മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം പതിപ്പിന്‍റെ ആവേശം മുറുകുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ സീസണില്‍ ഫൈനലിലെത്തുന്ന ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളാവും ഫൈനല്‍ കളിക്കുകയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച് തന്‍റെ യൂട്യൂബ് ചാനലില്‍ ഹര്‍ഭജന്‍റെ ബാക്കുകള്‍ ഇങ്ങനെ....
"കെകെആറും ആർസിബിയും ഐപിഎല്‍ ഫൈനൽ കളിക്കുമെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ സംഭവിച്ചാൽ വിരാട് കോലിയും ഗൗതം ഗംഭീറും വീണ്ടും മുഖാമുഖമെത്തും. ഇവിടെ നിന്നും ആര്‍സിബിയ്‌ക്ക് കിരീടം നേടാന്‍ കഴിയും. ഓരോ റണ്ണിനും വേണ്ടി അവർ കഠിനമായി പൊരുതി. ഈ ഊർജത്തിൽ കളിച്ചാൽ ഈ ടീമിനെ തടയുക ഏറെ പ്രയാസം തന്നെയാണ്" ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.
അതേസമയം പുറത്താവലിന്‍റെ വക്കില്‍ നിന്നുമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേഓഫിലേക്ക് പൊരുതിക്കയറിയത്. തുടര്‍ തോല്‍വികളില്‍ വലഞ്ഞ് ഒരു ഘട്ടത്തില്‍ പോയിന്‍റ് ടേബളില്‍ അവസാന സ്ഥാനക്കായിരുന്നു അവര്‍. എന്നാല്‍ അവസാനം കളിച്ച ആറ് മത്സരങ്ങളും വിജയിച്ചാണ് ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീം അവസാന നാലിലേക്ക് എത്തിയത്.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ബാറ്റ് ചെയ്യാന്‍ ഇറങ്ങവെ 18 റണ്‍സ് വ്യത്യാസത്തിലുള്ള വിജയം മാത്രമായിരുന്നു ബെംഗളൂരുവിന് മുന്നോട്ട് പോകാനുള്ള ഏകമാര്‍ഗം. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27 റണ്‍സിന്‍റെ വിജയം നേടി മുന്നേറ്റം ഉറപ്പിക്കാന്‍ ടീമിന് കഴിഞ്ഞു.
ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 218 റണ്‍സായിരുന്നു നേടിയിരുന്നത്. ഫാഫ് ഡുപ്ലെസിസ് (39 പന്തില്‍ 54), വിരാട് കോലി (29 പന്തില്‍ 47), രജത് പടിദാര്‍ (23 പന്തില്‍ 41) എന്നിവര്‍ നിര്‍ണായകമായി. മറുപടിക്ക് ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സിലേക്കെ എത്താന്‍ കഴിഞ്ഞുള്ളൂ. രചിന്‍ രവീന്ദ്ര (37 പന്തില്‍ 61), രവീന്ദ്ര ജഡേജ (22 പന്തില്‍ 42*), അജിങ്ക്യ രഹാനെ (22 പന്തില്‍ 33) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.