കൊല്‍ക്കത്ത : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2024) ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. വൈകീട്ട് ഏഴരയ്‌ക്ക് കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം തുടങ്ങുക. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കും (Mitchell Starc) പാറ്റ് കമ്മിന്‍സും (Pat Cummins) നേര്‍ക്കുനേര്‍ എത്തുന്ന മത്സരമാണിത്.
കഴിഞ്ഞ ലേലത്തില്‍ 24.75 കോടി രൂപയ്‌ക്കായിരുന്നു സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. പാറ്റ് കമ്മിന്‍സിനായി ഹൈദരാബാദ് മുടക്കിയത് 20.5 കോടി രൂപയാണ്. കഴിഞ്ഞ സീസണില്‍ ഏഴാമതായാണ് കൊല്‍ക്കത്ത ഫിനിഷ് ചെയ്‌തത്. 14 മത്സരങ്ങളില്‍ എട്ടിലും കൊല്‍ക്കത്ത തോറ്റു.
പരിക്ക് മാറി തിരിച്ചെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഉപദേശകനായി ടീമിന് രണ്ട് കിരീടങ്ങള്‍ നേടിക്കൊടുത്ത മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ പുതിയ സീസണില്‍ തങ്ങളുടെ മൂന്നാം കിരീടമാണ് കൊല്‍ക്കത്ത ലക്ഷ്യം വയ്‌ക്കുന്നത്. കഴിഞ്ഞ സീസണില്‍ പേസര്‍മാരുടെ മോശം പ്രകടനമായിരുന്നു ടീമിനെ പിന്നോട്ടാക്കിയത്. ഈ ദൗര്‍ബല്യം തീര്‍ക്കാനായിരുന്നു സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത പണം വാരിയെറിഞ്ഞത്.
ദുഷ്‌മന്ത ചമീര, ചേതൻ സക്കറിയ, വൈഭവ് അറോറ, ഹർഷിത് റാണ എന്നിവര്‍ക്കൊപ്പം സ്റ്റാര്‍ക്ക് കൂടി എത്തുന്നതോടെ കൊല്‍ക്കത്ത പേസ് യൂണിറ്റിന്‍റെ കരുത്ത് ഏറുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ. സ്‌പിന്നര്‍മാരെ പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈഡന്‍ ഗാര്‍ഡന്‍സില്‍ സുനില്‍ നരെയ്‌ന്‍ വരുണ്‍ ചക്രവര്‍ത്തി, മുജീബ് ഉര്‍ റഹ്മാന്‍, സുയാശ് ശര്‍മ എന്നിങ്ങനെ ആരെയും വെല്ലുവിളിക്കാന്‍ കരുത്തുള്ള പടക്കോപ്പുകള്‍ കൊല്‍ക്കത്തയ്‌ക്കുണ്ട്. ബാറ്റിങ് യൂണിറ്റിലേക്ക് എത്തുമ്പോള്‍ സുനില്‍ നരെയ്‌ന്‍, നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, ഷെർഫെയ്ൻ റഥർഫോർഡ് പവര്‍ഹിറ്റര്‍മാര്‍ എന്നിവര്‍ അണിനിരക്കുന്ന മധ്യനിരയാണ് ടീമിന്‍റെ കരുത്ത്.
കൊല്‍ക്കത്ത സ്ക്വാഡ് : ശ്രേയസ് അയ്യർ, കെ.എസ്. ഭരത്, റഹ്മാനുള്ള ഗുർബാസ്, റിങ്കു സിങ്, അംഗ്‌കൃഷ് രഘുവംഷി, ഷെർഫാൻ റൂഥർഫോർഡ് , മനീഷ് പാണ്ഡെ, ആന്ദ്രെ റസൽ, നിതീഷ് റാണ, വെങ്കിടേഷ് അയ്യർ, അനുകുൽ റോയ്, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ. വൈഭവ് അറോറ, ചേതൻ സക്കറിയ, ഹർഷിത് റാണ, സുയാശ് ശർമ്മ, മിച്ചൽ സ്റ്റാർക്ക്, ദുഷ്മന്ത ചമീര , സാകിബ് ഹുസൈൻ, മുജീബ് ഉർ റഹ്മാൻ, ഫില്‍ സാള്‍ട്ട്.
മറുവശത്ത് കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്‌ത ടീമാണ് ഹൈദരാബാദ്. കളിച്ച 14 മത്സരങ്ങളിലും 10 ടീം തോല്‍വി വഴങ്ങി. മികവുള്ള താരങ്ങള്‍ നിറം മങ്ങിയതിനൊപ്പം ക്യാപ്റ്റന്‍സിയിലെ പോരായ്‌മയും കഴിഞ്ഞ സീസണില്‍ ഓറഞ്ച് പടയ്‌ക്ക് കനത്ത തിരിച്ചടിയായി.
ഇതോടെ നായകസ്ഥാനത്ത് നിന്നും എയ്‌ഡന്‍ മാര്‍ക്രത്തെ മാറ്റി കോടികള്‍ വീശി വാങ്ങിയ പാറ്റ് കമ്മിന്‍സിനായാണ് ഫ്രാഞ്ചൈസി ചുമതല നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ നിന്നും ഏകദിന ലോകകപ്പ് തൂക്കിയ മികവോടെയാണ് ഓസീസ് ക്യാപ്റ്റനായ കമ്മിന്‍സ് ഹൈദരാബാദിനേയും നയിക്കാന്‍ ഇറങ്ങുന്നത്. പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, മാർക്കോ യാൻസൻ, ഗ്ലെൻ ഫിലിപ്‌സ്, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ത്രിപാഠി, അബ്‌ദുല്‍ സമദ്, ടി നടരാജൻ, ഉമ്രാൻ മാലിക് തുടങ്ങിയവരുടെ ഫോമാണ് ടീമിന് നിര്‍ണായകമാവുക.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്ക്വാഡ് : അബ്‌ദുല്‍ സമദ്, ട്രാവിസ് ഹെഡ്, എയ്‌ഡൻ മര്‍ക്രാം, രാഹുല്‍ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, മായങ്ക് അഗര്‍വാള്‍, ഹെൻറിച്ച് ക്ലാസൻ, അൻമേല്‍പ്രീത് സിങ്, ഉപേന്ദ്ര സിങ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ, മാര്‍കോ യാൻസൻ, വാഷിങ്ടണ്‍ സുന്ദര്‍, വാനിന്ദു ഹസരംഗ, സൻവിര്‍ സിങ്, പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫറൂഖി, ഉമ്രാൻ മാലിക്, ടി നടരാജൻ, ജാതവേദ് സുബ്രഹ്മണ്യൻ, ആകാശ് സിങ്, ഷഹബാസ് അഹമ്മദ്, ജയദേവ് ഉനദ്‌ഘട്ട്, മായങ്ക് മാര്‍ക്കണ്ഡെ.