റാഞ്ചി : ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റില്‍ വിജയ ലക്ഷ്യമായ 192 റണ്‍സ് പിന്തുടരുന്ന ഇന്ത്യ നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 118 റണ്‍സ് എന്ന നിലയില്‍ (India vs England 4th Test live Score Updates). ശുഭ്‌മാന്‍ ഗില്‍ (Shubman Gill -18), രവീന്ദ്ര ജഡേജ എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma - 55), യശസ്വി ജയ്‌സ്വാള്‍ (37), രജത് പടിദാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ഏഴ് വിക്കറ്റ് ശേഷിക്കെ വിജയത്തിനായി 74 റണ്‍സാണ് ഇനി ആതിഥേയര്‍ക്ക് വേണ്ടത്. വിക്കറ്റ് നഷ്‌ടമില്ലാതെ 40 റണ്‍സെന്ന നിലയിലാണ് ഇന്ന് ആതിഥേയര്‍ കളിക്കാന്‍ ഇറങ്ങിയത്. യശസ്വി ജയ്‌സ്വാള്‍ രോഹിത്തിന് പിന്തുണ നല്‍കിയതോടെ മികച്ച രീതിയിലായിരുന്നു ഇന്ത്യയുടെ തുടക്കം.
സ്‌കോര്‍ ബോര്‍ഡിലേക്ക് ഇന്ന് 44 റണ്‍സ് ചേര്‍ത്ത സഖ്യം പൊളിച്ച് ജോ റൂട്ടാണ് ഇംഗ്ലണ്ടിന് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. യശസ്വിയെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കയ്യിലൊതുക്കി. തിരിച്ച് മടങ്ങും മുമ്പ് ഒരു തകര്‍പ്പന്‍ റെക്കോഡില്‍ വിരാട് കോലിയ്‌ക്കൊപ്പം തന്‍റെ പേരു ചേര്‍ത്താണ് 22-കാരന്‍ മടങ്ങിയത്.
ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലാണ് യശസ്വി കോലിയ്‌ക്കൊപ്പം പിടിച്ചിരിക്കുന്നത്. പരമ്പരയില്‍ ഇതേവരെ 655 റണ്‍സാണ് യശസ്വിയുടെ സമ്പാദ്യം. 2016-ല്‍ ഇംഗ്ലണ്ടിനെതിരെ 2016-ല്‍ ആയിരുന്നു കോലി ഇത്രയും റണ്‍സ് നേടിയത്. നിലവിലെ പരമ്പരയില്‍ ഒരു മത്സരം കൂടി ശേഷിക്കെ പ്രസ്‌തുത റെക്കോഡ് യശസ്വിയ്‌ക്ക് സ്വന്തമാക്കാന്‍.
ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് 99-ല്‍ നില്‍ക്കെ രോഹിത്തിനെയും പിടിച്ച് കെട്ടാന്‍ ഇംഗ്ലണ്ടിനായി. ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സാണ് ഇന്ത്യന്‍ ക്യാപ്റ്റനെ പിടികൂടിയത്. അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുകളുമടങ്ങുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിങ്. തുടര്‍ന്നെത്തിയ രജത് പടിദാര്‍ പതിവ് പോലെ നിരാശപ്പെടുത്തി.
ആറ് പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന രജതിനെ ഷൊയ്‌ബ് ബഷീറിന്‍റെ പന്തില്‍ ഒല്ലി പോപ്പ് ക്യാച്ചെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോ റൂട്ട്, ഷൊയ്‌ബ് ബഷീര്‍, ടോം ഹാര്‍ട്‌ലി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.