കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും തോറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഒരു റണ്‍സിനാണ് ആര്‍സിബിയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 222 റണ്‍സായിരുന്നു നേടിയിരുന്നത്.
ശ്രേയസ് അയ്യര്‍ (36 പന്തില്‍ 50 റണ്‍സ്), ഫില്‍ സാള്‍ട്ട് (14 പന്തില്‍ 48 റണ്‍സ്) എന്നിവരുടെ പ്രകടനമാണ് ടീമിന് കരുത്തായത്. മറുപടിക്ക് ഇറങ്ങിയ ബെംഗളൂരു 20 ഓവറില്‍ 221 റണ്‍സിന് പുറത്തായി. വില്‍ ജാക്‌സ് (32 പന്തില്‍ 55), രജത് പടിദാര്‍ (23 പന്തില്‍ 52) എന്നിവര്‍ ടീമിനായി അര്‍ധ സെഞ്ചുറി നേടി. അവസാന ഓവറില്‍ വിജയത്തിനായി 21 റണ്‍സായിരുന്നു ബെംഗളൂരുവിന് വേണ്ടത്.
മിച്ചല്‍ സ്റ്റാര്‍ക്കിനെ മൂന്ന് സിക്‌സറുകളടിച്ച കരണ്‍ ശര്‍മ ടീമിന് പ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം പന്തില്‍ താരത്തെ റിട്ടേണ്‍ ക്യാച്ചില്‍ മടക്കാന്‍ കഴിഞ്ഞതാണ് മത്സരത്തില്‍ വഴിത്തിരിവായത്. അവസാന പന്തില്‍ വിജയത്തിനായി മൂന്ന് റണ്‍സ് വേണമെന്നിരിക്കെ രണ്ടാം റണ്‍സിനായി ഓടവെ ലോക്കി ഫെര്‍ഗ്യൂസന്‍ റണ്ണൗട്ടായതോടെയാണ് കൊല്‍ക്കത്ത വിജയം ഉറപ്പിച്ചത്. സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ബെംഗളൂരുവിന്‍റെ ഏഴാമത്തെ തോല്‍വിയാണിത്.
ലക്ഷ്യം പിന്തുടരാനിറങ്ങിയ ബെംഗളൂരുവിനായിനായി വിരാട് കോലി ( 7 പന്തില്‍ 18) തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ഹര്‍ഷിത് റാണയുടെ റിട്ടേണ്‍ ക്യാച്ചില്‍ വീഴ്‌ത്തി. പിന്നാലെ ഫാഫ് ഡുപ്ലസിസിനെ (7 പന്തില്‍ 7) വരുണ്‍ ചക്രവര്‍ത്തിയും മടക്കി. തുടര്‍ന്ന് ഒന്നിച്ച വില്‍ ജാക്‌സും രജത് പാടിദാറും മികച്ച രീതിയില്‍ കളിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 102 റണ്‍സ് ചേര്‍ത്തിന് ശേഷമാണ് സഖ്യം പൊളിക്കാന്‍ കൊല്‍ക്കത്തയ്‌ക്ക് കഴിഞ്ഞത്.
വില്‍ ജാക്‌സിനെയും രജതിനേയും ആന്ദ്രെ റസല്‍ ഒരേ ഓവറില്‍ മടക്കി. കാമറൂണ്‍ ഗ്രീനും (4 പന്തില്‍ 6), മഹിപാല്‍ ലോംറോറും നിരാശപ്പെടുത്തി. നിര്‍ണായക ഘട്ടത്തില്‍ ദിനേശ് കാര്‍ത്തികിനെ (18 പന്തില്‍ 25) പിടിച്ചുകെട്ടാനും കൊല്‍ക്കത്തയ്‌ക്ക് കഴിഞ്ഞു. മുഹമ്മദ് സിറാജ് പുറത്താവാതെ നിന്നു.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (പ്ലേയിങ് ഇലവൻ): ഫാഫ് ഡു പ്ലെസിസ് (സി), വിരാട് കോലി, വിൽ ജാക്ക്‌സ്, രജത് പടിദാർ, കാമറൂൺ ഗ്രീൻ, ദിനേഷ് കാർത്തിക് (ഡബ്ല്യു), മഹിപാൽ ലോംറോർ, കർൺ ശർമ, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് സിറാജ്.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സബ്‌സ്: സുയാഷ് പ്രഭുദേശായി, അനൂജ് റാവത്ത്, ഹിമാൻഷു ശർമ്മ, വിജയ്കുമാർ വൈശാഖ്, സ്വപ്‌നിൽ സിങ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിങ് ഇലവൻ): ഫിലിപ്പ് സാൾട്ട്(ഡബ്ല്യു), സുനിൽ നരെയ്ൻ, അംഗ്‌കൃഷ് രഘുവംഷി, ശ്രേയസ് അയ്യർ(സി), വെങ്കിടേഷ് അയ്യർ, ആന്ദ്രെ റസൽ, റിങ്കു സിങ്, രമൺദീപ് സിങ്, മിച്ചൽ സ്‌റ്റാർക്ക്, വരുൺ ചക്രവർത്തി, ഹർഷിത് റാണ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സബ്‌സ്: സുയാഷ് ശർമ, അനുകുൽ റോയ്, മനീഷ് പാണ്ഡെ, വൈഭവ് അറോറ, റഹ്മാനുള്ള ഗുർബാസ്.