വിശാഖപട്ടണം: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ തോല്‍വി. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ റിഷഭ് പന്തിന്‍റെ ഡല്‍ഹി കാപിറ്റല്‍സ് 20 റണ്‍സിനാണ് ചെന്നൈയെ തകര്‍ത്തത്. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയുടെ പോരാട്ടം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സില്‍ അവസാനിച്ചു.
സീസണില്‍ ചെന്നൈ മുൻ നായകൻ എംഎസ് ധോണി ആദ്യമായി ബാറ്റ് ചെയ്യാനെത്തിയ മത്സരം കൂടിയായിരുന്നു ഇത്. എട്ടാമനായി ക്രീസിലെത്തിയ ധോണി പുറത്താകാതെ 16 പന്തില്‍ 37 റണ്‍സാണ് അടിച്ചുകൂട്ടിയത്. മൂന്ന് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്‌സ്.
ഡല്‍ഹിക്കായി മുകേഷ് കുമാര്‍ മൂന്നും ഖലീല്‍ അഹമ്മദ് രണ്ടും വിക്കറ്റ് വീഴ്‌ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത കാപിറ്റല്‍സ് ഡേവിഡ് വാര്‍ണര്‍ (52), ക്യാപ്‌റ്റൻ റിഷഭ് പന്ത് (51), പൃഥ്വി ഷാ (43) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് മികച്ച സ്കേറിലേക്ക് എത്തിയത്. സൂപ്പര്‍ കിങ്‌സിന് വേണ്ടി മതീഷ പതിരണ മൂന്ന് വിക്കറ്റും മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു.
192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍മാരെ നഷ്‌ടമായി. റിതുരാജ് ഗെയ്‌ക്‌വാദ് (1), രചിൻ രവീന്ദ്ര (2) എന്നിവര്‍ പുറത്താകുമ്പോള്‍ 2.5 ഓവറില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു ചെന്നൈ സ്കോര്‍ ബോര്‍ഡില്‍.
പിന്നീട്, അജിങ്ക്യ രഹാനെയുടെയും ഡാരില്‍ മിച്ചലിന്‍റെയും രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 50 കടത്തി. മൂന്നാം വിക്കറ്റില്‍ 68 റണ്‍സായിരുന്നു സഖ്യം കൂട്ടിച്ചേര്‍ത്തത്.
പത്താം ഓവറിലെ രണ്ടാം പന്തില്‍ ഡാരില്‍ മിച്ചലിനെ (34) പുറത്താക്കി അക്‌സര്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ, 14-ാം ഓവറില്‍ മുകേഷ് കുമാറിന്‍റെ ഇരട്ടപ്രഹരം. ഓവറിലെ മൂന്നാം പന്തില്‍ അജിങ്ക്യ രഹാനെയും (45), അടുത്ത പന്തില്‍ തന്നെ സമീര്‍ റിസ്‌വിയും പുറത്ത്. ഇംപാക്‌ട് പ്ലെയറായെത്തിയ ദുബെയുടെ (17) വിക്കറ്റും അടുത്ത ഓവറില്‍ മുകേഷ് കുമാര്‍ സ്വന്തമാക്കി.
പിന്നാലെ ക്രീസിലേക്ക് എത്തിയ എംഎസ് ധോണി രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് വമ്പൻ ഷോട്ടുകള്‍ പായിച്ചെങ്കിലും ചെന്നൈയെ ജയത്തിലേക്ക് എത്തിക്കാൻ അത് പോരായിരുന്നില്ല. 17 പന്തില്‍ 21 റണ്‍സുമായി ജഡേജയും ധോണിക്കൊപ്പം പുറത്താകാതെ നിന്നെങ്കിലും ഡല്‍ഹി 20 റണ്‍സ് അകലെ ജയം സ്വന്തമാക്കി. സീസണില്‍ ഡല്‍ഹിയുടെ ആദ്യ ജയം കൂടിയായിരുന്നു ഇത്.
Also Read : രണ്ടാം ജയവുമായി ഗുജറാത്ത്; ഹൈദരാബാദിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന് - Titans Beat Sunrisers