റാഞ്ചി : ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്. 7 വിക്കറ്റ് നഷ്‌ടത്തില്‍ 302 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ന് ശേഷിച്ച വിക്കറ്റുകള്‍ നഷ്‌ടമായത്. രവീന്ദ്ര ജഡേജയാണ് ഇന്ന് ഇംഗ്ലണ്ടിന്‍റെ മൂന്ന് വിക്കറ്റും നേടിയത്.
274 പന്ത് നേരിട്ട് 128 റണ്‍സ് നേടിയ ജോ റൂട്ടിനെ പുറത്താക്കാൻ ഇന്ത്യൻ ബൗളര്‍മാര്‍ക്കായില്ല. പത്ത് ഫോറുകള്‍ അടങ്ങിയതായിരുന്നു റൂട്ടിന്‍റെ ഇന്നിങ്‌സ്. 58 റണ്‍സ് നേടി പുറത്തായ ഒലീ റോബിൻസണിന്‍റെ പ്രകടനവും മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിന് നിര്‍ണായകമായി.
ഏഴിന് 302 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് തരക്കേടില്ലാത്ത തുടക്കമായിരുന്നു റാഞ്ചിയില്‍ ലഭിച്ചത്. ഇന്ന്, ന്യൂബോള്‍ എടുത്ത് ഇംഗ്ലണ്ടിനെ അതിവേഗം തന്നെ പുറത്താക്കുക എന്നതായിരുന്നു ടീം ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍, ആക്രമിച്ച് കളിച്ച ഒലീ റോബിൻസണ്‍ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി.
അര്‍ധസെഞ്ച്വറി പിന്നിട്ട ശേഷമായിരുന്നു താരത്തെ പൂട്ടാൻ ഇന്ത്യയ്‌ക്കായത്. റോബിൻസണ്‍ വീണതോടെ ഇംഗ്ലണ്ടിന്‍റെ പതനവും എളുപ്പത്തിലായി. 96 പന്തില്‍ 58 റണ്‍സ് നേടിയ റോബിൻസണെ രവീന്ദ്ര ജഡേജ ധ്രുവ് ജുറെലിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു.
മത്സരത്തില്‍ റൂട്ട് - റോബിൻസണ്‍ സഖ്യം 102 റണ്‍സാണ് 8-ാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ആദ്യ ദിനം ഇംഗ്ലണ്ട് സ്കോര്‍ 245 റണ്‍സിന് 7 എന്ന നിലയില്‍ നില്‍ക്കെയായിരുന്നു ഇരുവരും ക്രീസിലൊന്നിച്ചത്. അതേസമയം, റോബിൻസണിന്‍റെ പുറത്താകലിന് ശേഷം ആറ് റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് കൂട്ടിച്ചേര്‍ക്കാനായത്.
ഷൊയ്‌ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെ അക്കൗണ്ട് തുറക്കും മുന്‍പ് രവീന്ദ്ര ജഡേജ മടക്കുകയായിരുന്നു. സാക്ക് ക്രാവ്‌ലി (47), ബെൻ ഡക്കറ്റ് (11), ഒലീ പോപ്പ് (0), ജോണി ബെയര്‍സ്റ്റോ (38), ബെൻ സ്റ്റോക്‌സ് (3), ബെൻ ഫോക്‌സ് (47), ടോം ഹാര്‍ട്‌ലി (13) എന്നിവരുടെ വിക്കറ്റുകളായിരുന്നു മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിന് ഒന്നാം ദിവസം നഷ്‌ടപ്പെട്ടത്.
ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞ രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്‌ത്തി. അരങ്ങേറ്റക്കാരൻ ആകാശ് ദീപ് മൂന്നും പേസര്‍ മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. അശ്വിനാണ് ഒരു വിക്കറ്റ്.
Also Read : അവസാന പന്തില്‍ ജയിക്കാൻ 5 റണ്‍സ്, ക്രീസില്‍ വന്ന് സിക്‌സര്‍ 'തൂക്കി' മലയാളി താരം സജന സജീവൻ : വീഡിയോ