പാരിസ്: ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലയ്ക്ക് നേരെ ആക്രമണം. പാരിസ് ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ആക്രമണം ഉണ്ടായത്. റെയില്‍പാതയില്‍ തീയിടല്‍ അടക്കമുള്ള നിരവധി ആക്രമണം അതിവേഗ ട്രെയിന്‍ ശൃംഖലയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തി.
2024 പാരിസ് ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ആക്രമണം. അതിവേഗ ട്രെയിന്‍ പാതയുടെ പലയിടത്തും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നും ഫ്രഞ്ച് റെയില്‍വേ ഓപ്പറേറ്റര്‍മാരായ എസ്എന്‍സിഎഫ് റിപ്പോര്‍ട്ട് ചെയ്‌തു.
രാജ്യത്തെ പടിഞ്ഞാറ്, വടക്ക്, കിഴക്ക് ഭാഗത്തെ സര്‍വീസുകളെയാണ് ഇത് ബാധിച്ചത്. ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വൈകുകയും ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. ഈ വാരാന്ത്യം വരെ ട്രെയിന്‍ ശൃംഖലയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഫ്രഞ്ച് ജനതയുടെ അവധി യാത്രകളെ ഇത് വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും താന്‍ ഇതിനെ ശക്തമായി അപലപിക്കുന്നെന്നും ഗതാഗത മന്ത്രി പട്രിസ് വെര്‍ഗ്രെയ്‌റ്റ് എക്‌സില്‍ കുറിച്ചു.
എത്രയും വേഗം ഗതാഗത പുനസ്ഥാപിച്ച ടിജിവി അധികൃതരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു. ഗെയിംസിനെതിെര പ്രവര്‍ത്തിക്കുന്നവര്‍ രാജ്യത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കായിക മന്ത്രി അമേലി ഔദിയ കസ്റ്റേര ഫ്രഞ്ച് ന്യൂസ് ചാനലായ ആയ ബിഎഫ്എമ്മിനോട് പറഞ്ഞു. റെയില്‍ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ കായിക താരങ്ങളെയും പൊതുജനങ്ങളെയും യാത്രക്കാരെയും എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് കണക്കാക്കി വരികയാണെന്നും അവര്‍ പറഞ്ഞു.
മത്സരവേദികളിലേക്ക് എല്ലാ പ്രതിനിധികളുടെയും സുഗമമായ യാത്ര ഉറപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അറ്റ്ലാന്‍റിക്, വടക്ക് കിഴക്കന്‍ മേഖല എന്നിവയെ ഇത് ബാധിച്ചിട്ടുണ്ട്. മുമ്പുണ്ടാകാത്ത സാഹചര്യമാണിതെന്ന് എസ്എന്‍സിഎഫ് പ്രതികരിച്ചു. അറ്റകുറ്റപ്പണികള്‍ നടന്ന് വരികയാണന്നും എത്രുയം വേഗം എല്ലാം പഴയപടിയാകുമെന്നും അവര്‍ അറിയിച്ചു.