ദുബായ്: വനിത ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലൻഡിനോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ മത്സരത്തില്‍ 58 റണ്‍സിനായിരുന്നു ഇന്ത്യ കിവീസിന് മുന്നില്‍ അടിയറവ് പറഞ്ഞത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 19 ഓവറില്‍ 102 റണ്‍സില്‍ എല്ലാവരും പുറത്താകുകയായിരുന്നു.
നാല് വിക്കറ്റ് നേടിയ റോസ്‌മേരി മെയ്‌റിന്‍റെ തകര്‍പ്പൻ ബൗളിങ് പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തത്. ലിയ തുഹുഹു മൂന്ന് വിക്കറ്റും സ്വന്തമാക്കി. 15 റണ്‍സ് നേടിയ ക്യാപ്‌റ്റൻ ഹര്‍മൻപ്രീത് കൗര്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആദ്യ മത്സരത്തില്‍ തന്നെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ ടീം ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് ചെറുതായിട്ടെങ്കിലും മങ്ങലേറ്റിട്ടുണ്ടെന്ന് പറയാം. ചിരവൈരികളായ പാകിസ്ഥാൻ, ഏഷ്യൻ ചാമ്പ്യന്മാരായ ശ്രീലങ്ക, നിലവിലെ ലോക ജേതാക്കളായ ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ ഇനി ഇന്ത്യയുടെ മത്സരങ്ങള്‍. ഈ മത്സരങ്ങളില്‍ വമ്പൻ മാര്‍ജിനിലുള്ള ജയം നേടാൻ സാധിച്ചില്ലെങ്കില്‍ ഇത്തവണയും ഇന്ത്യയ്‌ക്ക് കിരീടമില്ലാതെ മടങ്ങേണ്ടി വന്നേക്കാം.
നിലവില്‍ -2.900 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. റണ്‍റേറ്റ് മെച്ചപ്പെടുത്തി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായിട്ടെങ്കിലും സെമി ഫൈനലിലേക്ക് കടക്കുക എന്ന ലക്ഷ്യത്തിലാകും ഹര്‍മനും കൂട്ടരും വരും മത്സരങ്ങളില്‍ കളിക്കാനിറങ്ങുക. ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങളും ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുന്നതായിരിക്കും.
Also Read : നയാ പെെസയില്ല; നാലു മാസത്തെ ശമ്പളം കിട്ടാതെ പാക് താരങ്ങള്‍, പ്രതിസന്ധി