മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണിനായി അരയും തലയും മുറുക്കി ഒരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ് (Mumbai Indians). തങ്ങളുടെ കഴിവുകളോരോന്നും ഒരിക്കല്‍ കൂടി തേച്ചുമിനുക്കുന്നവരുടെ കൂട്ടത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുമുണ്ട് (Arjun Tendulkar). ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗയ്‌ക്ക് (Lasith Malinga) കീഴിലാണ് അര്‍ജുന്‍ ബോളിങ് പരിശീലനം നടത്തുന്നത്. നെറ്റ്‌സില്‍ എതിരെ നില്‍ക്കുന്ന ബാറ്റര്‍മാരുടെ മുട്ടിടിപ്പിക്കുന്ന പന്തുകളാണ് ഇടങ്കയ്യന്‍ പേസറായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എറിയുന്നത്.
അര്‍ജുന്‍റെ തീ പാറുന്ന യോര്‍ക്കറിന് മുന്നില്‍ അടിതെറ്റി നിലത്തുവീഴുന്ന നെഹാല്‍ വധേരയുടെ ദൃശ്യം മുംബൈ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. മറ്റൊരു പന്തില്‍ പരിക്കേല്‍ക്കാതെ കഷ്‌ടിച്ചാണ് നെഹാല്‍ രക്ഷപ്പെടുന്നത്. 24-കാരനായ അര്‍ജുന്‍റെ പ്രകടനം വരും സീസണില്‍ മുംബൈക്ക് മുതല്‍ക്കൂട്ടാവുമെന്ന് തന്നെ കരുതാം. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്‌ക്കായി കളിച്ച അര്‍ജുന്‍ ഓള്‍റൗണ്ടിങ് മികവ് പുറത്തെടുത്തിരുന്നു.
അതിനാല്‍ തന്നെ പുതിയ സീസണില്‍ താരത്തിന് കൂടുതല്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ഏറെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ കഴിഞ്ഞ സീസണില്‍ ഐപിഎല്‍ അരങ്ങേറ്റം നടത്താന്‍ അര്‍ജുന് കഴിഞ്ഞിരുന്നു. നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് വിക്കറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. ഒരു ഇന്നിങ്‌സില്‍ ബാറ്റ് ചെയ്‌ത് 13 റണ്‍സും കണ്ടെത്തി.
അതേസമയം മാര്‍ച്ച് 22-ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ 24-നാണ് മുംബൈ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളി. കഴിഞ്ഞ സീസണില്‍ ഗുജറാത്തിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇക്കുറി മുംബൈയുടെ നായകന്‍. അഞ്ച് കിരീടങ്ങള്‍ നേടിത്തന്ന രോഹിത് ശര്‍മയെ മാറ്റിയാണ് മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത്.
തീരുമാനത്തിനെതിരെ ആരാധകര്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതോടെ ഭാവി മുന്നില്‍ കണ്ടാണ് ഹാര്‍ദിക്കിനെ നായകനാക്കിയതെന്ന് പലകുറിയാണ് മാനേജ്‌മെന്‍റിന് ആവര്‍ത്തിക്കേണ്ടി വന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഹാര്‍ദിക്. കഴിഞ്ഞ സീസണില്‍ ടീമില്‍ രണ്ടാം സ്ഥാനത്തേക്കും എത്തിക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നു.
ALSO READ: റിങ്കുവിന്‍റെ സിക്‌സ് കുട്ടിക്രിക്കറ്ററുടെ തലയില്‍; പിന്നെ മാപ്പ് പറച്ചിലും സമ്മാനവും- വീഡിയോ
മുംബൈ സ്‌ക്വാഡ് : രോഹിത് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ (ഡബ്ല്യുകെ), തിലക് വർമ്മ, നെഹാൽ വധേര, വിഷ്‌ണു വിനോദ് (ഡബ്ല്യുകെ), ശിവാലിക് ശർമ, അർജുൻ ടെണ്ടുൽക്കർ, ഷംസ് മുലാനി, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ഹാർദിക് പാണ്ഡ്യ (സി), നമൻ ധിർ, മുഹമ്മദ് നബി, അൻഷുൽ കംബോജ്, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ശ്രേയസ് ഗോപാൽ, ജസ്പ്രീത് ബുംറ, ആകാശ് മധ്വാൾ, ജേസൺ ബെഹ്‌റൻഡോർഫ്, ജെറാൾഡ് കോറ്റ്‌സി, ദിൽഷൻ മധുശങ്ക, നുവാൻ തുഷാര.