മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ വെടിക്കെട്ട് പ്രടനമായിരുന്നു മുംബൈ ഇന്ത്യന്‍സിനായി ഇഷാന്‍ കിഷന്‍ നടത്തിയത്. 34 പന്തുകളില്‍ നിന്നും 69 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. ഏഴ് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു 25-കാരന്‍റെ മിന്നും പ്രകടനം.
ഇതോടെ മുംബൈ ഇന്ത്യന്‍സിന്‍റെ ഒരു വമ്പന്‍ എലൈറ്റ് ലിസ്റ്റില്‍ തന്‍റെ പേര് ചേര്‍ക്കാനും ഇഷാന്‍ കിഷന് കഴിഞ്ഞു. ഐപിഎല്ലില്‍ മുംബൈക്കായി 100 സിക്‌സറുകള്‍ നേടുന്ന നാലാമത്തെ മാത്രം താരമാണ് ഇഷാന്‍ കിഷന്‍. 80 മത്സരങ്ങളില്‍ നിന്നും 102 സിക്‌സറുകളാണ് നിലവില്‍ ഇഷാന്‍റെ അക്കൗണ്ടിലുള്ളത്.
കിറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇഷാന് മുന്നെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 189 മത്സരങ്ങളില്‍ നിന്നും 223 സിക്‌സുകളടിച്ച പൊള്ളാര്‍ഡാണ് പട്ടികയില്‍ തലപ്പത്തുള്ളത്. 203 മത്സരങ്ങളില്‍ നിന്നും 216 സിക്‌സുകളാണ് രോഹിത് പറത്തിയിട്ടുള്ളത്. 97 മത്സരങ്ങളില്‍ നിന്നും 104 സിക്‌സറുകളാണ് ഹാര്‍ദിക്കിന്‍റെ സമ്പാദ്യം. ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് 87 മത്സരങ്ങളില്‍ നിന്നും 95 സിക്‌സറുകളടിച്ചിട്ടുണ്ട്. ഇനി അഞ്ച് സിക്‌സറുകള്‍ കൂടെ നേടിയാല്‍ സൂര്യയ്‌ക്കും പട്ടികയില്‍ തന്‍റെ പേര് ചേര്‍ക്കാം.
അതേസമയം മത്സരത്തില്‍ ആര്‍സിബിയെ ഏഴ് വിക്കറ്റുകള്‍ക്ക് മുംബൈ തോല്‍പ്പിച്ചിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബിക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സായിരുന്നു നേടാന്‍ കഴിഞ്ഞത്. 40 പന്തില്‍ 61 റണ്‍സ് അടിച്ച ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ടോപ് സ്‌കോററായപ്പോള്‍ 23 പന്തില്‍ പുറത്താവാതെ 53 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്, 26 പന്തില്‍ 50 റണ്‍സടിച്ച രജത് പടിദാര്‍ എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.
മറുപടിക്ക് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 15.3 ഓവറില്‍ 199 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് ഇഷാനും രോഹിത്തും നല്‍കിയത്. ആദ്യ വിക്കറ്റില്‍ 101 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. ഇഷാന്‍ വീണതോടെയാണ് കൂട്ടുകെട്ട് പിരിയുന്നത്.
തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് അടിച്ച് കളിച്ചതോടെ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമായി. രോഹിത്തും (24 പന്തില്‍ 38), സൂര്യയും (19 പന്തില്‍ 52) മടങ്ങിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയും (6 പന്തില്‍ 21*), തിലക് വര്‍മയും (10 പന്തില്‍ 16*) ടീമിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു.