ഹൈദരാബാദ് : ടി20 ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെ ഐസിസിയുടെ ഒന്നാം നമ്പർ ഓൾറൗണ്ടറായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ശ്രീലങ്കയുടെ ക്യാപ്റ്റൻ വനിന്ദു ഹസരംഗയെ മറികടന്നാണ് ഹാര്‍ദിക് ഒന്നാമതെത്തിയത്. രണ്ട് സ്ഥാനങ്ങൾ മുന്നേറിയാണ് ഹാര്‍ദിത് തലപ്പത്തേക്ക് കുതിച്ചത്.
ഇന്ത്യയുടെ ടി20 ലോകകപ്പില്‍ നിര്‍ണായക പങ്കാണ് ഹാര്‍ദിക്കിനുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഫൈനലില്‍ ഹെൻറിച്ച് ക്ലാസന്‍റെയും ഡേവിഡ് മില്ലറുടെയും വിക്കറ്റുകളെടുത്ത് ഹാര്‍ദിക്കാണ് കളി തിരിച്ചത്. നിര്‍ണായകമായ അവസാന ഓവർ എറിഞ്ഞ ഹാർദിക് 16 റൺസ് പ്രതിരോധിച്ചാണ് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് എത്തിച്ചത്.
ടൂര്‍ണമെന്‍റില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് കാട്ടാന്‍ ഹാര്‍ദിക്കിനായി. 150-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 144 റൺസ് നേടിയ താരം 11 വിക്കറ്റുകളും സ്വന്തമാക്കി. ഇതാദ്യമായാണ് താരം ടി20 റാങ്കിങ്ങില്‍ തലപ്പത്ത് എത്തുന്നത്.
ടി20 ഓൾറൗണ്ടർ റാങ്കിംഗിൽ ആദ്യ പത്തിലുള്ള മാർക്കസ് സ്റ്റോയിനിസ്, സിക്കന്ദർ റാസ, ഷാക്കിബ് അൽ ഹസൻ, എന്നിവർ ഒരോ സ്ഥാനം വീതം ഉയർന്ന് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനത്തുണ്ട്. ലോകകപ്പില്‍ തിളങ്ങാന്‍ കഴിയാതിരുന്ന മുഹമ്മദ് നബി നാല് സ്ഥാനങ്ങൾ താഴ്‌ന്ന് ആദ്യ അഞ്ചിൽ നിന്ന് പുറത്തായി. ഏഴ് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേല്‍ 12-ാമതുണ്ട്.
ടി20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ ആൻറിച്ച് നോർട്ട്ജെ ഏഴ് സ്ഥാനങ്ങൾ ഉയർന്ന് കരിയറിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാനത്തെത്തി. 675 റേറ്റിങ് പോയിന്‍റുമായി ആദിൽ റഷീദാണ് ഒന്നാം സ്ഥാനത്ത്.
ടി20 ലോകകപ്പിന്‍റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ ജസ്‌പ്രീത് ബുംറയും റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പ് നടത്തി. 15 വിക്കറ്റ് വീഴ്ത്തിയ താരം 12-ാം റാങ്കിലാണുള്ളത്. 2020-ന് ശേഷം ഫോര്‍മാറ്റില്‍ ബുംറയുടെ ഉയര്‍ന്ന റാങ്കിങ്ങാണിത്. കുൽദീപ് യാദവും ബൗളിങ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അർഷ്‌ദീപ് സിങ് കരിയറിലെ ഏറ്റവും മികച്ച 13-ാം സ്ഥാനത്തെത്തി.