മൊഹാലി : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മൊഹാലിയില്‍ പഞ്ചാബിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒൻപത് റണ്‍സിനായിരുന്നു മുംബൈയുടെ ജയം. അവസാന ഓവര്‍ വരെ പോരാടിയാണ് മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് ജയം പിടിച്ചത്.
പഞ്ചാബിനെതിരെ ജയം നേടാൻ സാധിച്ചെങ്കിലും മുംബൈ നായകൻ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഒരു മുട്ടൻ പണിയാണ് കിട്ടിയിരിക്കുന്നത്. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഹാര്‍ദിക്കിന് പിഴയടയ്‌ക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് 12 ലക്ഷം രൂപയാണ് മാച്ച് റഫറി പിഴയായി വിധിച്ചിരിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളില്‍ രണ്ട് ഓവറിന് പിന്നിലായിരുന്നു മുംബൈ ഇന്ത്യൻസ്. ഇതോടെയാണ് മത്സരശേഷം കുറഞ്ഞ ഓവര്‍ നിരക്ക് എന്ന കുറ്റത്തിന് മുംബൈ നായകന് അധികൃതര്‍ പിഴയിട്ടത്. മുംബൈ ക്യാപ്‌റ്റനായി ഹാര്‍ദിക്കിന് ലഭിക്കുന്ന ആദ്യത്തെ പിഴ കൂടിയാണ് ഇത്.
അതേസമയം, മൊഹാലിയില്‍ 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന്‍റെ മുൻ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ എറിഞ്ഞിടാൻ മുംബൈ ഇന്ത്യൻസ് ബൗളര്‍മാര്‍ക്കായി. 14 റണ്‍സിലാണ് പഞ്ചാബിന്‍റെ ആദ്യ നാല് വിക്കറ്റും മുംബൈ സ്വന്തമാക്കിയത്. മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ 77-6 എന്ന നിലയിലേക്ക് വീണ പഞ്ചാബിന് ജീവശ്വാസം നല്‍കുന്ന ഇന്നിങ്‌സ് കാഴ്‌ചവച്ചത് ശശാങ്ക് സിങ്ങും അഷുതോഷ് ശര്‍മയും ചേര്‍ന്നാണ്.
25 പന്തില്‍ 41 ആയിരുന്നു ശശാങ്ക് സിങ്ങിന്‍റെ സമ്പാദ്യം. ശശാങ്ക് പുറത്തായതോടെ അഷുതോഷ് ശര്‍മയാണ് പഞ്ചാബ് സ്കോര്‍ ഉയര്‍ത്തിയത്. മുംബൈ ബൗളര്‍മാരെ അനായാസം നേരിട്ട 25കാരനായ താരം വേഗത്തിലാണ് റണ്‍സ് അടിച്ചുകൂട്ടിയത്. അഷുതോഷ് കത്തിക്കയറിയതോടെ മുംബൈ നായകൻ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് മത്സരത്തില്‍ മുൻ നായകൻ രോഹിത് ശര്‍മയുടെയും പേസര്‍ ജസ്‌പ്രീത് ബുംറയുടെയും ഉള്‍പ്പടെ സഹായം തേടേണ്ടി വന്നിരുന്നു.
28 പന്തില്‍ 61 റണ്‍സ് നേടിയ അഷുതോഷ് ശര്‍മയുടെ വിക്കറ്റ് മത്സരത്തിന്‍റെ 18-ാം ഓവറിലാണ് മുംബൈ സ്വന്തമാക്കിയത്. ജെറാള്‍ഡ് കോട്‌സിയാണ് അഷുതോഷിനെ മടക്കിയത്. ഈ വിക്കറ്റോടെ മത്സരത്തിലേക്ക് തിരിച്ചെത്തിയ മുംബൈ അവസാന ഓവറിലെ ആദ്യ പന്തില്‍ കഗിസോ റബാഡയെ റണ്‍ ഔട്ട് ആക്കിക്കൊണ്ട് ജയം പിടിക്കുകയായിരുന്നു.