റാഞ്ചി: നാലാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നേടിയ 353 റണ്‍സ് പിന്തുടരുന്ന ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയേക്കും. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാണ് ആതിഥേയരുള്ളത്. (India vs England 4th test day 2 highlights)
ധ്രുവ് ജുറല്‍ (58 പന്തില്‍ 30), കുല്‍ദീപ് യാദവ് (72 പന്തില്‍ 17) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. ഇംഗ്ലണ്ട് സ്‌കോറിന് 134 റണ്‍സ് പിറകിലാണ് നിലവില്‍ ഇന്ത്യയുള്ളത്. പുറത്തായ താരങ്ങള്‍ അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) ഒഴികെയുള്ള മറ്റ് താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി. 117 പന്തുകളില്‍ എട്ട് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 73 റണ്‍സാണ് യശസ്വി നേടിയത്.
ഇംഗ്ലണ്ടിനായി ഷൊയ്‌ബ് ബഷീര്‍ (Shoaib Bashir) നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ടോം ഹാര്‍ട്‌ലി് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. രണ്ട് റണ്‍സ് മത്രമെടുത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായതോടെ ഞെട്ടിക്കുന്ന തുടക്കമായിരുന്നു ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഒമ്പത് പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റനെ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ ശുഭ്‌മാന്‍ ഗില്‍ യശസ്വി ജയ്സ്വാളിന് പിന്തുണ നല്‍കി. മികച്ച രീതിയില്‍ കളിച്ച്
82 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരേയും പിരിച്ച് ഇംഗ്ലണ്ടിന് ബ്രേക്ക് നല്‍കിയത് ഷൊയ്ബ് ബഷീറാണ്. 65 പന്തില്‍ ആറ് ബൗണ്ടറികളോടെ 38 റണ്‍സ് നേടിയ ഗില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. തുടര്‍ന്ന് എത്തിയ രജത് പടിദാര്‍ (42 പന്തില്‍ 17), രവീന്ദ്ര ജഡേജ (12 പന്തില്‍ 12) എന്നിവരേയും ഷൊയ്‌ബ് ബഷീര്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. രജത് പടിദാര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയപ്പോള്‍ ജഡേജയെ ഷോര്‍ട്ട് ലെഗ്ഗില്‍ ഒല്ലി പോപ്പ് പിടികൂടുകയായിരുന്നു. പിന്നാലെ യശസ്വിയെ ബൗള്‍ഡാക്കാനും ഷൊയ്‌ബ് ബഷീറിന് കഴിഞ്ഞു.
പിന്നീട് സര്‍ഫറാസ് ഖാന്‍ (53 പന്തില്‍ 14), ആര്‍ അശ്വിന്‍ (13 പന്തില്‍ 1) എന്നിവരെ ടോം ഹാര്‍ട്‌ലിയും മടക്കിയതോടെ ഇന്ത്യ 200 കടക്കില്ലെന്ന് തോന്നിച്ചു. എന്നാല്‍ ധ്രുവ് ജുറെലും കുല്‍ദീപും ചെറുത്ത് നിന്നു. പിരിയാത്ത എട്ടാം വിക്കറ്റില്‍ ഇതുവരെ 42 കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. നേരത്തെ, ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 302 റണ്‍സ് എന്ന നിലയില്‍ കളിക്കാനിറങ്ങിയ സന്ദര്‍ശകര്‍ ഇന്ന് 51 റണ്‍സായിരുന്ന കൂട്ടിച്ചേര്‍ത്തത്.
ALSO READ: സെവാഗിന്‍റെ ആ റെക്കോഡ് ഇനി ഇല്ല; പൊളിച്ചടുക്കി യശസ്വി ജയ്‌സ്വാള്‍
രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്‍റെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും നേടിയത്. ആദ്യം ഒല്ലി റോബിന്‍സണിനെ (58) വീഴ്‌ത്തിയ ജഡേജ, പിന്നാലെ തന്നെ ഷൊയ്ബ് ബഷീര്‍ (0), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (0) എന്നിവരേയും തിരിച്ച് അയച്ചു. 274 പന്തില്‍ 122 റണ്‍സ് നേടിയ ജോ റൂട്ട് പുറത്താവാതെ നിന്നു.