ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് തോല്‍വി വഴങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനാണ് ആര്‍സിബി ലഖ്‌നൗവിനോട് തോറ്റത്. സീസണില്‍ ടീമിന്‍റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്.
ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ ഉയര്‍ത്തിയ 182 റണ്‍സിന്‍റെ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബി 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. നാല് ഓവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ യുവപേസര്‍ മായങ്ക് യാദവിന് മുന്നിലാണ് ആര്‍സിബി തകര്‍ന്നത്. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ക്ക് പവര്‍പ്ലേ പിന്നിടുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു.
അഞ്ചാം ഓവറിന്‍റെ രണ്ടാം പന്തില്‍ വിരാട് കോലിയാണ് (16 പന്തില്‍ 22) ആദ്യം വീണത്. തൊട്ടടുത്ത ഓവറില്‍ ഫാഫ് ഡു പ്ലെസിസ് (13 പന്തില്‍ 19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (2 പന്തില്‍ 0) എന്നിവരും തിരിച്ച് കയറി. പിന്നീടെത്തിയവരില്‍ മഹിപാല്‍ ലോംറോര്‍ (13 പന്തില്‍ 33) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു.
രജത് പടിദാര്‍ (21 പന്തില്‍ 29), കാമറൂണ്‍ ഗ്രീന്‍ (9 പന്തില്‍ 9), അനുജ് റാവത്ത് (21 പന്തില്‍ 11), ദിനേശ് കാര്‍ത്തിക് (8 പന്തില്‍ 4), മായങ്ക് ദാഗര്‍ (1പന്തില്‍ 0), മുഹമ്മദ് സിറാജ് (8 പന്തില്‍ 12) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ പ്രകടനം. ലഖ്‌നൗവിനായി 3.4 ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തിയ നവീന്‍ ഉള്‍ ഹഖും തിളങ്ങി.
നേരത്തെ, ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് ലഖ്‌നൗ 181 റണ്‍സിലേക്ക് എത്തിയത്. 56 പന്തില്‍ എട്ട് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 81 റണ്‍സായിരുന്നു ഡി കോക്ക് നേടിയത്. നിക്കോളാസ് പുരാനും (21 പന്തില്‍ 40*) നിര്‍ണായകമായി. കെഎല്‍ രാഹുല്‍ (14 പന്തില്‍ 20), മാര്‍ക്കസ് സ്റ്റോയിനിസ് (15 പന്തില്‍ 24) എന്നിവരാണ് മറ്റ് നിര്‍ണായക സംഭവാന നല്‍കിയത്.
തോല്‍വിയോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്‍റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. ഇതടക്കം കളിച്ച നാല് മത്സരങ്ങളില്‍ വെറു ഒരു വിജയം മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. മത്സരം പിടിച്ചതോടെ ആറാം സ്ഥാനത്തുണ്ടായിരുന്ന ലഖ്‌നൗ നാലാമതെത്തി.