തൃശൂർ : മുന്‍ ഫുട്‌ബോള്‍ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു. ഫുട്ബോൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ ഫുട്ബോൾ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിയാണ് ടി കെ ചാത്തുണ്ണി. അര്‍ബുദ ബാധിതനായ അദ്ദേഹം കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (ജൂൺ 12) രാവിലെ 7.45 ഓടെടെയാണ് മരിച്ചത്.
സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. കളിക്കാരന്‍ എന്ന നിലയില്‍ 15 വര്‍ഷം നീണ്ടുനിന്നതായിരുന്നു ടി കെ ചാത്തുണ്ണിയുടെ ഫുട്‌ബോള്‍ ജീവിതം. ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ ടീമില്‍ ചേരാന്‍ പോയി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച ക്ലബുകളുടെ കളിക്കാരനായി പേരും പെരുമയും അദ്ദേഹം നേടിയെടുത്തു.
കേരള പൊലീസ്, ചരിത്രത്തിലാദ്യമായി ഫെഡറേഷൻ കപ്പ് നേടുമ്പോൾ പരിശീലകനായിരുന്നു ചാത്തുണ്ണി. ഐ എം വിജയൻ അടക്കമുള്ള താരങ്ങളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 'ഫുട്ബോൾ മൈ സോൾ' എന്ന പേരിലാണ് അദ്ദേഹം ആത്മകഥ പ്രസിദ്ധീകരിച്ചത്. കളിക്കാരനെന്നതിൽ ഉപരി പരിശീലക വേഷത്തിലാണ് ചാത്തുണ്ണി നേട്ടങ്ങൾ കൊയ്‌തത്. സർവീസസ്, ഗോവ, മഹാരാഷ്ട്ര ടീമുകൾക്കായി അദ്ദേഹം സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
മോഹൻബഗാൻ, എഫ് സി കൊച്ചിൻ, ഡെംപോ ഗോവ, ചർച്ചിൽ ബ്രദേഴ്‌സ് തുടങ്ങിയ ക്ലബുകളെയും കേരള പൊലീസിനെയും അദ്ദേഹം പരിശീലിപ്പിച്ചു. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമായി മികച്ച ക്ലബുകളുടെ കളിക്കാരനായും ചാത്തുണ്ണി ശ്രദ്ധേയനായിരുന്നു. കളിക്കാരനെന്ന നിലയിൽ തനിക്ക് നേടിയെടുക്കാൻ കഴിയാതെ പോയ നേട്ടങ്ങളെ തേടിപ്പിടിക്കാൻ വേണ്ടി നടത്തിയ പോരാട്ടമായിരുന്നു അദ്ദേഹത്തിന്‍റെ പരിശീലന ജീവിതം.