ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് വേദിയാകുന്ന ന്യൂയോര്‍ക്കിലെ നാസോ ഇന്‍റര്‍നാഷണല്‍ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചിന്‍റെ നിലവാരം മെച്ചപ്പെടുത്താൻ ഐസിസി. പിച്ചിന്‍റെ നിലവാരത്തെ ചൊല്ലി വിമര്‍ശനം രൂക്ഷമായ സാഹചര്യത്തിലാണ് ഐസിസിയുടെ നീക്കം. ലോകകപ്പില്‍ ശ്രീലങ്ക-ദക്ഷിണാഫ്രിക്ക, ഇന്ത്യ-അയര്‍ലന്‍ഡ് ടീമുകള്‍ തമ്മിലേറ്റുമുട്ടിയ രണ്ട് മത്സരങ്ങളാണ് ഈ വേദിയില്‍ നടന്നത്.
ഈ രണ്ട് മത്സരങ്ങളു ചെറിയ സ്കോറില്‍ ഒതുങ്ങുകയും ചെയ്‌തിരുന്നു. ഇന്ത്യ - അയര്‍ലന്‍ഡ് മത്സരത്തോടെയാണ് പിച്ചിന്‍റെ നിലവാരത്തെ കുറിച്ചുള്ള ചര്‍ച്ചകളും വ്യാപകമായത്. ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്‍റുകള്‍ക്ക് ഇത്തരത്തിലുള്ള പിച്ചുകള്‍ അല്ല ഒരുക്കേണ്ടത് എന്ന ആക്ഷേപവും ഉയര്‍ന്നു.
അയര്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കയ്യില്‍ പന്ത് കൊണ്ടതിനെ തുടര്‍ന്ന് ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശര്‍മ റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയായിരുന്നു. ഭാഗ്യം കൊണ്ടായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇത്തരം സാഹചര്യങ്ങള്‍ മത്സരത്തിലുണ്ടായതോടെയാണ് പിച്ചിന്‍റെ നിലവാരത്തെ ആരാധകരും ചോദ്യം ചെയ്‌തത്.
ഇതോടെ, ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിന് മുന്‍പ് പിച്ചിന്‍റെ നിലവാരം ഉയര്‍ത്തണമെന്ന വാദങ്ങളും ഉയര്‍ന്നിരുന്നു. പിച്ചിന്‍റെ നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഇവിടെ കളിക്കുന്ന കൂടുതല്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാൻ സാധ്യതകള്‍ ഏറെയാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് പിച്ചിന്‍റെ നിലവാരം ഉയര്‍ത്താൻ ഐസിസി തയ്യാറെടുക്കുന്നത്.
നാസോ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചിലെ പോരായ്‌മകള്‍ പരിഹരിക്കാൻ വേണ്ട ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഐസിസി പ്രസ്‌താവനയിലൂടെ അറിയിച്ചു. ലോകകപ്പില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി നിലവാരമുള്ള പിച്ച് ഒരുക്കാനാണ് ശ്രമിക്കുന്നത്. ഇതിന് വേണ്ടി വിദഗ്‌ധ സംഘം ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ഐസിസി വ്യക്തമാക്കി.