ദുബായ് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ (India vs England Test) ആധികാരിക വിജയത്തോടെ ഐസിസി ടെസ്റ്റ് ടീം റാങ്കിങ്ങില്‍ (ICC Test Team Rankings) ഒന്നാം സ്ഥാനം തൂക്കി രോഹിത് ശര്‍മയും (Rohit Sharma) പിള്ളേരും. ഓസ്ട്രേലിയയെ (Australia) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ (Indian Cricket Team) ഒന്നാമതെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയെങ്കിലും പിന്നീടുള്ള നാല് കളികളും വിജയിച്ചാണ് ഇന്ത്യ മറുപടി നല്‍കിയത്.
വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റിനും ധര്‍മ്മശാലയില്‍ ഇന്നിങ്‌സിനും 64 റണ്‍സിനുമായിരുന്നു ആതിഥേയര്‍ കളി പിടിച്ചത്. ഐസിസിയുടെ പുതിയ അപ്‌ഡേറ്റ് അനുസരിച്ച് 122 റേറ്റിങ് പോയിന്‍റുമാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 117 റേറ്റിങ് പോയിന്‍റാണ് രണ്ടാം റാങ്കിലേക്ക് താഴ്‌ന്ന ഓസീസിനുള്ളത്.
ഇപ്പോള്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് മത്സര പരമ്പര കളിക്കുകയാണ് ഓസീസ്. ആദ്യ മത്സരത്തില്‍ വിജയിച്ച പാറ്റ് കമ്മിന്‍സിന്‍റെ ടീമിന് ഇനി രണ്ടാം ടെസ്റ്റും വിജയിച്ചാലും ഇന്ത്യയെ മറികടക്കാന്‍ കഴിയില്ല. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ കൂറ്റന്‍ തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് 111 റേറ്റിങ് പോയിന്‍റുമായി മൂന്നാമതുണ്ട്. 101 റേറ്റിങ് പോയിന്‍റുള്ള ന്യൂസിലന്‍ഡ് നാലാമതും 99 റേറ്റിങ് പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണ്.
അതേസമയം ടി20യിലും ഏകദിനത്തിലും നേരത്തെ തന്നെ നീലപ്പട ഒന്നാമതുണ്ട്. ടെസ്റ്റില്‍ കൂടി ഒന്നാം സ്ഥാനം തിരികെ പിടിച്ചതോടെ ക്രിക്കറ്റിന്‍റെ മൂന്നു ഫോര്‍മാറ്റിലും ഒന്നാം നമ്പര്‍ ടീമായി ഇന്ത്യ മാറി. ടി20 റാങ്കിങ്ങില്‍ 266 റേറ്റിങ് പോയിന്‍റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
256 റേറ്റിങ് പോയിന്‍റുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. 255 റേറ്റിങ് പോയിന്‍റുമായി ഓസ്‌ട്രേലിയ തൊട്ടു പിന്നിലുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ 121 റേറ്റിങ് പോയിന്‍റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം കയ്യടക്കി വച്ചിരിക്കുന്നത്. 118 റേറ്റിങ് പോയിന്‍റുമായി ഓസീസ് രണ്ടാമതുണ്ട്. 110 റേറ്റിങ് പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്.
ALSO READ: ടെസ്റ്റിനിറങ്ങുന്നവര്‍ക്ക് വമ്പന്‍ ചാകര; കാത്തിരിക്കുന്നത് ലക്ഷങ്ങള്‍, പദ്ധതി പ്രഖ്യാപിച്ച് ബിസിസിഐ
അതേസമയം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചതിനൊപ്പം തന്നെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളിലെ ഒന്നാം സ്ഥാനവും ഇന്ത്യ സുരക്ഷിതമാക്കിയിരുന്നു. 68.51 വിജയശതമാനവുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. നിലവില്‍ ഒമ്പത് ടെസ്റ്റുകളില്‍ നിന്നും ആറ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 74 പോയിന്‍റാണ് ടീമിനുള്ളത്. 60.00 പോയിന്‍റ് ശതമാനവുമായി ന്യൂസിലന്‍ഡും 59.09 പോയിന്‍റ് ശതമാനവുമായി ഓസ്‌ട്രേലിയയുമാണ് പിന്നിലുള്ളത്.