മുംബൈ: സ്‌പിന്നര്‍മാരെ പ്രതിരോധിക്കുന്നതില്‍ ബാറ്റര്‍മാര്‍ പരാജയപ്പെടാൻ കാരണം ടി20 ക്രിക്കറ്റാണെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീര്‍. എത്രത്തോളം ടി20 മത്സരങ്ങള്‍ കളിക്കുന്നുവോ അത്രത്തോളം തന്നെ താരങ്ങള്‍ സ്പിന്നര്‍മാരെ പ്രതിരോധിക്കാൻ പാടുപെടുന്നുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം നാളെ മുംബൈയില്‍ ആരംഭിക്കാനിരിക്കെയാണ് ഗംഭീറിന്‍റെ വിചിത്രവാദം.
പൂനെയില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കിവീസ് സ്പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറുടെ തകര്‍പ്പൻ പ്രകടനമായിരുന്നു ഇന്ത്യയെ 113 റണ്‍സിന്‍റെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. രണ്ട് ഇന്നിങ്‌സുകളിലായി 13 വിക്കറ്റാണ് മത്സരത്തില്‍ സാന്‍റ്‌നര്‍ സ്വന്തമാക്കിയത്. സീനിയര്‍ താരങ്ങളായ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ പോലും സാന്‍റ്‌നറുടെ വേരിയേഷനുകള്‍ക്ക് മുന്നില്‍ പതറിപ്പോയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'എത്രയധികം ടി20 മത്സരങ്ങള്‍ കളിക്കുന്നുവോ അത്രയധികം ആളുകള്‍ സ്പിന്നര്‍മാരെ പ്രതിരോധിക്കാൻ പാടുപെടും. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങള്‍ എല്ലായിപ്പോഴും എതിര്‍ ബൗളര്‍മാരെ നല്ല രീതിയിലാണ് പ്രതിരോധിച്ചിരുന്നത്. ടി20യിലും ടെസ്റ്റിലും വിജയകരമായി കളിക്കാൻ സാധിക്കുന്ന ഒരാളാണ് കംപ്ലീറ്റ് ക്രിക്കറ്റര്‍. അയാള്‍ക്ക്, ഏത് സാഹചര്യവുമായി തന്‍റെ പൊരുത്തപ്പെടാൻ അയാളുടെ ഗെയിമിന് സാധിക്കും. എന്നാല്‍, കൂടുതല്‍ ടി20 ക്രിക്കറ്റ് കളിക്കുന്നതോടെ മറ്റ് പല ടീമുകള്‍ക്കും ഈ പ്രശ്‌നം നേരിടേണ്ടി വന്നേക്കാം'- ഗംഭീര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ആശ്വാസ ജയം തേടിയാണ് നാളെയിറങ്ങുന്നത് (നവംബര്‍ 1). മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലാണ് മത്സരം. സ്പിന്നര്‍മാരെ ആദ്യ ദിനം മുതല്‍ തുണയ്‌ക്കുന്ന വിക്കറ്റിലാണ് മൂന്നാം മത്സരം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read : ടെസ്റ്റ് റാങ്കിങ്; ബൗളര്‍മാരിലെ ഹീറോ ഇനി കഗിസോ റബാഡ, ബുംറ പിന്നിലേക്ക്