ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കായി സെഞ്ചുറി തികച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit Sharma) ശുഭ്‌മാന്‍ ഗില്ലും (Shubman Gill). രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍ കളിക്കാന്‍ ഇറങ്ങിയ ഇന്ത്യ, ലഞ്ചിന് പിരിയുമ്പോള്‍ മറ്റ് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്താതെ 264 റണ്‍സിലേക്ക് എത്തിയിട്ടുണ്ട് (India vs England 5th Test Live Score). രോഹിത് ശര്‍മയും (102) ശുഭ്‌മാന്‍ ഗില്ലുമാണ് (101) ക്രീസില്‍ തുടരുന്നത്.
ഇംഗ്ലീഷ് ബോളര്‍മാര്‍ക്കെതിരെ തെളിഞ്ഞും പതിഞ്ഞും കളിച്ച ഇരുവരും മികച്ച രീതിയിലാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. നിലവില്‍ 160 റണ്‍സാണ് രോഹിത്- ഗില്‍ സഖ്യം ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 218 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെ ഇന്ത്യയ്‌ക്ക് നിലവില്‍ 46 റണ്‍സിന്‍റെ ലീഡുണ്ട്.
ടെസ്റ്റില്‍ തന്‍റെ 12-ാം സെഞ്ചുറിയിലേക്ക് എത്താന്‍ ഹിറ്റ്‌മാന് 154 പന്തുകളാണ് വേണ്ടി വന്നത്. ഗില്ലാവട്ടെ 137 പന്തുകളില്‍ നിന്നുമാണ് മൂന്നക്കത്തിലേക്ക് എത്തിയത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് പരമ്പരയിലെ രണ്ടാം സെഞ്ചുറിയുമായി ഗില്‍ ഇക്കൂട്ടര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ സ്‌പിന്നര്‍മാരാണ് ഒതുക്കിയത്. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും ആര്‍ അശ്വിന്‍ നാല് വിക്കറ്റുകളുമായി തിളങ്ങി. രവീന്ദ്ര ജഡേജയ്‌ക്ക് ഒരു വിക്കറ്റുണ്ട്.
ഓപ്പണര്‍ സാക്ക് ക്രാവ്‌ലിയ്‌ക്ക് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. 108 പന്തുകളില്‍ 79 റണ്‍സായിരുന്നു താരം നേടിയത്. ആദ്യ വിക്കറ്റില്‍ 64 റണ്‍സ് ചേര്‍ത്ത് ഓപ്പണര്‍മാരായ സാക്ക് ക്രാവ്‌ലിയും ബെൻ ഡക്കറ്റും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് നല്‍കിയത്. ബെൻ ഡക്കറ്റിനെ (27) വീഴ്‌ത്തി കുല്‍ദീപ് യാദവാണ് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്.
പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റുകള്‍ നഷ്‌ടമായി. ഒല്ലി പോപ്പി (11), ജോ റൂട്ട് (26), ജോണി ബെയര്‍ സ്റ്റോ (29), ബെന്‍ സ്റ്റോക്‌സ് (0), ടോം ഹാര്‍ട്‌ലി (6), മാര്‍ക്ക് വുഡ് (0), ബെന്‍ ഫോക്‌സ് (24), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
ഇന്ത്യ പ്ലെയിങ് ഇലവൻ : രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാൻ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ (India Playing XI For 5th Test).
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ: ബെൻ ഡക്കറ്റ്, സാക്ക് ക്രാവ്‌ലി, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാർട്‌ലി, ഷൊയ്‌ബ് ബഷീർ, മാർക് വുഡ്, ജെയിംസ് ആൻഡേഴ്‌സൺ (England Playing XI For 5th Test).