ധര്‍മ്മശാല : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റും (India vs England Test) വിജയിച്ചതോടെ പരമ്പര 4-1ന് സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷം തുടര്‍ന്നുള്ള നാല് കളികളും വിജയിച്ചാണ് ഇംഗ്ലണ്ടിന് ആതിഥേയര്‍ തകര്‍പ്പന്‍ മറുടി നല്‍കിയത്. വിരാട് കോലി, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖരില്ലാതെ യുവ നിരയുടെ കരുത്തിലാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തറപറ്റിച്ചത്.
പരമ്പരയില്‍ നാല് വിജയം നേടിയതോടെ ടെസ്റ്റിന്‍റെ ചരിത്രത്തില്‍ ഇന്ത്യ ആകെ നേടിയ വിജയങ്ങളുടെ എണ്ണം 178-ലേക്ക് എത്തി. ഇതോടെ 92 വർഷത്തെ ചരിത്രത്തിൽ തങ്ങളുടെ മുന്‍ഗാമികള്‍ക്കൊന്നും കഴിയാത്ത ഒരു നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് രോഹിത് ശര്‍മയും (Rohit Sharma) സംഘവും. ടെസ്റ്റില്‍ ഇന്ത്യയുടെ വിജയങ്ങളുടേയും പരാജയങ്ങളുടേയും എണ്ണം തുല്യമായിരിക്കുകയാണിപ്പോള്‍.
ഇതേവരെ 579 ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ 178 ടെസ്റ്റുകളില്‍ വീതമാണ് നിലവില്‍ ഇന്ത്യ വിജയിക്കുകയും തോല്‍ക്കുകയും ചെയ്‌തിരിക്കുന്നത്. (India test Wins) ഇതിന് മുന്നെ തോല്‍വിയുടേയും ജയത്തിന്‍റെയും എണ്ണം ഒരിക്കല്‍ പോലും ടാലിയാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നില്ല. 222 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ ഒരു മത്സരം ടൈ ആവുകയായിരുന്നു.
അതേസമയം ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷം തുടര്‍ന്നുള്ള നാല് മത്സരങ്ങളും വിജയിച്ച് പരമ്പര 4-1ന് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാവാനും ഇതോടെ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കഴിഞ്ഞിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തന്നെ 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു തിരിച്ചുവരവ് ഉണ്ടായിരിക്കുന്നത്. ഇതിന് മുന്നെ വെറും മൂന്ന് തവണ മാത്രമാണ് ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഒരു ടീം പിന്നീടുള്ള നാല് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കുന്നത്.
1911/12-ലെ ആഷസില്‍ ഓസീസിനെതിരെ ഇംഗ്ലണ്ടായിരുന്നു ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷം 4-1ന് പരമ്പര പിടിച്ച അവസാന ടീം. 1901/02, 1897/98 സീസണിലെ ആഷസില്‍ ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ സമാന രീതിയില്‍ തോല്‍പ്പിച്ചിരുന്നു. അതേസമയം ധര്‍മ്മശാലയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 64 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ 259 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് 195 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 218 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തി കുല്‍ദീപ് യാദവും നാല് വിക്കറ്റുമായി ആര്‍ അശ്വിനുമായിരുന്നു ഇംഗ്ലണ്ടിനെ തകര്‍ത്തത്. 79 റണ്‍സ് നേടിയ സാക്ക് ക്രവ്‌ലിയായിരുന്നു സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍.
ALSO READ: ഇനി മൂന്ന് ഫോര്‍മാറ്റിലും നമ്പര്‍ വണ്‍; ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യ
477 റണ്‍സ് നേടിയായിരുന്നു ഇന്ത്യ മറുപടി നല്‍കിയത്. രോഹിത് ശര്‍മ്മ (103), ശുഭ്‌മാന്‍ ഗില്‍ (110) എന്നിവര്‍ സെഞ്ചുറി നേടി തിളങ്ങിയപ്പോള്‍ യശസ്വി ജയ്സ്വാള്‍ (57), ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവരുടെ അര്‍ധ സെഞ്ചുറികളും നിര്‍ണായകമായി.