ജയ്‌പൂര്‍: ഐപിഎല്ലിന്‍റെ (IPL 2024 ) 17-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം. അപരാജിത അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) മുന്നില്‍ നിന്നും നയിച്ച മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 20 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. (RR vs LSG Match Highlights). 194 റണ്‍സിന്‍റെ വിജയ ലക്ഷ്യത്തിലേക്ക് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും നിക്കോളാസ് പുരാനും അര്‍ധ സെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സെടുക്കാനാണ് ലഖ്‌നൗവിന് കഴിഞ്ഞത്.
41 പന്തില്‍ പുറത്താവാതെ 64 റണ്‍സെടുത്ത നിക്കോളാസ് പുരാന്‍ ടീമിന്‍റെ ടോപ് സ്‌കോററായി. രാജസ്ഥാനായി ടെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്‌ത്തി. മോശം തുടക്കമായിരുന്നു ലഖ്‌നൗവിന് ലഭിച്ചത്. രാജസ്ഥാന്‍ പേസര്‍മാര്‍ അഴിഞ്ഞാടിയതോടെ സ്‌കോര്‍ ബോര്‍ഡില്‍ വെറും 11 റണ്‍സുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്‌ടമായിരുന്നു.
ആദ്യം ഓവറിന്‍റെ അഞ്ചാം പന്തില്‍ ക്വിന്‍റണ്‍ ഡി കോക്കിനെ (5 പന്തില്‍ 4) വീഴ്‌ത്തി ട്രെന്‍റ് ബോള്‍ട്ടാണ് ആദ്യ തിരിച്ചടി നല്‍കിയത്. തന്‍റെ രണ്ടാം ഓവറില്‍ ദേവ്‌ദത്ത് പടിക്കലിനെ സംപൂജ്യനായും ബോള്‍ട്ട് തിരികെ കയറ്റി. ആയുഷ് ബദോനി (5 പന്തില്‍ 1) നാന്ദ്രെ ബര്‍ഗര്‍ക്ക് മുന്നില്‍ വീഴുകയും ചെയ്‌തതോടെ ലഖ്‌നൗ പതറി.
തുടര്‍ന്ന് ഒന്നിച്ച ദീപക് ഹൂഡയും ക്യാപ്റ്റന്‍ കെഎല്‍ രാഹുലും രക്ഷപ്രവര്‍ത്തനത്തിന് ശ്രമിച്ചു. 49 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ച് യുസ്‌വേന്ദ്ര ചാഹലാണ് രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്. 13 പന്തില്‍ 26 റണ്‍സ് നേടിയ ഹൂഡയെ ധ്രുവ് ജുറെല്‍ പിടികൂടുകയായിരുന്നു. ഹൂഡ മടങ്ങുമ്പോള്‍ 7.3 ഓവറില്‍ നാലിന് 60 എന്ന നിലയിലായിരുന്നു ലഖ്‌നൗ.
എന്നാല്‍ പിന്നീട് ക്രീസിലേക്കെത്തിയ നിക്കോളാസ് പുരാനൊപ്പം രാഹുല്‍ ആക്രമിച്ചതോടെ ലഖ്‌നൗവിന് പ്രതീക്ഷ വച്ചു. 85 റണ്‍സ് ചേര്‍ത്ത ഇരുവരേയും പിരിച്ച് സന്ദീപ് ശര്‍മയാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 44 പന്തില്‍ 58 റണ്‍സെടുത്ത രാഹുല്‍ ജുറെലിന്‍റെ കയ്യില്‍ തീര്‍ന്നു.
അര്‍ അശ്വിന് മുന്നില്‍ മാര്‍ക്കസ് സ്റ്റോയിനിസിന് (4 പന്തില്‍ 3) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പുരാന്‍ വമ്പനടിയ്‌ക്ക് ശ്രമം നടത്തിക്കൊണ്ടേയിരുന്നു. അവസാന ഓവറില്‍ 27 റണ്‍സായിരുന്നു വിജയത്തിനായി ലഖ്‌നൗവിന് വേണ്ടിയിരുന്നത്. എന്നാല്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങിയ ആവേശ് ഖാന്‍ ടീമിനെ പിടിച്ച് കെട്ടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 193 റണ്‍സിലേക്ക് എത്തിയത്. അപരാജിത അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (52 പന്തില്‍ 82*) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ റിയാന്‍ പരാഗും (29 പന്തില്‍ 43) തിളങ്ങി. സഞ്‌ജു ആറ് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടിച്ചപ്പോള്‍ മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയുമായിരുന്നു പരാഗ് നേടിയത്.
രാജസ്ഥാന്‍റേയും തുടക്കം അത്ര മികച്ചതായിരുന്നില്ല. വമ്പനടിക്കാരായ രാജസ്ഥാന്‍ ഓപ്പണര്‍മാരായ ജോസ് ബട്‌ലറേയും യശസ്വി ജയ്‌സ്വാളിനേയും വേഗം തന്നെ തിരികെ അയയ്‌ക്കാന്‍ ലഖ്‌നൗവിന് കഴിഞ്ഞിരുന്നു. ബട്‌ലറുടെ (9 പന്തില്‍ 11) വിക്കറ്റാണ് ടീമിന് ആദ്യം നഷ്‌ടമാവുന്നത്. നവീന്‍ ഉള്‍ ഹഖിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ക്യാച്ചെടുത്താണ് താരത്തിന്‍റെ മടക്കം. തുടര്‍ന്നെത്തിയ സഞ്‌ജുവിനൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യശസ്വിയും (12 പന്തില്‍ 24 ) ലഖ്‌നൗ വീഴ്‌ത്തി.
മുഹ്‌സിന്‍ ഖാന്‍റെ പന്തില്‍ പുള്‍ ഷോട്ടിനുള്ള ശ്രമം പാളിയതോടെ മിഡ് ഓഫില്‍ ക്രുണാല്‍ പാണ്ഡ്യയുടെ കയ്യിലാണ് യശസ്വി തീര്‍ന്നത്. പിന്നീട് ഒന്നിച്ച സഞ്‌ജുവും റിയാന്‍ പരാഗും ചേര്‍ന്ന് മികച്ച രീതിയില്‍ കളിച്ചതോടെ രാജസ്ഥാന്‍ ഇന്നിങ്‌സിന്‍റെ നെടുന്തൂണായും അതു മാറി. നവീന്‍ ഉള്‍ ഹഖിന്‍റെ പന്തില്‍ റിയാന്‍ പരാഗിന് പിഴച്ചതോടെയാണ് 93 റണ്‍സിലെത്തിയ തകര്‍പ്പന്‍ കൂട്ടുകെട്ട് പൊളിയുന്നത്.
ALSO READ: പതിവ് തെറ്റിക്കാതെ സഞ്‌ജു; പുതിയ സീസണിലും മലയാളി താരത്തിന് മിന്നും തുടക്കം - IPL 2024
ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്ക് (7 പന്തില്‍ 5) അധികം ആയുസുണ്ടായിരുന്നില്ല. എന്നാല്‍ സഞ്‌ജുവും ധ്രുവ് ജുറെലും (12 പന്തില്‍ 20*) അവസാന ഓവറുകളില്‍ ആക്രമിച്ചത് രാജസ്ഥാന് ഗുണം ചെയ്‌തു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.