ന്യൂഡല്‍ഹി: വനിത ടി20 ലോകകപ്പിലെ ഹോട് ഫേവറിറ്റ്‌സാണ് ഹര്‍മൻപ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം. ക്യാപ്‌റ്റൻ കൗറിന് പുറമെ സ്‌മൃതി മന്ദാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂര്‍ തുടങ്ങി വൻ താരനിര തന്നെ ഇക്കുറി ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുന്നുണ്ട്. ആദ്യ കിരീടമാണ് ടീമിന്‍റെ ലക്ഷ്യം.
ആദ്യ കിരീടം ലക്ഷ്യമിട്ട് ലോകകപ്പ് പോരില്‍ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകള്‍ ആയിരിക്കുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരമായ ഹര്‍ഭജൻ സിങ്. ഈ ഇരുടീമുകള്‍ക്കെതിരെയും ഇന്ത്യ ശ്രദ്ധയോടെ കളിക്കണമെന്നാണ് ഹര്‍ഭജൻ സിങ് നല്‍കുന്ന മുന്നറിയിപ്പ്. ഹര്‍ഭജന്‍റെ വാക്കുകള്‍ ഇങ്ങനെ...
'ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ലോകകപ്പില്‍ മത്സരിക്കുന്നത്. ആദ്യ റൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം ഇന്ത്യയ്‌ക്ക് കടുപ്പമേറിയതായിരിക്കും. ആ മത്സരം വളരെ ശ്രദ്ധയോടെ വേണം ഇന്ത്യ കളിക്കേണ്ടത്.
മികച്ച ടീമുകളില്‍ ഒന്നാണ് അവരുടേത്. ദുബായില്‍ ആണ് ലോകകപ്പ് നടക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ മാത്രമാണ് അവരുടേതല്ലാത്ത സാഹചര്യങ്ങള്‍. എന്നാല്‍പോലും എവിടെ കളിച്ചാലും അവരെ പരാജയപ്പെടുത്തുക എന്നത് പ്രയാസകരമായ കാര്യമാണ്.
ശ്രീലങ്കയേയും എഴുതിതള്ളാൻ കഴിയില്ല. അടുത്തിടെ നടന്ന പരമ്പരയില്‍ ഇന്ത്യയെ പരാജയപ്പെടുത്താൻ അവര്‍ക്കായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കെതിരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരിക്കും അവരും കളിക്കാനെത്തുക'- ഹര്‍ഭജൻ വ്യക്തമാക്കി.
ഐസിസി വനിത ടി20 ലോകകപ്പില്‍ നാളെയാണ് (ഒക്‌ടോബര്‍ 4) ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തരായ ന്യൂസിലൻഡിനെയാണ് മത്സരത്തില്‍ ഇന്ത്യ നേരിടുക. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
Also Read : 'ഇങ്ങനാണേല്‍ ഞങ്ങളാരോടും തര്‍ക്കിക്കാനില്ല...'; റിതുരാജിന്‍റെ പുറത്താകലില്‍ കലിപ്പായി ആരാധകര്‍