ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League) 17-ാം പതിപ്പിന് ഇന്ന് തുടക്കം. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും (Chennai Super Kings) റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (Royal Challengers Bengaluru) തമ്മിലാണ് പോര്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക.
സീസണില്‍ ആദ്യ മത്സരത്തില്‍ തന്നെ എംഎസ് ധോണിയും (MS Dhoni) വിരാട് കോലിയും (Virat Kohli) നേര്‍ക്കുനേര്‍ എത്തുന്നത് ആരാധകരുടെ ആവേശം കൂട്ടും. സീസണിന് (IPL 2024) തൊട്ടുമുമ്പ് നായകസ്ഥാനത്ത് നിന്നും ധോണി പടിയിറങ്ങിയതോടെ യുവതാരം റുതുരാജ് ഗെയ്‌ക്‌വാദിന് കീഴിലാണ് ചെന്നൈ കളിക്കുന്നത്. ധോണിയുടെ അവസാന സീസണ്‍ ആയേക്കാം ഇതെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം തന്നെ സജീവമാണ്.
പുതിയ പേരില്‍ കന്നി കിരീടത്തിന് ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്ന ആര്‍സിബിയ്‌ക്ക് നേതൃത്വം നല്‍കുന്നത് ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസാണ്. പ്രഥമ സീസണ്‍ തൊട്ട് ഐപിഎല്ലിന്‍റെ ഭാഗമായ ടീമാണ് ആര്‍സിബി. കഴിഞ്ഞ 16 സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്ന പേരിലായിരുന്നു ടീം കളിച്ചത്. 2014-ല്‍ ബാംഗ്ലൂര്‍ നഗരത്തിന്‍റെ പേര് സര്‍ക്കാര്‍ ബെംഗളൂരു എന്ന് മാറ്റിയെങ്കിലും തങ്ങളുടെ പേരില്‍ മാറ്റം വരുത്താന്‍ ആര്‍സിബി തയ്യാറായിരുന്നില്ല.
എന്നാല്‍ പുത്തന്‍ പ്രതീക്ഷയില്‍ ഇക്കുറി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവായാണ് ടീം കളത്തിലേക്ക് ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ 'ഹോം കമിങ്', ക്യാപ്റ്റന്‍സി ഭാരമില്ലാതെ രോഹിത് ശര്‍മ, കളിക്കളത്തിലേക്ക് റിഷഭ് പന്തിന്‍റെ രണ്ടാം വരവ് തുടങ്ങിയവയും ഐപിഎല്‍ 2024-ന്‍റെ പ്രത്യേകതകളാണ്.
കോടികള്‍ സമ്മാനം : ഐപിഎല്‍ പ്രഥമ പതിപ്പുമുതല്‍ കളിക്കളത്തില്‍ വീറും വാശിയും ഏറുന്നതിനൊപ്പം സമ്മാനത്തുകയും ഉയരുന്നുണ്ട്. ഐപിഎല്‍ 2008-ല്‍ 4.8 കോടി രൂപയായിരുന്നു വിജയികൾക്ക് നൽകിയത്. രണ്ടാം സ്ഥാനക്കാര്‍ക്കാവട്ടെ 2.4 കോടി രൂപയായിരുന്നു സമ്മാനം.
എന്നാല്‍ പുതിയ സീസണില്‍ ചാമ്പ്യന്മാര്‍ക്ക് ലഭിക്കുക 20 കോടിയാണ്. രണ്ടാം സ്ഥാനക്കാര്‍ക്ക് 13 കോടി രൂപ ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് 7 കോടിയും നാലാം സ്ഥാനക്കാര്‍ക്ക് 6.5 കോടി രൂപയുമാണ് കിട്ടുക. സീസണില്‍ സമ്മാനത്തുകയായി ആകെ 46.5 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
ALSO READ: അവന്‍റെ കഴിവറിയാന്‍ ഐപിഎല്ലില്‍ തിളങ്ങേണ്ടതുണ്ടോ? ; കോലിയ്‌ക്കായി വാദിച്ച് മുന്‍ ചീഫ് സെലക്‌ടര്‍
മത്സരങ്ങള്‍ കാണാന്‍ : സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഐപിഎല്‍ മത്സരങ്ങള്‍ ടെലിവിഷനിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. ഓണ്‍ലൈനായി ജിയോ സിനിമ വെബ്‌സൈറ്റും ആപ്ലിക്കേഷനും വഴിയാണ് ലൈവ് സ്‌ട്രീമിങ്.
രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇക്കുറി ഐപിഎല്‍ അരങ്ങേറുന്നത്. ആദ്യ ഘട്ടത്തില്‍ നടക്കുന്ന 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് നിലവില്‍ പുറത്തുവന്നിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ടാം ഘട്ട മത്സരക്രമം വൈകാതെ തന്നെ അധികൃതര്‍ പുറത്തുവിട്ടേക്കും.