ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. രാത്രി എട്ടിന് ന്യൂയോർക്ക് നാസോ കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണമെന്‍റിന് മുന്നോടിയായി രോഹിത് ശര്‍മയും സംഘവും കളിക്കുന്ന ഏക സന്നാഹ മത്സരമാണിത്.
ഏറെ നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനുറച്ചാണ് ഇന്ത്യ ഇക്കുറി ടി20 ലോകകപ്പിന് ഇറങ്ങുന്നത്. 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം മറ്റൊരു ഐസിസി കിരീടം നേടാന്‍ നീലപ്പടയ്‌ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ അടക്കം ഫൈനലിലേക്ക് എത്തിയെങ്കിലും കയ്യകലത്തില്‍ കിരീടം നഷ്‌ടമായി. ഈ മുറിവുണക്കാന്‍ ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്‌ക്ക് ഏറെ അനിവാര്യമാണ്.
ന്യൂയോര്‍ക്കില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്ന കാലാവസ്ഥയോട് ടീം പൊരുത്തപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സ്‌ക്വാഡ് പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഐപിഎല്ലില്‍ നിറം മങ്ങിയ താരങ്ങള്‍ക്ക് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസരമാണ് ഇന്നത്തെ മത്സരം.
വിരാട് കോലി കളിക്കാനുള്ള സാധ്യത കുറവാണ്. അമേരിക്കയിലേക്ക് വൈകി യാത്ര തിരിച്ച താരം ഇന്നലെയാണ് ടീമിനൊപ്പം ചേര്‍ന്നത്. ഇതോടെ മൂന്നാം നമ്പറില്‍ സഞ്‌ജു സാംസണ് അവസരം ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണാം. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്‌ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ശ്രദ്ധാകേന്ദ്രം. ഇന്ത്യയുടെ പ്രധാന പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന് ഐപിഎല്ലില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഹാര്‍ദിന്‍റെ പ്രകടനം വിലയിരുത്തപ്പെടും.
മറുവശത്ത് ആതിഥേയരായ അമേരിക്കയോട് നാണം കെട്ട തോല്‍വി വഴങ്ങിയാണ് ബംഗ്ലാദേശ് എത്തുന്നത്. മൂന്ന് മത്സര പരമ്പരയില്‍ 2-1ന് ആയിരുന്നു അമേരിക്ക ബംഗ്ലാദേശിനെ കീഴടക്കി ചരിത്രം കുറിച്ചത്. ഈ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനുറച്ചാവും ബംഗ്ലാദേശ് ഇന്ത്യയ്‌ക്ക് എതിരെ ലക്ഷ്യം വയ്‌ക്കുന്നത്.
നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിനെതിരെ വമ്പന്‍ ആധിപത്യമാണുള്ളത്. തമ്മില്‍ 13 മത്സരങ്ങളിലാണ് ഇരു ടീമുകളും ഇതേവരെ ഏറ്റുമുട്ടിയത്. ഇതില്‍ 12 എണ്ണവും ഇന്ത്യ തൂക്കിയപ്പോള്‍ ഒരു മത്സരം മാത്രമാണ് ബംഗ്ലാദേശിന് വിജയിക്കാന്‍ കഴിഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് ടെലിവിഷനില്‍ മത്സരം കാണാന്‍ കഴിയുക. ഓണ്‍ലൈനായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സെറ്റിലും തത്സമയ സ്‌ട്രീമിങ്ങുണ്ട്.