ന്യൂഡൽഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്‍റെ ജീവചരിത്ര സിനിമ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മഹേന്ദ്രസിങ് ധോണിയായി സുശാന്ത് സിങ്, മിൽഖാ സിങ്ങായി ഫർഹാൻ അക്തർ, മേരി കോം ആയി പ്രിയങ്ക ചോപ്ര എന്നിവരൊക്കെ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയവരാണ്. യുവരാജ് സിങ്ങിന്‍റെ വാര്‍ത്തയും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിന്‍റെ ജീവിതം സിനിമയാകുമ്പോള്‍ ആരായിരിക്കും നായകന്‍? കായിക പ്രേമികള്‍ ഒന്നടങ്കം കേള്‍ക്കാന്‍ ആഗ്രഹിച്ച ചോദ്യത്തിന്‍റെ ഉത്തരം താരത്തിന്‍റെ അടുത്ത് നിന്ന് തന്നെ വന്നു. നല്ല പ്രതിഫലം തരുകയാണെങ്കില്‍ താന്‍ തന്നെ ആ വേഷം ചെയ്യാമെന്നായിരുന്നു താരത്തിന്‍റെ രസകരമായ മറുപടി. കഴിഞ്ഞ ദിവസം നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് ദാന ചടങ്ങിലായിരുന്നു മുന്‍ ഇന്ത്യന്‍ പരിശീലകനുകൂടിയായ ദ്രാവിഡിന്‍റെ സദസിനെ ചിരിയിലാഴ്‌ത്തിയ മറുപടി. ചടങ്ങിൽ താരത്തിനെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് നൽകി ആദരിച്ചു.
26-ാമത് അവാർഡ് പതിപ്പിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച ക്രിക്കറ്റ് താരങ്ങളെയും കായിക താരങ്ങളെയും ആദരിച്ചു. പുരുഷന്മാരുടെ T20I ബാറ്റ്‌സ്‌മാൻ ഓഫ് ദ ഇയർ ആയി ഫിൽ സാൾട്ടും പുരുഷ T20I ബോളർ ഓഫ് ദ ഇയർ ആയി ടിം സൗത്തിയും തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ ഏകദിന ബാറ്റ്‌സ്‌മാൻ പട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കിയപ്പോൾ മുഹമ്മദ് ഷമി പുരുഷ ഏകദിന ബൗളർ ഓഫ് ദ ഇയർ പട്ടം സ്വന്തമാക്കി.
Also Read: ഡയമണ്ട് ലീഗിൽ തിളങ്ങി നീരജ്; രണ്ടാമതെത്തി താരം, എറിഞ്ഞത് 89.49 മീറ്റർ - Diamond League