ഹരാരെ: സിംബാബ്‌വേയുമായുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേരിട്ട കനത്ത തോല്‍വിക്ക് പകരം വീട്ടി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. അഭിഷേക് ശര്‍മയാണ് ഇന്ത്യക്ക് വേണ്ടി സ്‌കോര്‍ അടിച്ചുകൂട്ടിയത്. സെഞ്ചുറിയോടെയാണ് അഭിഷേക് ശര്‍മ ക്രീസില്‍ നിന്ന് മടങ്ങിയത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്ക് വേണ്ടി റിങ്കു സിങ്, ഋതുരാജ് ഗെയ്ക്ക്‌വാദ് എന്നിവരും സ്‌കോര്‍ ഉയര്‍ത്തി. ആവേശ് ഖാന്‍ സിംബാബ്‌വെയുടെ മൂന്ന് വിക്കറ്റും വീഴ്ത്തി.
47 പന്തില്‍ എട്ട് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 100 റണ്‍സെടുത്താണ് അഭിഷേക് ശര്‍മ കളം വിട്ടത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോഡും അഭിഷേക് സ്വന്തം പേരിലാക്കി.
47 പന്തില്‍ ഒരു സിക്‌സും 11 ഫോറും സഹിതം 77 നേടി ഋതുരാജ് ഗെയ്ക്ക്‌വാദ് പുറത്താകാതെ നിന്നു. 22 പന്തില്‍ 48 റണ്‍സ് നേടിയ റിങ്കു സിങ്ങും ഗെയ്ക്ക്‌വാദിനൊപ്പം ക്രീസില്‍ നിന്നു.കഴിഞ്ഞ കളിയിലെ ടോപ് സ്‌കോറര്‍ ശുഭ്‌മാന്‍ ഗില്ലിന് മാത്രമാണ് കാര്യമായി ഒന്നും ചെയ്യാനാകാഞ്ഞത്.