മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) വീണ്ടും കളിക്കളത്തില്‍. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് നാല് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ഡിവൈ പാട്ടീല്‍ ടി20 കപ്പിലൂടെയാണ് ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവ്.
ബിപിസിഎല്ലിനെതിരായ മത്സരത്തില്‍ റിലയന്‍സ് 1-ന്‍റെ ക്യാപ്റ്റനായാണ് 30-കാരന്‍ കളിക്കാന്‍ ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ബിപിസിഎല്ലിനെതിരെ മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്‌ത്താന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നു. ബാറ്റിങ്ങിനെത്തിയപ്പോള്‍ നാല് പന്തില്‍ മൂന്ന് റണ്‍സുമായി പുറത്താവാതെ നിന്ന 30-കാരന്‍ ടീമിന്‍റെ വിജയം ഉറപ്പിക്കുകയും ചെയ്‌തു. 10-ാം നമ്പറിലായിരുന്നു ഹാര്‍ദിക് ബാറ്റ് ചെയ്യാന്‍ എത്തിയത്.
2023-ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഒക്‌ടോബര്‍ 19-ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന്‍റെ കാല്‍ക്കുഴയ്‌ക്ക് പരിക്ക് പറ്റുന്നത്. പന്തെറിഞ്ഞതിന് ശേഷം ബംഗ്ലാദേശ് ബാറ്ററുടെ ഷോട്ട് തടുക്കാനുള്ള ശ്രമമാണ് താരത്തിന് പരിക്കിന് വഴിയൊരുക്കിയത്. ഇതിന് ശേഷം കളിക്കളത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു ഹാര്‍ദിക്.
ഇതോടെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ ടീമുകള്‍ക്ക് എതിരായ ലിമിറ്റഡ് ഓവര്‍ പരമ്പരകള്‍ താരത്തിന് നഷ്‌ടമാവുകയും ചെയ്‌തു. ഐപിഎല്ലിന് ഏതാനും ആഴ്‌ചകള്‍ മാത്രം ശേഷിക്കെയാണ് ഹാര്‍ദിക്കിന്‍റെ മടങ്ങിവരവ്. മുംബൈ ഇന്ത്യന്‍സിന് സംബന്ധിച്ച് ഏറെ ആശ്വാസമുള്ള കാര്യമാണിത്.
ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ (IPL 2024) ഹാര്‍ദിക്കിനെ തങ്ങളുടെ നായകനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡിലൂടെയാണ് മുംബൈ തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്. 30-കാരന് ക്യാപ്റ്റന്‍സി നല്‍കുന്നതിനായി ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായ രോഹിത് ശര്‍മയെയാണ് ഫ്രാഞ്ചൈസി ചുമതലയില്‍ നിന്നും മാറ്റിയത്.
മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്‍റിന്‍റെ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആരാധകര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ടീമിലെ പ്രധാന താരങ്ങളായ സൂര്യകുമാര്‍ യാദവ്, ജസ്‌പ്രീത് ബുംറ (Jasprit Bumrah) എന്നിവര്‍ നേരിട്ടല്ലെങ്കിലും വിഷയത്തില്‍ തങ്ങളുടെ അതൃപ്‌തി പരസ്യമാക്കിയിരുന്നു. ഹാര്‍ദിക്കിന്‍റെ മടങ്ങിവരവിന് തൊട്ടുപിന്നാലെ "നിശബ്‌ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല ഉത്തരം" എന്നായിരുന്നു ബുംറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടത്.
ടീമിന്‍റെ ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെ 'ഹൃദയം തകർന്നത്' കാണിക്കുന്ന ഇമോജിയായിരുന്നു സൂര്യകുമാര്‍ യാദവ് (Suryakumar yadav) എക്‌സില്‍ പോസ്റ്റ് ചെയ്‌തത്. വിഷയത്തില്‍ രോഹിത് (Rohit Sharma) പ്രതിരിച്ചിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍സി മാറ്റത്തെ ന്യായീകരിച്ച മുംബൈ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്ക് എതിരെ രോഹിത്തിന്‍റെ ഭാര്യ റിതിക രംഗത്ത് എത്തിയത് ശ്രദ്ധേയമാണ്.
മാര്‍ച്ച് 22-ാണ് ഐപിഎല്‍ ആരംഭിക്കുന്നത്. പിന്നാലെ ജൂണില്‍ ടി20 ലോകകപ്പും നടക്കാനിരിക്കെ ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവ് ഇന്ത്യയ്‌ക്കും മുതല്‍ക്കൂട്ടാവും. ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുമെന്ന് നേരത്തെ തന്നെ ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്.