മുംബൈ : ഐപിഎല്‍ കളിച്ചിരുന്ന കാലത്ത് താൻ ഏറ്റവും ഭയപ്പെട്ടിരുന്ന ബാറ്ററുടെ പേര് വെളിപ്പെടുത്തി മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ ഗൗതം ഗംഭീര്‍ (Batter Feared Most In IPL). മുംബൈ ഇന്ത്യൻസിന്‍റെ മുൻ നായകൻ രോഹിത് ശര്‍മയെ ആണ് താൻ ഏറെ ഭയപ്പെട്ടിരുന്നതെന്നാണ് ഗൗതം ഗംഭീറിന്‍റെ വെളിപ്പെടുത്തല്‍. ടി20യിലെ വമ്പനടിക്കാരായ ക്രിസ് ഗെയില്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ താൻ പേടിച്ചിരുന്നില്ലെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു (Gautam Gambhir On Rohit Sharma).
'ഐപിഎല്‍ കളിക്കുന്ന സമയത്ത് ഒരു താരമായിരുന്നു എനിക്ക് എപ്പോഴും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിരുന്നത്. അത് ക്രിസ് ഗെയിലോ, എബി ഡിവില്ലിയേഴ്‌സോ ആയിരുന്നില്ല. രോഹിത് ശര്‍മയായിരുന്നു.
രോഹിത്തിനെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ പ്ലാൻ എയ്‌ക്കും ബിയ്‌ക്കും പുറമെ സിയും ആവശ്യമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം, നിലയുറപ്പിച്ച് കഴിഞ്ഞാല്‍ രോഹിത്തിനെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ ഐപിഎല്ലില്‍ ഭയപ്പെട്ടിരുന്ന ബാറ്റര്‍ രോഹിത് ശര്‍മയാണ്.
രോഹിത്തിനൊഴികെ മറ്റൊരു ബാറ്ററിന് വേണ്ടിയും ഞാന്‍ അധികം പ്ലാനുകളുണ്ടാക്കിയിട്ടില്ല. അദ്ദേഹത്തിന്‍റെ ബാറ്റ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ഞാൻ സൂക്ഷ്‌മതയോടെ നിരീക്ഷിച്ചിട്ടുണ്ട്. പലപ്പോഴും മത്സരത്തിന് മുന്‍പ് ആദ്യം തീരുമാനിച്ച പദ്ധതി ഫലപ്രദമായില്ലെങ്കില്‍ മറ്റൊന്ന് വേണ്ടിവരുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
സുനില്‍ നരെയ്ന്‍റെ നാല് ഓവറുകള്‍ പൂര്‍ത്തിയായാല്‍ പിന്നീടുള്ള 16 ഓവറുകളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. മത്സരത്തിന്‍റെ തുടക്കത്തില്‍ നരെയ്‌ൻ നാല് ഓവറും പൂര്‍ത്തിയാക്കി പോകുമ്പോഴും രോഹിത് ക്രീസില്‍ ഉണ്ടെങ്കില്‍ പിന്നീടുള്ള ഓവറുകളില്‍ അവൻ 30 റണ്‍സ് എളുപ്പത്തില്‍ അടിച്ചെടുക്കാം. ക്യാപ്‌റ്റനായിരിക്കെ എന്നെ ഇത്രയും കുഴപ്പിച്ച മറ്റൊരു ബാറ്റര്‍ ഐപിഎല്ലില്‍ ഇല്ല'- ഗൗതം ഗംഭീര്‍ വ്യക്തമാക്കി.
Also Read : പ്ലീസ്, വൈകാരികമാകരുത്... രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ വിശദീകരണവുമായി പരിശീലകന്‍
ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യൻ നായകനായ രോഹിത് ശര്‍മയുടെ സ്ഥാനം. 243 മത്സരങ്ങളില്‍ നിന്നും 6211 റണ്‍സാണ് രോഹിത്തിന്‍റെ ഐപിഎല്‍ കരിയറിലുള്ളത്. കഴിഞ്ഞ കുറച്ചുസീസണുകളിലായി ഐപിഎല്ലില്‍ കാര്യമായ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കായിട്ടില്ലെങ്കിലും വരുന്ന സീസണില്‍ താരം മികവിലേക്ക് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.