കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് ഇറങ്ങും. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തില്‍ ലങ്കയില്‍ ടി20 പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയ ടീമിലെ ഏതാനും താരങ്ങള്‍ മാത്രമാണ് ഏകദിന സ്ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, റിങ്കു സിങ്, രവി ബിഷ്‌ണോയ് എന്നിവരാണ് ഏകദിന സ്ക്വാഡില്‍ ഇല്ലാത്തത്. സീനിയര്‍ താരങ്ങളായ ക്യാപ്‌റ്റൻ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ഏകദിന ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് മത്സരം. ഏകദിന ലോകകപ്പ് ഫൈനലായിരുന്നു ഈ ഫോര്‍മാറ്റില്‍ ഇരുവരും അവസാനമായി ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ച മത്സരം.
T20I Series ✅
— BCCI (@BCCI) August 1, 2024
It's now time for ODIs 😎🙌#TeamIndia | #SLvIND pic.twitter.com/FolAVEn3OG
ചാമ്പ്യൻസ് ട്രോഫി മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യ ആരംഭിക്കുന്ന പരമ്പര കൂടിയാകും ഇത്. അതുകൊണ്ട് തന്നെ ഓരോ സ്ഥാനങ്ങളിലും താരങ്ങളുടെ പ്രകടനങ്ങള്‍ ഏറെ നിര്‍ണായകമാകും.
ക്യാപ്‌റ്റൻ രോഹിത് ശര്‍മ, വൈസ് ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്‍ സഖ്യം തന്നെയാകും മത്സരത്തില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ വിരാട് കോലിയും ക്രീസിലേക്ക് എത്തും. പിന്നാലെ, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരാകും ടീമിലേക്ക് എത്തുക.
റിഷഭ് പന്ത്, റിയാൻ പരാഗ്, ശിവം ദുബെ എന്നിവരില്‍ ഒരാള്‍ക്കായിരിക്കാം ഫിനിഷര്‍ റോള്‍ ലഭിക്കുക. വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലിനെ പരിഗണിച്ചാല്‍ റിയാൻ പരാഗിനാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ സാധ്യത. രവീന്ദ്ര ജഡേജ ഇല്ലാത്ത സാഹചര്യത്തില്‍ സ്പിൻ ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേല്‍ ടീമിലേക്ക് എത്തിയേക്കാം.
Inching closer to ODI 1⃣ ⌛️#TeamIndia | #SLvIND pic.twitter.com/XqQsU6AbEa
— BCCI (@BCCI) July 31, 2024
കുല്‍ദീപ് യാദവായിരിക്കും ടീമിലെ മറ്റൊരു സ്‌പിന്നര്‍. ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ഹര്‍ഷിത് റാണ, അര്‍ഷ്‌ദീപ് സിങ് എന്നിവരായിരിക്കും പേസ് ബൗളര്‍മാരായി ടീമില്‍ സ്ഥാനം കണ്ടെത്തുക.
ഇന്ത്യ സാധ്യത പ്ലേയിങ് ഇലവൻ: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്/റിയാൻ പരാഗ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്‌ദീപ് സിങ്, ഹര്‍ഷിത് റാണ.
Also Read: പാകിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ ടീം റെഡി; ഈ കാര്യം കൂടി അനുകൂലമാകണമെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ്