രാജ്‌കോട്ട് : ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആവേശത്തിലേക്ക് (India vs England 3rd Test). മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ സന്ദര്‍ശകരായ ഇംഗ്ലണ്ട് നോട്ടമിടുന്നത് ഒന്നാം ഇന്നിങ്‌സ് ലീഡാണ് (Ind vs Eng 3rd Test Day Three Preview). രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലീഷ് പട മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ കളിയവസാനിപ്പിച്ചത്.
എട്ട് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാള്‍ 238 റണ്‍സ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്. സെഞ്ച്വറിയുമായി ബെന്‍ ഡക്കറ്റും (133) ജോ റൂട്ടുമാണ് (9) നിലവില്‍ ക്രീസില്‍. ഒലീ പോപ്പ് (39), സാക്ക് ക്രാവ്‌ലി (15) എന്നിവരുടെ വിക്കറ്റുകളായിരുന്നു രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിന് നഷ്‌ടമായത്.
രവിചന്ദ്രന്‍ അശ്വിന്‍ (Ravichandran Ashwin), മുഹമ്മദ് സിറാജ് (Mohammed Siraj) എന്നിവരായിരുന്നു ഈ രണ്ട് വിക്കറ്റും നേടിയത്. മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് കളിക്കാനിറങ്ങുമ്പോള്‍ അശ്വിന്‍റെ അഭാവം ടീം ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടിയാണ്. കുടുംബത്തില്‍ ഒരാള്‍ക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് താരം കഴിഞ്ഞ ദിവസം തന്നെ ചെന്നൈയിലേക്ക് മടങ്ങിയതായി ബിസിസിഐ വ്യക്തമാക്കിയിരുന്നു.
അശ്വിന്‍റെ പിന്മാറ്റം ബൗളിങ് ഡിപ്പാര്‍ട്‌മെന്‍റിനെ സാരമായി തന്നെ ബാധിച്ചേക്കാം. ശേഷിക്കുന്ന ദിനങ്ങളില്‍ അശ്വിന്‍റെ അഭാവത്തെ ടീം ഇന്ത്യ എങ്ങനെ മറികടക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പകരക്കാരനെ ഫീല്‍ഡിങ്ങിന് മാത്രമെ പരിഗണിക്കാൻ സാധിക്കൂ എന്നതുകൊണ്ട് തന്നെ മത്സരത്തില്‍ ഇന്ത്യ പത്ത് പേരായി ചുരുങ്ങും.
നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സ് നേടിയാണ് ഇന്ത്യ മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ പുറത്തായത് (Rajkot Test Team India's First Innings Score). രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഇന്ത്യയ്‌ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. അരങ്ങേറ്റക്കാരായ സര്‍ഫറാസ് ഖാന്‍ (62), ധ്രുവ് ജുറെല്‍ (46) എന്നിവരും ഇന്ത്യയ്‌ക്കായി ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഏകദിന ശൈലിയിലാണ് റണ്‍സ് അടിച്ചുകൂട്ടിയത്. ഒന്നാം വിക്കറ്റില്‍ 13.1 ഓവറില്‍ 89 റണ്‍സാണ് ബെൻ ഡക്കറ്റ് - സാക്ക് ക്രാവ്‌ലി സഖ്യം നേടിയത്. രണ്ടാം വിക്കറ്റില്‍ ഒലീ പോപ്പ് ബെൻ ഡക്കറ്റ് എന്നിവര്‍ ചേര്‍ന്ന് 93 റണ്‍സാണ് ഇംഗ്ലീഷ് സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
Also Read : മൂന്നാം ടെസ്റ്റില്‍ ഇനി രവിചന്ദ്രൻ അശ്വിന്‍ ഇല്ല, കുടുംബാവശ്യത്തിനായി താരം ചെന്നൈയിലേക്ക് മടങ്ങി