ലഖ്‌നൗ : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ വിജയവഴിയിലേക്ക് എത്താൻ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് - പഞ്ചാബ് കിങ്‌സ് ടീമുകള്‍ ഇന്ന് ഇറങ്ങും. ലഖ്‌നൗവിന്‍റെ തട്ടകമായ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. പഞ്ചാബ് കിങ്‌സ് രണ്ടാം ജയം നോട്ടമിടുമ്പോള്‍ ആദ്യ പോയിന്‍റാണ് എല്‍എസ്‌ജിയുടെ ലക്ഷ്യം.
ആദ്യ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനോട് 20 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. പോയിന്‍റ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പടുത്താൻ കെഎല്‍ രാഹുലിനും സംഘത്തിനും ഇന്ന് ജയം അനിവാര്യം. കെഎല്‍ രാഹുല്‍, നിക്കോളാസ് പുരാൻ എന്നിവര്‍ ആദ്യ കളിയില്‍ ബാറ്റുകൊണ്ട് ലഖ്‌നൗവിനായി മികച്ച പ്രകടനം നടത്തിയിരുന്നു.
ഇന്ന് പഞ്ചാബിനെ നേരിടാൻ ഇറങ്ങുമ്പോഴും രാഹുല്‍ നല്‍കുന്ന തുടക്കവും പുരാന്‍റെ ഫിനിഷിങ്ങും ആതിഥേയര്‍ക്ക് നിര്‍ണായകമാകും. ക്വിന്‍റണ്‍ ഡി കോക്ക്, ആയുഷ് ബഡോണി, ദേവ്‌ദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ പ്രകടനങ്ങളും ടീമിന് നിര്‍ണായകമാകും. കഴിഞ്ഞ സീസണില്‍ സ്‌പിന്നര്‍മാര്‍ക്ക് കൂടുതല്‍ സഹായിക്കുന്ന കറുത്ത മണ്ണിലെ പിച്ചിലായിരുന്നു മത്സരങ്ങള്‍.
എന്നാല്‍, ഇത്തവണ കൂടുതല്‍ ബൗണ്‍സും പേസും ലഭിക്കുന്ന ചുവന്ന മണ്ണിലെ വിക്കറ്റില്‍ കളികള്‍ നടക്കും. ഈ സാഹചര്യത്തില്‍ പേസ് ത്രയം മൊഹ്‌സിൻ ഖാൻ, നവീൻ ഉല്‍ ഹഖ്, യാഷ് താക്കൂര്‍ എന്നിവരുടെ ബൗളിങ് നിര്‍ണായകമായേക്കും.
മറുവശത്ത്, കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിയോട് തേല്‍വി വഴങ്ങിയാണ് പഞ്ചാബ് കിങ്‌സിന്‍റെ വരവ്. ചിന്നസ്വാമിയില്‍ ജയം ഉറപ്പിച്ച മത്സരമായിരുന്നു പഞ്ചാബിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ക്യാപ്‌റ്റൻ ശിഖര്‍ ധവാന്‍റെ ഫീല്‍ഡ് പ്ലേസ്മെന്‍റുകളല്ലാം ബെംഗളൂരുവിനെതിരായ മത്സരത്തില്‍ അമ്പേ പരാജയപ്പെട്ടു.
കഴിഞ്ഞ മത്സരം പരാജയപ്പെട്ടെങ്കിലും ഏത് സാഹചര്യത്തില്‍ പോലും ടൂര്‍ണമെന്‍റിലേക്ക് തിരിച്ചുവരാൻ കെല്‍പ്പുള്ളവരാണ് പഞ്ചാബ് കിങ്‌സ്. ശിഖര്‍ ധവാൻ, സാം കറൻ, ലിയാം ലിവിങ്‌സ്റ്റണ്‍, ജോണി ബെയര്‍സ്റ്റോ എന്നിവരാണ് ടീമിന്‍റെ റണ്‍ പ്രതീക്ഷ. ലഖ്‌നൗവില്‍ പേസര്‍മാരെ തുണയ്‌ക്കുന്ന പിച്ചില്‍ അര്‍ഷ്‌ദീപ് സിങ്, കഗിസോ റബാഡ എന്നിവരുടെ പ്രകടനങ്ങളും പഞ്ചാബിന് നിര്‍ണായകമാണ്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സാധ്യത ടീം: ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റൻ), ദേവ്ദത്ത് പടിക്കല്‍, ആയുഷ് ബഡോണി, ദീപക് ഹൂഡ, നിക്കോളസ് പുരാൻ, മാര്‍ക്കസ് സ്റ്റോയിനിസ്, കൃണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, മൊഹ്‌സിൻ ഖാൻ, നവീൻ ഉല്‍ ഹഖ്, യാഷ് താക്കൂര്‍/ശിവം മാവി.
പഞ്ചാബ് കിങ്‌സ് സാധ്യത ടീം: ശിഖര്‍ ധവാൻ (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, പ്രഭ്‌സിമ്രാൻ സിങ്, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറൻ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷ്‌ദീപ് സിങ്.