മുംബൈ: സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സ്വകാര്യത ലംഘിച്ചുവെന്നാരോപിച്ചാണ് ഐപിഎല്‍ ബ്രോഡ്‌കാസ്റ്ററായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ രോഹിത് രംഗത്ത് എത്തിയിരിക്കുന്നത്. ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും തന്‍റെ സ്വകാര്യ സംഭാഷണം പകര്‍ത്തി പങ്കുവച്ചുവെന്നാണ് രോഹിത് പറയുന്നത്.
ഇതു സംബന്ധിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോയമായ എക്‌സിലാണ് രോഹിത് പോസ്റ്റിട്ടിരിക്കുന്നത്. "ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലേക്ക് വളരെയേറെ കടന്നുകയറ്റങ്ങളാണ് നടക്കുന്നത്. പരിശീലനത്തിനിടെയോ, മത്സര ദിവസങ്ങളിലോ സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും നടത്തുന്ന സ്വകാര്യ സംഭാഷണങ്ങള്‍ പോലും ക്യാമറകൾ ഇപ്പോൾ റെക്കോർഡ് ചെയ്യുകയാണ്.
എന്‍റെ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്യരുതെന്ന് സ്റ്റാർ സ്‌പോർട്‌സിനോട് ആവശ്യപ്പെട്ടിട്ടും അതുണ്ടായി. ഇത് പിന്നീട് എയര്‍ ചെയ്യുകയും ചെയ്‌തു. ഇതു തീര്‍ത്തും സ്വകാര്യതയുടെ ലംഘനമാണ്.
എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം നേടി കാഴ്‌ചക്കാരുടെ എണ്ണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഒരു ദിവസം ആരാധകരും ക്രിക്കറ്റ് കളിക്കാരും ക്രിക്കറ്റും തമ്മിലുള്ള വിശ്വാസം തകർക്കും. ഒരല്‍പം ബോധത്തോടെ പെരുമാറാം..."- രോഹിത് കുറിച്ചു.
നേരത്തെ, കൊല്‍ക്കത്ത ബാറ്റിങ് പരിശീലകന്‍ അഭിഷേക് നായരുമായുള്ള രോഹിത്തിന്‍റെ സംഭാഷണം പുറത്ത് വന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. പിന്നീട് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി ധവാൽ കുൽക്കർണിയുമായി സംസാരിക്കവെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ ക്യാമറാമാനോട് കൂപ്പുകൈകളോടെയാണ് ഇതു അവസാനിപ്പിക്കാന്‍ രോഹിത് ആവശ്യപ്പെട്ടത്.
അതേസമയം ഐപിഎല്ലില്‍ നിന്നും രോഹിത് ശര്‍മയുടെ ടീമായ മുംബൈ ഇന്ത്യന്‍സ് പുറത്തായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ കളിച്ച മുംബൈ 14 മത്സരങ്ങളില്‍ 10 എണ്ണത്തിലും തോല്‍വി വഴങ്ങി. ഇതോടെ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.
ഇടക്ക് നിറം മങ്ങിയെങ്കിലും സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ടോപ് സ്‌കോററാണ് രോഹിത് ശര്‍മ. 14 കളികളില്‍ നിന്നായി 150 പ്രഹര ശേഷിയില്‍ 417 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ഇനി ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചാണ് രോഹിത് ഇനി കളത്തിലേക്ക് എത്തുക.
അമേരിക്ക,വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. രോഹിത്തിന്‍റെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ ഹാര്‍ദിക്കിന്‍റെ കീഴിലാണ് രോഹിത് കളിച്ചത്. സീസണിന് മുന്നോടിയായി ആയിരുന്നു ഫ്രാഞ്ചൈസി രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിന് ക്യാപ്റ്റന്‍റെ ചുമതല നല്‍കിയത്.