റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ വിജയത്തിലേക്ക് ഇന്ത്യയ്‌ക്ക് ഇനി 152 റണ്‍സിന്‍റെ ദൂരം മാത്രം. രണ്ടാം ഇന്നിങ്‌സിന് ശേഷം ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ വിക്കറ്റ് നഷ്‌ടമില്ലാതെ 40 റണ്‍സില്‍ നില്‍ക്കെയാണ് മൂന്നാം ദിനം സ്റ്റംപെടുത്തിരിക്കുന്നത്. (India vs England 4th Test Day 3 Highlights) മികച്ച തുടക്കം നല്‍കി രോഹിത് ശര്‍മ (27 പന്തില്‍ 24), യശസ്വി ജയ്‌സ്വാള്‍ (21 പന്തില്‍ 16) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. റാഞ്ചിയില്‍ കളി പിടിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ അഞ്ച് മത്സര പരമ്പര ഇന്ത്യയ്‌ക്ക് തൂക്കാം.
റാഞ്ചിയില്‍ തുടക്കം മുന്‍തൂക്കം നേടിയ ഇംഗ്ലണ്ടിനെതിരെ സ്‌പിന്നര്‍മാരുടെ മികവിലാണ് ഇന്ത്യ തിരിച്ചടിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ടിന്‍റെ (112*) അപരാജിത സെഞ്ചുറിയുടെ മികവില്‍ 353 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടിക്ക് ഇറങ്ങിയ ആതിഥേയര്‍ 307 റണ്‍സാണ് നേടിയത്. യശസ്വി ജയ്‌സ്വാള്‍ (73) ഒഴികെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ രണ്ടാം ദിനത്തില്‍ ഇംഗ്ലീഷ് ടീമിന് ആധിപത്യം സ്ഥാപിക്കാനായിരുന്നു.
എന്നാല്‍ വാലറ്റത്ത് കുല്‍ദീപ് യാദവും ആകാശ് ദീപും നല്‍കിയ പിന്തുണയില്‍ പോരാടിയ ധ്രുവ് ജുറെലിന്‍റെ (90) മികവിലാണ് ഇംഗ്ലണ്ടിന്‍റെ 46 റണ്‍സിലേക്ക് കുറയ്‌ക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് എടുത്ത് എത്തിയ ഇഗ്ലണ്ടിനെ പിന്നീട് ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ 145 റണ്‍സില്‍ പിടിച്ചുകെട്ടി. അഞ്ച് വിക്കറ്റുമായി ആര്‍ അശ്വിനും (R Ashwin) നാല് വിക്കറ്റുമായി കുല്‍ദീപ് യാദവും (Kuldeep Yadav) തിളങ്ങി. രവീന്ദ്ര ജഡേജയ്‌ക്ക് ഒരു വിക്കറ്റുണ്ട്.
91 പന്തില്‍ 60 റണ്‍സ് നേടിയ സാക്ക് ക്രൗവ്‌ലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റിന് 110 റണ്‍സിലേക്ക് എത്തിയതിന് ശേഷമാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. തുടക്കം തന്നെ ബെന്‍ ഡക്കറ്റിനേയും (15), ഒല്ലി പോപ്പിനേയും (0) ഒരു പന്തിന്‍റെ ഇടവേളയില്‍ പുറത്താക്കിയ ആര്‍ അശ്വിന്‍ നയം വ്യക്തമാക്കിയിരുന്നു. പിന്നാലെ ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി വീരന്‍ ജോ റൂട്ടിനേയും (11) അശ്വിന്‍ തിരികെ അയച്ചു.
ഈ സമയം 3-ന് 65 റണ്‍സ് എന്ന നിലയിലായി. പിന്നീട് ഒന്നിച്ച സാക്ക് ക്രൗവ്‌ലിയും ജോണി ബെയര്‍സ്റ്റോയും പ്രത്യാക്രമണത്തിന് ശ്രമിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ ക്രൗവ്‌ലിയുടെ കുറ്റിയിളക്കിയ കുല്‍ദീപ് യാദവ് സഖ്യം പൊളിച്ചു. ക്രൗവ്‌ലി തിരികെ കയറുമ്പോള്‍ 110 റണ്‍സായിരുന്നു ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പിന്നീടുള്ള ആറ് വിക്കറ്റുകളില്‍ വെറും 35 റണ്‍സാണ് ഇംഗ്ലണ്ടിന് ചേര്‍ക്കാന്‍ കഴിഞ്ഞത്.
ബെന്‍ സ്റ്റോക്‌സിനെ (6) കുല്‍ദീപും ബെയര്‍സ്റ്റോ (30) ജഡേജയും അവസാനിപ്പിച്ചു. ടോം ഹാര്‍ട്‌ലി (7), ഒല്ലി റോബിന്‍സണ്‍ (0) എന്നിവര്‍ക്കും കുല്‍ദീപ് അല്‍പായുസ് നല്‍കി. പിന്നീട് ബെന്‍ ഫോക്‌സ് (17), ജയിംസ് അന്‍ഡേഴ്‌സണ്‍ (0) എന്നിവരെ പുറത്താക്കിയ അശ്വിന്‍ ഇംഗ്ലീഷ് ഇന്നിങ്‌സിനും തിരശീലയിട്ടു.
ALSO READ: ചരിത്രത്തില്‍ ആദ്യം ; വമ്പന്‍ നേട്ടം സ്വന്തമാക്കി ആര്‍ അശ്വിന്‍