേഴഴ്‌സ് ബാംഗ്ലൂർ
- മാർച്ച് 23, 2:30, മൊഹാലി: പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ്
- മാർച്ച് 23, 6:30, കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – സൺറൈസേഴ്‌സ് ഹൈദരാബാദ്
- മാർച്ച് 24, 2:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് – ലക്‌നൗ സൂപ്പർ ജയന്‍റ്സ്
- മാർച്ച് 24, 6:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് – മുംബൈ ഇന്ത്യൻസ്
- മാർച്ച് 25, 6:30, ബെംഗളൂരു: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ –പഞ്ചാബ് കിങ്സ്
- മാർച്ച് 26, 6:30, ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് –ഗുജറാത്ത് ടൈറ്റൻസ്
- മാർച്ച് 27, 6:30, ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ്
- മാർച്ച് 28, 6:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് –ഡൽഹി ക്യാപിറ്റൽസ്
- മാർച്ച് 29, 6:30, ബെംഗളൂരു: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
- മാർച്ച് 30, 6:30, ലക്‌നൗ: ലക്‌നൗ സൂപ്പർ ജയന്‍റ്സ് – പഞ്ചാബ് കിങ്സ്
- മാർച്ച് 31, 2:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് – സൺറൈസേഴ്‌സ് ഹൈദരാബാദ്
- മാർച്ച് 31, 6:30, വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റൽസ് – ചെന്നൈ സൂപ്പർ കിങ്സ്
- ഏപ്രിൽ 1, 6:30, മുംബൈ: മുംബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ്
- ഏപ്രിൽ 2, 6:30, ബെംഗളൂരു: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ – ലക്‌നൗ സൂപ്പർ ജയന്‍റ്സ്
- ഏപ്രില്‍ 3, 6:30, വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റൽസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്,
- ഏപ്രിൽ 4, 6:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് –പഞ്ചാബ് കിങ്സ്
- ഏപ്രിൽ 5, 6:30, ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദ് – ചെന്നൈ സൂപ്പർ കിങ്സ്
- ഏപ്രിൽ 6, 6:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് – റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ
- ഏപ്രിൽ 7, 2:30, മുംബൈ: മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപിറ്റൽസ്
- ഏപ്രിൽ 7, 6:30, ലക്‌നൗ: ലക്‌നൗ സൂപ്പർ ജയന്റ്സ് – ഗുജറാത്ത് ടൈറ്റൻസ്
പ്രോട്ടോക്കോളുകള്‍ പാലിക്കും: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും നിർദേശങ്ങളും പാലിച്ചാകും മത്സരങ്ങൾ നടത്തുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. മുൻ കാലങ്ങളിലേതുപോലെ സർക്കാരുമായും സുരക്ഷ ഏജന്‍സികളുമായും സഹകരിച്ചുതന്നെ പ്രവർത്തിക്കുമെന്നും ഷാ അറിയിച്ചു.
"18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ആദ്യ രണ്ടാഴ്‌ചത്തെ ഷെഡ്യൂളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ബോർഡ് അത് അവലോകനം ചെയ്യുകയും പരിഹരിക്കുകയും ചെയ്യും. തുടർന്ന് പോളിങ് തീയതികൾ പരിഗണിച്ചശേഷം പ്രാദേശിക അധികൃതരുമായി ചർച്ചചെയ്‌ത് അവശേഷിക്കുന്ന ഷെഡ്യൂളുകളും അന്തിമമാക്കും.”ഷാ കൂട്ടിച്ചേർത്തു.
മത്സരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ നടത്താനാണ് തീരുമാനമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2019ല്‍ പൊതു തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മുഴുവൻ മത്സരങ്ങള്‍ക്കും ഇന്ത്യയാണ് വേദിയായത്. നേരത്തെ, 2014ല്‍ ആദ്യത്തെ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായി. എന്നാല്‍, 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നു ടൂര്‍ണമെന്‍റ് പൂര്‍ണമായും സംഘടിപ്പിക്കപ്പെട്ടത്.
പത്ത് ടീമുകള്‍ തന്നെയാണ് ഇക്കുറിയും ഐപിഎല്ലില്‍ പോരടിക്കാനിറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യൻസും (Mumbai Indians) തങ്ങളുടെ ആറാം കിരീടമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. മൂന്നാം കിരീടം തേടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ (KKR) വരവ്. ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയല്‍സ് (Rajasthan Royals), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (SRH) ടീമുകള്‍ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB), ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals), പഞ്ചാബ് കിങ്സ് (Punjab Kings), ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് (LSG) എന്നിവര്‍ ഇക്കുറിയെങ്കിലും ആദ്യ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ്. ഐപിഎല്ലിന് പിന്നാലെ ജൂൺ ഒന്നിന് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി ടി20 ലോകകപ്പ് ആരംഭിക്കും. ഈ സാഹചര്യത്തില്‍ മെയ് 26ന് ഐപിഎല്‍ ഫൈനല്‍ നടന്നേക്കുമെന്നാണ് സൂചന.