സെന്‍റ് ലൂസിയ : ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയക്ക് മുന്നിൽ 206 റൺസ് വിജയലക്ഷ്യം മുന്നിലേക്ക് വച്ച് ഇന്ത്യ. സെന്‍റ് ലൂസിയയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 5 വിക്കറ്റ് നഷ്‌ടത്തിലാണ് 205 റൺസ് നേടിയത്. 92 റൺസ് അടിച്ചെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ മികവിലാണ് ഇന്ത്യ തകർപ്പൻ സ്കോറിലേക്ക് എത്തിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ ടീം ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ വിരാട് കോലിയെ നഷ്‌ടമായി. അക്കൗണ്ട് തുറക്കും മുൻപ് ജോഷ് ഹെയ്‌സൽവുഡ് ആയിരുന്നു കോലിയെ തിരികെ പവലിയനിൽ എത്തിച്ചത്.
മൂന്നാം ഓവറിൽ ഹിറ്റ്മാൻ രോഹിത്തിന്‍റെ വെടിക്കെട്ട്. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെതിരെ 29 റൺസാണ് ഈ ഓരോവറിൽ രോഹിത് അടിച്ചെടുത്തത്. അഞ്ചാം ഓവർ എറിയാനെത്തിയ കമ്മിൻസും രോഹിതിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു.
കമ്മിൻസിനെ 15 റൺസ് അടിച്ച രോഹിത് നേരിട്ട 20-ആം പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കി. അഞ്ച് സിക്‌സിന്‍റെയും നാല് ഫോറിന്‍റെയും അകമ്പടിയിലാണ് രോഹിത് ഫിഫ്റ്റി തികച്ചത്. രോഹിത് കത്തിക്കയറിയ പവർ പ്ലേയിൽ ഇന്ത്യ 60 റൺസ് അടിച്ചെടുത്തു.
എട്ടാം ഓവറിലാണ് പന്തിനെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. 14 പന്തിൽ 15 റൺസ് നേടിയ താരത്തെ മാർക്കസ് സ്റ്റോയിനിസ് പുറത്താക്കുകയായിരുന്നു. തുടർന്നും രോഹിത് അതിവേഗം സ്കോർ ഉയർത്തി.
12-ആം ഓവറിലെ രണ്ടാം പന്തിൽ സെഞ്ച്വറിക്ക് 8 റൺസ് അകലെ രോഹിത് വീണു. നാലാം നമ്പറിൽ എത്തിയ സൂര്യയും മികച്ച പ്രകടനം നടത്തി. 16 പന്തിൽ 31 ആയിരുന്നു സൂര്യയുടെ സമ്പാദ്യം. ശിവം ദുബെ 28 റൺസ് നേടി പുറത്തായി. ഹാർദിക് പാണ്ട്യ (27), രവീന്ദ്ര ജഡേജ (9) എന്നിവർ പുറത്താകാതെ നിന്നു.