ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ (India vs England 5th Test) രണ്ടാം ദിനം 255 റണ്‍സിന്‍റെ തകര്‍പ്പന്‍ ലീഡോടെ അവസാനിപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നേടിയ 218 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ആതിഥേയര്‍ രണ്ടാം ദിനമത്സരം അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 478 റണ്‍സ് എന്ന നിലയാണ്. കുല്‍ദീപ് യാദവ് ( 27*), ജസ്‌പ്രീത് ബുംറ (19*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.
രോഹിത് ശര്‍മ (Rohit Sharma- 103), ശുഭ്‌മാന്‍ ഗില്‍ ( Shubman Gill- 110) എന്നിവരുടെ സെഞ്ചുറികളാണ് ടീമിനെ മികച്ച നിലയിലേക്ക് നയിച്ചത്. അരങ്ങേറ്റക്കാരന്‍ ദേവ്‌ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായും തിളങ്ങി. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.
യശസ്വി ജയ്സ്വാളിന്‍റെ (57) വിക്കറ്റ് ഇന്നലെ നഷ്‌ടമായ ഇന്ത്യ, 135/1 എന്ന നിലയിലാണ് രണ്ടാം ദിനം ആരംഭിച്ചത്. രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ഇംഗ്ലീഷ് ബോളര്‍മാരെ മികച്ച രീതിയില്‍ നേരിട്ടു. 171 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. ലഞ്ചിന് ശേഷമാണ് ഇന്ന് ആദ്യ ബ്രേക്ക് ത്രൂ കണ്ടെത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞത്.
രോഹിത്തിനെ ബെന്‍ സ്റ്റോക്‌സ് ബൗള്‍ഡാക്കി. 162 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ 13 ഫോറുകളും മൂന്ന് സിക്സും നേടിയാണ് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ ഗില്ലിനെ ജയിംസ് ആന്‍ഡേഴ്‌സണും തിരിച്ചയച്ചു. 150 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളും അഞ്ച് സിക്‌സറും പറത്തിയ ഗില്ലും ബൗള്‍ഡാവുകയായിരുന്നു.
തുടര്‍ച്ചയായി രണ്ട് വിക്കറ്റ് നേടിയതോടെ മത്സരത്തിലേക്ക് തിരികെ എത്താന്‍ തിടുക്കം കാട്ടിയ ഇംഗ്ലണ്ടിന് ദേവ്ദത്ത് പടിക്കല്‍- സര്‍ഫറാസ് ഖാന്‍ വെല്ലുവിളി തീര്‍ത്തു. സര്‍ഫറാസിനെ ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ ജോ റൂട്ട് പിടികൂടിയതോടെയാണ് 97 റണ്‍സ് ചേര്‍ത്ത സഖ്യം പിരിഞ്ഞത്. വൈകാതെ അരങ്ങേറ്റക്കാരന്‍ ദേവ്‌ദത്തിനേയും തിരികെ കയറ്റാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു. സര്‍ഫറാസ് എട്ട് ബൗണ്ടറികളും ഒരു സിക്‌സും നേടിയപ്പോള്‍ 10 ബൗണ്ടറിയും ഒരു സിക്‌സുമായിരുന്നു ദേവ്‌ദത്തിന്‍റെ കണ്ടെത്തിയിരുന്നത്.
തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറെല്‍ (15), ആര്‍ അശ്വിന്‍ (0) എന്നിവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് ഒന്നിച്ച കുല്‍ദീപും ബുംറയും ചേര്‍ന്ന് പിടിച്ചുനിന്നു. പിരിയാത്ത ഒമ്പതാം വിക്കറ്റില്‍ 45 റണ്‍സാണ് ഇരവരും ഇതേവരെ നേടിയിട്ടുള്ളത്.
ALSO READ: 'ഞാനത്ര ഹാപ്പിയല്ല, അവൻ ഓപ്പണറാകണം'...ഫോമിലെത്തിയ ഗില്ലിനെ കുറിച്ച് പിതാവ്
നേരത്തെ സ്‌പിന്നര്‍മാരുടെ മികവിലാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പിടിച്ചുകെട്ടിയത്. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും ആര്‍ അശ്വിന്‍ നാല് വിക്കറ്റുകളുമായും തിളങ്ങി. രവീന്ദ്ര ജഡേജയ്‌ക്ക് ഒരു വിക്കറ്റുണ്ട്. 79 റണ്‍സ് നേടിയ സാക്ക് ക്രവ്‌ലിയായിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍.