ഹൈദരാബാദ്: ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കത്തില്‍ ബാസ്ബോൾ ശൈലിയിലാണ് ഇന്ത്യൻ ബൗളർമാരെ നേരിട്ടത്. പേസ് ബൗളർമാരായ മുഹമ്മദ് സിറാജിയെും ജസ്‌പ്രീത് ബുംറയേയും ഭയമില്ലാതെ നേരിട്ട ഇംഗ്ലീഷ് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്.
എന്നാല്‍ അതിവേഗം പേസർമാരെ പിൻവലിച്ച് സ്‌പിന്നർമാരെ കൊണ്ടുവന്ന ഇന്ത്യൻ നായകൻ നയം വ്യക്തമാക്കി. അതോടെ ഇംഗ്ലണ്ട് പതറി. 39 പന്തില്‍ ഏഴ് ബൗണ്ടറികളടക്കം 35 റൺസെടുത്ത ബെൻ ഡക്കറ്റിനെ പുറത്താക്കിയ രവി അശ്വിനാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് എത്തിയ ഒലി പോപിനെ ( പതിനൊന്ന് പന്തില്‍ ഒന്ന്) ജഡേജ തിരിച്ചയതോടെ ഇംഗ്ലണ്ട് പതിയെ പ്രതിരോധത്തിലേക്ക് മടങ്ങി.
പക്ഷേ അധികം വൈകാതെ സാക് ക്രാവ്‌ളിയെ (20) മടക്കി അശ്വിൻ ഇരട്ട പ്രഹരം നല്‍കി. തുടർന്നെത്തിയ ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് സ്‌കോർ ബോർഡ് ചലിപ്പിച്ചു. എന്നാല്‍ 37 റൺസെടുത്ത ബെയർസ്റ്റോയെ അതിമനോഹരമായൊരു പന്തില്‍ അക്‌സർപട്ടേല്‍ ബൗൾഡ് ആക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങി. തൊട്ടുപിന്നാലെ ജോ റൂട്ടിനെ (29) മടക്കി ജഡേജ വീണ്ടും പ്രഹരമേല്‍പ്പിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ബെൻ ഫോക്‌സിനെ (4) പുറത്താക്കി അക്‌സർ വീണ്ടും സ്‌പിൻ വല നെയ്‌തപ്പോൾ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 150 റൺസ് എന്ന നിലയിലായിരുന്നു. പിന്നീട് എത്തിയ റീഹാൻ അഹമ്മദിനെ പേസർ ബുംറയും മടക്കി.
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഹൈദരാബാദില്‍ നടക്കുന്നത്. 2011 നവംബറിന് ശേഷം ഇന്ത്യൻ മധ്യനിരയിലെ കരുത്തൻമാരായ വിരാട് കോലി, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ എന്നിവരില്ലാതെ ഇന്ത്യ ഇറങ്ങുന്ന ആദ്യ മത്സരം കൂടിയാണിത്. ഇംഗ്ലണ്ടിന്‍റെ ബാസ് ബോളും ഇന്ത്യയുടെ സ്‌പിൻ തന്ത്രങ്ങളും തമ്മിലുള്ള പോരാട്ടമാകും ഈ ടെസ്റ്റ് പരമ്പരയെന്ന് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തിക്കഴിഞ്ഞു.
താരതമ്യേന യുവ ബാറ്റിങ് നിരയുമായാണ് ഇന്ത്യ ഈ പരമ്പരയില്‍ ഇംഗ്ലണ്ടിനെ നേരിടുന്നത്. വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റുകൾക്കില്ല എന്നറിയച്ചതിനെ തുടർന്ന് കെഎല്‍ രാഹുലാണ് കോലിയുടെ നാലാം നമ്പറിലെത്തുക. വിക്കറ്റ് കീപ്പറായി കെഎസ് ഭരത് വരുമ്പോൾ ശ്രേയസ് അയ്യർ അഞ്ചാംനമ്പറില്‍ ബാറ്റിങിന് ഇറങ്ങും. രവി ജഡേജ, രവി അശ്വിൻ എന്നിവർക്ക് ഒപ്പം ബൗളിങ് ഓൾറൗണ്ടറായി അക്‌സർ പട്ടേലും ടീമിലുണ്ട്. ജസ്‌പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസ് ഡിപ്പാർട്ട്മെന്‍റ് കൈകാര്യം ചെയ്യുന്നത്.
ബെൻ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലീഷ് നിരയില്‍ സാക്ക് ക്രാളി, ബെൻ ഡക്കറ്റ് എന്നിവരാണ് ഓപ്പണർമാർ. ഒലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്‌സ് എന്നിവർ മുൻനിര ബാറ്റർമാരായി എത്തും. ബെയർസ്റ്റോയ്ക്ക് ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി ബെൻ ഫോക്‌സിനെ വിക്കറ്റ് കീപ്പറായി ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. റീഹാൻ അഹമ്മദ്, ജാക് ലീച്ച്, ടോം ഹാർട്‌ലി എന്നിവർ സ്പിന്നർമാരായി ടീമിലെത്തി. ടോം ഹാർട്‌ലിയുടെ അരങ്ങേറ്റ ടെസ്റ്റ് മത്സം കൂടിയാണിത്. മാർക്ക് വുഡ് ആണ് ടീമിലെ പേസർ.
എവിടെ കാണാം: സ്പോർട്‌സ് 18 ചാനലാണ് മത്സരം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുക. ജിയോ സിനിമ ആപ്പിലൂടെ മത്സരം സൗജന്യമായി കാണാനാവും.