ന്യൂഡല്‍ഹി: പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റേയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്‍റേയും നേതൃത്വത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് അവലംബിച്ച ആക്രമണാത്മക സമീപനമാണ് 'ബാസ്‌ബോള്‍' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നത്. ബാസ്‌ബോള്‍ (Bazball) കാലത്ത് കളിച്ച 20 ടെസ്റ്റുകളില്‍ 14 എണ്ണവും വിജയിക്കാന്‍ ഇംഗ്ലീഷ് ടീമിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ചില കോണുകളില്‍ നിന്നുള്ള വിമര്‍ശനവും ബാസ്‌ബോളിന് നേരിടേണ്ടി വന്നുവെന്നത് ശ്രദ്ധേയമാണ്.
ഇപ്പോഴിതാ ബാസ്‌ബോളിന് അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ സ്റ്റാര്‍ പേസര്‍ സ്റ്റുവർട്ട് ബ്രോഡ് (Stuart Broad). ഇന്ത്യ-ഇംഗ്ലണ്ട് (India vs England) പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സ്റ്റുവർട്ട് ബ്രോഡിന്‍റെ പ്രതികരണം. ഏതു രാജ്യത്തും ബാസ്‌ബോള്‍ ഫലപ്രദമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും താരം വ്യക്തമാക്കി.
"ബാസ്‌ബോള്‍ എനിക്കേറെ ഇഷ്‌ടപ്പെട്ടതാണ്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നിലവില്‍ 1-1ന് സമനിലയിലാണ്. എന്നാല്‍ ഏതു രാജ്യത്തെ, ഏതു സാഹചര്യത്തിലും വിജയകരമായ ഒന്നാണ് ബാസ്‌ബോളെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്.
ഇംഗ്ലണ്ട് പുറത്തെടുത്ത ഏറ്റവും മികച്ച പ്രകടനമായിരുന്നു ഹൈദരാബാദിലേത്. പാകിസ്ഥാനെതിരെ അവരുടെ മണ്ണില്‍ ഞങ്ങള്‍ മൂന്ന് മത്സര പരമ്പര തൂത്തുവാരി. ന്യൂസിലന്‍ഡിലും മികച്ച പ്രകടനം തന്നെയാണ് ഇംഗ്ലണ്ട് നടത്തിയത്. കളിയെ മുന്നോട്ട് നയിക്കുന്ന ഒരു മാനസികാവസ്ഥയാണ് 'ബാസ്ബോൾ'. കാണികളെ അതു വളരെയധികം രസിപ്പിക്കുന്നുണ്ട്"- സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു.
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ (Virat Kohli) പരമ്പരയിലെ അഭാവത്തെക്കുറിച്ചും 37-കാരന്‍ സംസാരിച്ചു. കോലി കളിക്കാത്തത് പരമ്പരയ്‌ക്ക് തന്നെ നാണക്കേടാണെന്നാണ് താരം പറയുന്നത്. "ഇന്ത്യന്‍ നിരയില്‍ വിരാട് കോലി കളിക്കാതിരിക്കുന്നത് ഈ പരമ്പരയ്‌ക്ക് തന്നെ നാണക്കേടാണ്.
കോലി വളരെ നിലവാരമുള്ള കളിക്കാരനാണ്. ക്രിക്കറ്റിനോട് തികഞ്ഞ അഭിനിവേശവും അദ്ദേഹത്തിനുണ്ട്. തീര്‍ച്ചയായും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ കോലി കളിക്കാതിരിക്കുന്നതിലൂടെ ഒരു യുവ താരത്തിന് അവസരം ലഭിക്കുന്നുണ്ട്"- സ്റ്റുവർട്ട് ബ്രോഡ് കൂട്ടിച്ചേര്‍ത്തു.
അതേസമയം വ്യക്തിപരമായ കാരണങ്ങളാലാണ് വിരാട് കോലി പരമ്പരയില്‍ കളിക്കാതിരുന്നത്. 35-കാരന്‍റെ തീരുമാനത്തെ അംഗീകരിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നതായി ബിസിസിഐ അറിയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നും കോലി പിന്മാറിയതിന് പിന്നാലെ താരവും ഭാര്യ അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഡിവില്ലിയേഴ്‌സ് പിന്നീട് തന്‍റെ പ്രസ്‌താവനയില്‍ യൂടേണടിച്ചു. തനിക്ക് വലിയ പിഴവ് സംഭവിച്ചു. കോലിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ലെന്നുമായിരുന്നു താരം പ്രതികരിച്ചത്.
ALSO READ: അവന്‍റെ പ്രായം 20 വയസല്ല; ഭരത്തിനെ ഇനിയും പിന്തുണയ്‌ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മഞ്ജരേക്കര്‍