പാരിസ് : പാരിസ് ഒളിമ്പിക്‌സില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. മന്‍പ്രീത് സിങ്ങിന്‍റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യയ്‌ക്ക് നാളെ (27-07-2024) നടക്കുന്ന ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡാണ് എതിരാളി. രണ്ടാഴ്‌ച മുമ്പ് യൂറോപ്പിലെത്തിയ ഇന്ത്യൻ ടീം, സ്വിറ്റ്‌സർലൻഡിൽ 3 ദിവസത്തെ മാനസികാരോഗ്യ ക്യാമ്പ് പൂര്‍ത്തിയാക്കി. മലേഷ്യ, നെതർലാൻഡ്‌സ്, ജർമ്മനി, ഗ്രേറ്റ് ബ്രിട്ടൻ എന്നിവയ്‌ക്കെതിരെ പരിശീലന മത്സരങ്ങളും കളിച്ചു.
നിലവിലെ ഒളിമ്പിക് ചാമ്പ്യൻമാരായ ബെൽജിയം, അർജന്‍റീന, ഓസ്‌ട്രേലിയ, അയർലൻഡ്, ന്യൂസിലാൻഡ് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ചെയ്‌തിരിക്കുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിക്കേണ്ടതുണ്ടെന്ന് ഹർമൻപ്രീത് സിങ് പറഞ്ഞു. 'പാരിസിൽ എത്തുന്നതിന് മുമ്പ് ഞങ്ങൾക്ക് ചില നല്ല പരിശീലന മത്സരങ്ങൾ ഉണ്ടായിരുന്നു. സ്വിറ്റ്സർലൻഡിലെ ഒരു യൂണിറ്റ് എന്ന നിലയിലുള്ള അനുഭവം വ്യത്യസ്‌തമായിരുന്നു. മുൻകാലങ്ങളിൽ ഞങ്ങൾ ചെയ്‌തതുപോലെ ഒന്നായിരുന്നില്ല അത്. ഞങ്ങളുടെ കാമ്പെയ്ൻ ആരംഭിക്കുന്നതിന് മാനസികമായും ശാരീരികമായും ഞങ്ങള്‍ തയാറാണ്'- ക്യാപ്‌റ്റന്‍ ഹർമൻപ്രീത് സിങ് പറഞ്ഞു.
'ഗെയിംസ് വില്ലേജിലെ അന്തരീക്ഷം വളരെ മികച്ചതാണ്. ഞങ്ങളുടെ ഇന്ത്യൻ സംഘത്തിൽ നിന്നുള്ള അത്‌ലറ്റുകളെ കണ്ടു. സ്വന്തം സംഘത്തിനുള്ളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന പിന്തുണ വളരെ സന്തോഷം തരുന്നതാണ്. നന്നായി പ്രവർത്തിക്കാൻ ഞങ്ങളെ ഇത് കൂടുതൽ പ്രചോദിപ്പിക്കുന്നു.'- ഹർമൻപ്രീത് കൂട്ടിച്ചേർത്തു.
ന്യൂസിലൻഡ് ഇന്ത്യയ്ക്ക് ശക്തമായ എതിരാളിയാണെന്ന് ഹർമൻപ്രീത് പറഞ്ഞു. കഴിഞ്ഞ വർഷം ഭുവനേശ്വറിൽ നടന്ന ലോകകപ്പിലെ അവരുടെ പ്രകടനം ഒരു ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഞങ്ങൾ എല്ലായപ്പോഴും ന്യൂസിലൻഡിനെ ശക്തമായ ഒരു എതിരാളിയായി ആണ് കാണുന്നത്. ഞങ്ങളുടെ ടീം ബ്രീഫുകളിൽ ഈ ടീമിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്‌തിട്ടുണ്ട്. അതിനാൽ ഞങ്ങൾക്ക് ഒരു ഘട്ടത്തിലും ആക്കം കുറയ്ക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം. കളി നന്നായി തുടങ്ങുകയും ആ സമ്മർദ്ദം നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.' അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷം ഒടുവിൽ വന്നിരിക്കുന്നു എന്നാണ് വൈസ് ക്യാപ്റ്റൻ ഹാർദിക് സിങ് പ്രതികരിച്ചത്. തീര്‍ച്ചയായും ചില അസ്വസ്ഥതകളും ഉണ്ട്. അത് ഏത് വലിയ മത്സരത്തിനും മുമ്പായി എപ്പോഴും ഉണ്ടാകുന്നതാണെന്നും ഹാർദിക് സിങ് പറഞ്ഞു.
'ഒളിമ്പിക് ഗെയിംസ് പോലുള്ള ഒരു ഇവന്‍റിന്‍റെ സമ്മർദ്ദത്തെ നേരിടാൻ ഞങ്ങൾ പഠിച്ചുകഴിഞ്ഞു. ഞങ്ങളുടെ മെഡലിന്‍റെ നിറത്തില്‍ മാറ്റം വരുത്താനുള്ള ഒരു ദൗത്യത്തിലാണ്. പാരീസിൽ മെഡലിനായി മറ്റു ടീമുകൾകളോട് കഠിനമായ മത്സരം ഞങ്ങള്‍ക്കും നടത്തേണ്ടതുണ്ട്.'- അദ്ദേഹം പറഞ്ഞു.
ഇന്ത്യ- ന്യൂസിലന്‍ഡ് ഹോക്കി മത്സരം Sports18, JioCinema എന്നിവയിൽ തത്സമയം കാണാം. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ 41 വർഷങ്ങൾ നീണ്ട കിരീട വരള്‍ച്ചയായിരുന്നു ടീം ടോക്കിയോയില്‍ അവസാനിപ്പിച്ചത്. ഇക്കുറിയും ഇന്ത്യയുടെ ഗോള്‍ മുഖം കാക്കാന്‍ മലയാളി താരം ശ്രീജേഷ് ടീമിലുണ്ട്. ഒളിമ്പിക്‌സോടെ ഹോക്കിയില്‍ നിന്നും വിരമിക്കുമെന്ന് താരം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.