ഹൈദരാബാദ്: ബംഗ്ലദേശിനെതിരായ മൂന്നാം ടി20യില്‍ അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍. ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ ക്ലാസും മാസും കാണിച്ച് 47 പന്തുകളില്‍ 111 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 11 ബൗണ്ടറികളും എട്ട് സിക്‌സറുകളും ഉള്‍പ്പെടെ 236.17 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്‌ജുവിന്‍റെ പ്രകടനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തികഞ്ഞ ആത്മവിശ്വാസത്തില്‍ കളം നിറഞ്ഞാടിയ സഞ്‌ജുവിനെ പിടിച്ചുകെട്ടാന്‍ ബംഗ്ലാബോളര്‍മാര്‍ പ്രയാസപ്പെട്ടു. സഞ്‌ജുവിന്‍റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞതില്‍ ഒരാള്‍ സ്‌പിന്നര്‍ റിഷാദ് ഹുസെയ്‌നാണ്. താരം എറിഞ്ഞ പത്താം ഓവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സറുകളാണ് സഞ്‌ജു പറത്തിയത്.
സഞ്‌ജുവിന്‍റെ ഓരോ ഷോട്ടുകളും കമന്‍ററി ബോക്‌സില്‍ വാഴ്‌ത്തിപ്പാടുകയായിരുന്നു എപ്പോഴും കടുത്ത വിമര്‍ശകരായിട്ടുള്ള രവി ശാസ്‌ത്രിയും സുനില്‍ ഗവാസ്‌കറും. സഞ്‌ജുവെന്ന പ്രതിഭയില്‍ നിന്ന് ആരാധകരും ടീം മാനേജ്‌മെന്‍റും ഏറെ കാത്തിരുന്ന പ്രകടനമാണിത്. സഞ്‌ജുവിന്‍റെ ബാറ്റിങ്ങില്‍ ഏറ്റവും ശ്രദ്ധേമായ കാര്യമെന്തെന്നാല്‍ ഒരല്‍പ്പം പോലും സമ്മര്‍ദമില്ലാതെയായിരുന്നു താരം ബാറ്റ് വീശിയത്.
ഇതിന്‍റെ ക്രെഡിറ്റ് തീര്‍ച്ചയായും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ടീം മാനേജ്‌മെന്‍റിനുമുള്ളതാണ്. ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ക്കിറങ്ങിയെങ്കിലും അക്കൗണ്ട് തുറക്കാതെയായിരുന്നു സഞ്‌ജുവിന്‍റെ തിരിച്ചുകയറ്റം. വിക്കറ്റിന് പിന്നിലാവട്ടെ പ്രകടനം അത്ര മികച്ചതുമായിരുന്നില്ല.
എന്നാല്‍ ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരങ്ങളിലും സഞ്‌ജു ഓപ്പണറാവുമെന്ന് അറിയിച്ചുകൊണ്ട് സഞ്‌ജുവിനുള്ള സപ്പോര്‍ട്ട് പരമ്പരയ്‌ക്ക് മുമ്പ് തന്നെ സൂര്യ പ്രഖ്യാപിച്ചു. ഒന്നാം ടി20യില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം ടി20യില്‍ താരം നിരാശപ്പെടുത്തി.
ഇതോടെ ഉറഞ്ഞുതുള്ളിയ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് സഞ്‌ജു ഹൈദരാബാദില്‍ നല്‍കിയത്. സഞ്‌ജുവിന്‍റെ ഓരോ ഷോട്ടും ആസ്വദിച്ചും അഭിനന്ദിച്ചും സൂര്യ തന്‍റെ പിന്തുണ അറിയിച്ചുകൊണ്ടേയിരുന്നു. 22 പന്തുകളില്‍ അര്‍ധ സെഞ്ചുറി, 40 പന്തുകളില്‍ സെഞ്ചുറി സഞ്ജു മികവ് തെളിയിച്ചു.
ഓരോ നേട്ടത്തിലും കയ്യടിച്ചും കെട്ടിപ്പിടിച്ചും സൂര്യ കൂടെ നിന്നു. സെഞ്ചുറി എന്ന നാഴികകല്ലിന് അരികെ നില്‍ക്കെ ആവശ്യമായ സമയമെടുക്കാന്‍ സൂര്യപറയുന്നുണ്ടായിരുന്നു. വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ ആ സെഞ്ചുറി സഞ്‌ജുവിന് എത്രമാത്രം നിര്‍ണായകമാണെന്ന് അയാള്‍ക്ക് അത്രയും തീര്‍ച്ചയായിരുന്നു.
ഒടുവില്‍ പുറത്തായപ്പോള്‍ തോളില്‍ കയ്യിട്ട് സഞ്‌ജുവിന്‍റെ ബാറ്റിങ് വിസ്‌മയത്തെ അഭിനന്ദിച്ചുകൊണ്ടാണ് സൂര്യ തിരിച്ചയച്ചത്. മത്സര ശേഷം സംസാരിക്കവെ സഞ്‌ജുവിന്‍റെ ബാറ്റിങ് സമീപനത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ അഭിനന്ദിച്ചു. വ്യക്തിഗത നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ കളിക്കുന്നത് ടീമിന് വേണ്ടിയാവണമെന്നതും സഞ്‌ജു ഉപ്പലില്‍ ചെയ്‌തത് അതായിരുന്നുവെന്നുമായിരുന്നു സൂര്യയുടെ വാക്കുകള്‍.
ALSO READ: സമ്പൂര്‍ണ വിജയം; ടി20 പരമ്പരയിലും ബംഗ്ലാദേശിനെ 'വെള്ളപൂശി' ഇന്ത്യ
സഞ്‌ജുവിനുള്ള തന്‍റെ പിന്തുണ നേരത്തെ തന്നെ പലകുറി സൂര്യപ്രകടമാക്കിയിട്ടുണ്ട്. ദുലീപ് ട്രോഫിയില്‍ തന്‍റെ ടീമിനെതിരെ സെഞ്ചുറി നേടിയപ്പോഴും മലയാളി താരത്തെ അഭിനന്ദിച്ച് സൂര്യ രംഗത്ത് എത്തിയിരുന്നു. ടീമില്‍ അകത്തും പുറത്തുമായിരുന്ന കഴിഞ്ഞ കാലങ്ങളില്‍ സഞ്‌ജുവിന് ഇല്ലാതിരുന്നത് ഈ പിന്തുണയാണ്. അതുകൊണ്ടുതന്നെ സമ്മര്‍ദത്തിന്‍റെ അമിതഭാരവുമായാണ് താരത്തിന് കളത്തിലിറങ്ങേണ്ടി വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. സൂര്യയും ഗംഭീറും സപ്പോര്‍ട്ടീവാണ്. സഞ്‌ജു പവര്‍ഫുള്ളും.