ന്യൂയോര്‍ക്ക് : നാസോ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കത്തില്‍ പതറിയ ശേഷം യുഎസിനോട് ജയം പിടിച്ച് ടീം ഇന്ത്യ. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത യുഎസ്‌എ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 110 റണ്‍സാണ് നേടിയത്.
111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 10 പന്ത് ശേഷിക്കെ ജയത്തിലെത്തുകയായിരുന്നു. 39-3 എന്ന നിലയില്‍ പതറിയ ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത് സൂര്യകുമാര്‍ യാദവ്-ശിവം ദുബെ സഖ്യത്തിന്‍റെ നാലാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടായിരുന്നു. സൂര്യകുമാര്‍ യാദവ് 50 റണ്‍സും ദുബെ 31 റണ്‍സും നേടി പുറത്താകാതെ നിന്നു.
പുതിയ ഓവര്‍ ആരംഭിക്കുന്നത് മൂന്ന് തവണ 60 സെക്കൻഡില്‍ കൂടുതല്‍ എടുത്തതുകൊണ്ട് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് അഞ്ച് റണ്‍സ് പെനാല്‍റ്റിയായി ലഭിക്കുകയും ചെയ്‌തു. അവസാന അഞ്ച് ഓവറില്‍ 35 റണ്‍സ് വേണമെന്നിരിക്കെയാണ് ഇതുണ്ടായത്. ജയത്തോടെ ഗ്രൂപ്പ് എ-യില്‍ നിന്നും സൂപ്പര്‍ എട്ടിലേക്ക് മുന്നേറുന്ന ആദ്യ ടീമായി ഇന്ത്യ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. ഇന്നിങ്സിന്‍റെ രണ്ടാം പന്തില്‍ വിരാട് കോലിയെ (0) നഷ്‌ടപ്പെട്ടു. ലോകകപ്പിലെ മൂന്നാം മത്സരത്തിലും താളം കണ്ടെത്താനാകാതെ പോയ കോലി സൗരഭ് നേത്രവാല്‍ക്കറിനെതിരെ നേരിട്ട ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹര്‍മീത് സിങ്ങിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
മൂന്നാം ഓവറില്‍ ക്യാപ്‌റ്റൻ രോഹിത് ശര്‍മയും പുറത്തായി. 6 പന്തില്‍ മൂന്ന് റണ്‍സായിരുന്നു ഇന്ത്യൻ നായകന്‍റെ സമ്പാദ്യം. നേത്രവാല്‍ക്കറാണ് രോഹിതിനെയും വീഴ്‌ത്തിയത്. ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് നേടി.
പീന്നീട് ക്രീസില്‍ ഒന്നിച്ച റിഷഭ് പന്ത് - സൂര്യകുമാര്‍ യാദവ് സഖ്യം പവര്‍ പ്ലേയില്‍ വിക്കറ്റ് പോകാതെ കാത്തു. എട്ടാം ഓവര്‍ പന്തെറിയാനെത്തിയ അലി ഖാൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ (20 പന്തില്‍ 18) ക്ലീൻ ബൗള്‍ഡാക്കിക്കൊണ്ടാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. തുടര്‍ന്നായിരുന്നു സൂര്യയും ദുബെയും ചേര്‍ന്ന് മത്സരം ഇന്ത്യയ്‌ക്കായി തിരിച്ചുപിടിച്ചത്.
ഇരുവരവും കരുതലോടെ മത്സരത്തില്‍ ബാറ്റേന്തി. 49 പന്ത് നേരിട്ട സൂര്യ കുമാര്‍ യാദവ് രണ്ട് വീതം സിക്‌സും ഫോറും അടിച്ചാണ് പുറത്താകാതെ 50 റണ്‍സ് നേടിയത്. ഒരു ഫോറും സിക്‌സും അടങ്ങിയതായിരുന്നു ദുബെയുടെ 35 പന്തിലെ 31 റണ്‍സ് പ്രകടനം.
അര്‍ഷ്‌ദീപ് സിങ്ങിന്‍റെ മാരക ബൗളിങ് പ്രകടനമായിരുന്നു മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ യുഎസിനെ 110 റണ്‍സില്‍ ഒതുക്കിയത്. മത്സരത്തില്‍ 4 ഓവര്‍ പന്തെറിഞ്ഞ താരം 9 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് വീഴ്‌ത്തിയത്.
23 പന്തില്‍ 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്‍റെ ടോപ് സ്കോറര്‍. സ്റ്റീവൻ ടെയ്‌ലര്‍ 30 പന്തില്‍ 24 റണ്‍സ് നേടി. ഷയാന്‍ ജഹാംഗീര്‍ (0), ആൻഡ്രിസ് ഗൂസ് (2), ആരോണ്‍ ജോൺസ് (11), കോറി ആൻഡേഴ്‌സണ്‍ (15), ഹര്‍മീത് സിങ് (10), ഷാഡ്‌ലി വാൻ സ്ക്വാല്‍ക്‌വിക്ക് (11*), ജസ്‌ദീപ് സിങ് (2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.