മുംബൈ : ബിസിസിഐയുടെ (BCCI) കേന്ദ്ര കരാറില്‍ നിന്നും ഇഷാന്‍ കിഷന്‍ (Ishan Kishan), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവര്‍ പുറത്തായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഹര്‍ഭജന്‍ സിങ് (Harbhajan Singh). കരാറില്‍ നിന്നും പുറത്തായെന്ന് കരുതി ഇരുവര്‍ക്കും മുന്നില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള വഴി അടഞ്ഞിട്ടില്ലെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ഇതുസംബന്ധിച്ച് ഹര്‍ഭജന്‍റെ വാക്കുകള്‍ ഇങ്ങനെ.
വഴിയടഞ്ഞിട്ടില്ല : ''സെലക്ഷന്‍ പ്രക്രിയയില്‍ എല്ലാ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പഴയപോലെയല്ല ഇപ്പോള്‍ അവരെ തെരഞ്ഞെടുക്കുക. അത് അവരുടെ ഫോമിനെയും ടീമിന് അവരുടെ സേവനം ആവശ്യമുണ്ടോ എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. കരാര്‍ ഇല്ലെന്ന് കരുതി അവര്‍ക്ക് തിരിച്ചുവരാനുള്ള വഴി അടഞ്ഞുവെന്നല്ല അത് അര്‍ത്ഥമാക്കുന്നത്. അവര്‍ക്ക് ഇനിയും തിരികെ എത്താനാവും" - ഹര്‍ഭജന്‍ പറഞ്ഞു.
ഒരു പാഠമായിരിക്കട്ടെ : ബിസിസിഐയുടെ നടപടി ഒരു പാഠമാണെന്നും മുന്‍ താരം വ്യക്തമാക്കി. ''ബിസിസിഐ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടി അവര്‍ക്കൊരു പാഠമാണ്. ബിസിസിഐ എന്ത് നടപടി സ്വീകരിച്ചാലും അത് അവരുടെ ഉന്നമനത്തിന് വേണ്ടിയുള്ളതായിരുന്നു. അവര്‍ അങ്ങനെ തന്നെ അതിനെ സ്വീകരിക്കണമായിരുന്നു.
ഇതിനെ ഞാന്‍ തികച്ചും ക്രിയാത്മകമായ രീതിയിലാണ് കാണുന്നത്. കാരണം ഇവിടെ നിന്നും അവർക്ക് ഏറെ മികച്ച കളിക്കാരായി ഉയർന്നുവരാൻ കഴിയുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ആ സമയത്ത് എന്തായിരുന്നു അവരുടെ മനസിലുണ്ടായിരുന്നത് എന്ന കാര്യം നമുക്ക് ആര്‍ക്കും അറിയില്ല. അവര്‍ രണ്ടുപേരും മികച്ച ക്രിക്കറ്റര്‍മാരാണ്. ഭാവിയില്‍ ഇന്ത്യയ്‌ക്കായി ധാരാളം മത്സരങ്ങള്‍ വിജയിക്കുമെന്ന് എനിക്ക് തോന്നുന്നു'' - ഹര്‍ഭജന്‍ സിങ് പറഞ്ഞുനിര്‍ത്തി.
ഇഷാനേയും ശ്രേയസിനേയും എന്തുകൊണ്ടാണ് കരാര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവര്‍ക്കും കരാര്‍ നഷ്‌ടമായത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും അവധിയെടുത്ത ഇഷാന് പിന്നീട് ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിരുന്നില്ല.
ടീമിലേക്ക് തിരികെ എത്താന്‍ ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പടെ പലകുറി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രഞ്‌ജി ട്രോഫിയില്‍ നിന്നും താരം പൂര്‍ണമായി വിട്ടുനിന്നു. ഇതിനിടെ ഐപിഎല്ലിനായി താരം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സിന്‍റെ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പമായിരുന്നു ഇഷാന്‍റെ പരിശീലനം.
ശ്രേയസ് ആവട്ടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ കളിച്ചിരുന്നു. തിളങ്ങാന്‍ കഴിയാതിരുന്ന താരത്തിന് രണ്ടാം ടെസ്റ്റിന് പിന്നാലെ മുതുകുവേദന അനുഭവപ്പെട്ടിരുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ക്കായുള്ള സ്‌ക്വാഡില്‍ നിന്ന് പുറത്തായെങ്കിലും ശ്രേയസിന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചിരുന്നു.
ALSO READ: കോലിയുടെ പ്രത്യേകത ഇതാണ്, ഇനി കൂടുതല്‍ അപകടകാരി ; എതിരാളികള്‍ക്ക് മുന്നറിയിപ്പ്
എന്നാല്‍ തന്‍റെ ടീമിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ശ്രേയസും ഇറങ്ങിയില്ല. പരിക്ക് പറഞ്ഞ് മാറിനിന്ന താരം, എന്നാല്‍ ഐപിഎല്ലില്‍ തന്‍റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പരിശീലന ക്യാമ്പിന് ഇറങ്ങിയിരുന്നു.