ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും ജയം ടി20യിലും ആവര്‍ത്തിക്കാൻ ടീം ഇന്ത്യ ഇന്ന് ഇറങ്ങും. ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ സ്റ്റേഡിയം വേദിയാകുന്ന മത്സരം രാത്രി ഏഴിനാണ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവിന് കീഴില്‍ യുവനിരയാണ് പരമ്പരയില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇന്ത്യൻ ടീമിന്‍റെ ഓപ്പണറായേക്കുമെന്ന സൂചന നായകൻ സൂര്യകുമാര്‍ യാദവ് തന്നെ നല്‍കിയിട്ടുണ്ട്. നിലവില്‍ ഇടംകയ്യൻ ബാറ്റര്‍ അഭിഷേക് ശര്‍മ മാത്രമാണ് ടീമിലെ സ്പെഷ്യലിസ്റ്റ് ഓപ്പണര്‍. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയും ഉണ്ടെങ്കിലും പ്രഥമ പരിഗണന സഞ്ജുവിന് ലഭിക്കാനാണ് സാധ്യത.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പിന്നാലെ സൂര്യകുമാര്‍ യാദവ്, റിയാൻ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ക്രീസിലേക്ക് എത്തും. ഫിനിഷര്‍ റോളില്‍ ബാറ്റ് വീശാൻ റിങ്കു സിങ്ങും ടീമിലുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ പേസ് ബൗളിങ് കൊണ്ട് വിസ്‌മയം തീര്‍ത്ത മായങ്ക് യാദവിന് ഇന്ത്യൻ ടീമില്‍ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
അര്‍ഷ്‌ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. സ്‌പിന്നര്‍മാരുടെ റോളില്‍ വാഷിങ്‌ടണ്‍ സുന്ദറും രവി ബിഷ്‌ണോയിയും ആയിരിക്കും കളത്തിലേക്കിറങ്ങുക. സ്‌ക്വാഡില്‍ ഉണ്ടെങ്കിലും വരുണ്‍ ചക്രവര്‍ത്തിക്ക് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാൻ സാധ്യത കുറവാണ്.
ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോപത്തിന് പിന്നാലെയുണ്ടായ കലാപത്തില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടുവെന്നും അതുകൊണ്ട് ഇന്ത്യ ബംഗ്ലാദേശിനെതിരായ പരമ്പര ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു സംഘടനകള്‍ ഗ്വാളിയോറില്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഉള്‍പ്പടെ കനത്ത സുരക്ഷയാണ് ഗ്വാളിയോറില്‍ ജില്ല ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ സാധ്യത ഇലവൻ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിയാൻ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, മായങ്ക് യാദവ്
മത്സരം ലൈവായി കാണാൻ: ഇന്ത്യ ബംഗ്ലാദേശ് ടി20 പരമ്പരയിലെ ആദ്യ മത്സരം സ്പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്ക് ചാനലുകളിലാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയിലും മത്സരം ലൈവായി കാണാം.
Also Read : ആ തീരുമാനം ഹാര്‍ദിക്കിനെ പിന്നോട്ടടിപ്പിക്കും; ഒരേ സമയം ഞെട്ടലും നിരാശയും തോന്നിയെന്ന് ഹര്‍ഭജന്‍ സിങ്