ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ് എതിരെ വന്നവരെയെല്ലാം തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് ഹാൻസി ഫ്ലിക്കിന്‍റെ ബാഴ്‌സലോണ. മൂന്ന് ദിവസത്തിനിടയിലാണ് ക്ലബ് ഫുട്‌ബോളിലെ ഈ വമ്പന്മാര്‍ക്കെതിരായ കറ്റാലൻ ക്ലബിന്‍റെ ജയം എന്നത് അവരുടെ ആരാധകരുടെ സന്തോഷവും ഇരട്ടിയാക്കുന്നുണ്ട്. ഇതിഹാസങ്ങള്‍ ഒരുപാട് പന്ത് തട്ടിയ, പറയാൻ ചരിത്രം ഏറെയുള്ള ബാഴ്‌സയ്‌ക്ക് ഒരുപക്ഷെ ഈ ജയങ്ങള്‍ സാധാരണമായിരിക്കും.
എന്നാല്‍, കഴിഞ്ഞ 3-4 സീസണുകള്‍ മാത്രം നോക്കാം. പറയാൻ എന്തെല്ലാം ലെഗസി ഉണ്ടായിരുന്നിട്ടും ഏതൊരു ടീമിനും എപ്പോള്‍ വേണമെങ്കിലും തോല്‍പ്പിക്കാൻ സാധിക്കുന്ന ടീമായിരുന്നു ബാഴ്‌സലോണ. 2022-23 സീസണില്‍ ലാ ലിഗ കിരീടം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട ടൂര്‍ണമെന്‍റുകളില്‍ ഒന്നില്‍പ്പോലും മികവ് പുലര്‍ത്താൻ ബാഴ്‌സലോണയ്‌ക്ക് സാധിച്ചിരുന്നില്ല.
കൂടാതെ, ലാ ലിഗയുടെ സാമ്പത്തിക നയങ്ങള്‍ മൂലം ചെലവ് ചുരുക്കേണ്ടി വന്നു. ആവശ്യമുള്ള താരങ്ങളെ പോലും സ്വന്തമാക്കാൻ സാധിക്കാത്ത സാഹചര്യം. ആ കഷ്‌ടതകളില്‍ നിന്നെല്ലാമാണ് ഇന്ന് കാണുന്ന അവസ്ഥയിലേക്ക് ബാഴ്‌സലോണ എത്തിയിരിക്കുന്നത്. അതിന് അവരെ സഹായിച്ചിരിക്കുന്നത് ഹാൻസി ഫ്ലിക്ക് എന്ന പരിശീലകന്‍റെ 'മാജിക്ക്' ആണെന്ന് നിസംശയം പറയാം.
ലാ ലിഗയില്‍ ആദ്യ 11 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അതില്‍ 10 കളിയും ജയിച്ച് പോയിന്‍റ് പട്ടികയുടെ തലപ്പത്താണ് ബാഴ്‌സലോണ ഇപ്പോള്‍. എല്‍ ക്ലാസിക്കോയില്‍ റയലിനെതിരെ അടിച്ചുകൂട്ടിയ നാല് ഗോള്‍ ഉള്‍പ്പടെ സീസണില്‍ ഇതുവരെ എതിരാളികളുടെ വലയിലേക്ക് ബാഴ്‌സ താരങ്ങള്‍ അടിച്ചുകയറ്റിയത് എണ്ണം പറഞ്ഞ 37 ഗോളുകള്‍. വഴങ്ങിയത് 10 എണ്ണം മാത്രം.
ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല ബാഴ്‌സലോണ കുതിപ്പ് നടത്തുന്നത്. ടീം ഗെയിമാണ് ഇന്ന് അവരുടെ കരുത്ത്. ലാ ലിഗയിലെ ഗോള്‍ വേട്ടക്കാരുടെയും അസിസ്റ്റ് നല്‍കിയവരുടെയും പട്ടികയില്‍ മുന്നിലുണ്ട് ബാഴ്‌സ താരങ്ങള്‍.
ഹാൻസി ഫ്ലിക്കിന് കീഴില്‍ ഗോള്‍ വേട്ട തുടരുന്ന റോബര്‍ട്ട് ലെവൻഡോസ്‌കിയാണ് അവരുടെ പ്രധാന ഗോളടിയന്ത്രം. ഇതുവരെ 14 ഗോളുകള്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നേടിയിട്ടുണ്ട്. ആറ് ഗോളടിച്ച റാഫീഞ്ഞയുടെയും അഞ്ച് ഗോളടിച്ച ലമീൻ യമാലിന്‍റെയും സ്ഥാനവും പട്ടികയില്‍ ആദ്യ പത്തില്‍ തന്നെ.
അസിസ്റ്റ് നല്‍കിയവരുടെ കൂട്ടത്തില്‍ മുൻനിരയിലുള്ളത് ലാ മാസിയ അക്കാദമി പ്രൊഡക്ടായ ബാഴ്‌സയുടെ വിങ്ങര്‍ ലമീൻ യമാലാണ്. യമാലിനൊപ്പം ഗോളടിപ്പിക്കാൻ ബ്രസീലിയൻ താരം റാഫീഞ്ഞയമുണ്ട്. ഇതുവരെ ആറ് അസിസ്റ്റുകളാണ് ഇരുവരുടെയും പേരിലുള്ളത്.
ഹാൻസി ഫ്ലിക്കിന്‍റെ ബാഴ്‌സലോണ: മുൻ സീസണുകളില്‍ കണ്ട ബാഴ്‌സലോണയെ അല്ല ഇപ്പോള്‍ ഓരോ മത്സരങ്ങളിലും മൈതാനങ്ങളില്‍ കാണാൻ സാധിക്കുന്നത്. സാവിയുടെ പകരക്കാരനായിട്ടായിരുന്നു ഹാൻസി ഫ്ലിക്ക് ബാഴ്‌സലോണയുടെ ചുമതലയേറ്റെടുക്കുന്നത്. അങ്ങനെ ടീമിനെ കിട്ടിയപാടെ തന്നെ ചില മാറ്റങ്ങള്‍ കൊണ്ടുവരാൻ അദ്ദേഹം തുനിഞ്ഞിറങ്ങി.
അതില്‍, പ്രധാനപ്പെട്ട ഒന്നായിരുന്നു താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുരകയെന്നത്. ടീമിന്‍റെ നിര്‍ണായക പൊസിഷനുകളില്‍ കളിക്കുന്ന താരങ്ങളില്‍ അദ്ദേഹം പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ചു. അതിലൂടെ അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുക എന്നതായിരുന്നു ഫ്ലിക്കിന്‍റെ തന്ത്രം.
ഇത് പരീക്ഷിച്ച് വിജയിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇതോടെ, ടീമിന്‍റെ മെന്‍റാലിറ്റിയും ആറ്റിറ്റ്യൂഡും മാറി. ഒരു ഗോള്‍ വീണാല്‍ എല്ലാം കഴിഞ്ഞു എന്ന ഭാവമായിരുന്നു മുൻ സീസണുകളില്‍ ബാഴ്‌സയ്‌ക്കുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ എത്ര ഗോള്‍ വീണലും തങ്ങള്‍ക്ക് തിരിച്ചടിക്കാൻ സാധിക്കുമെന്ന മനോഭാവം അവരുടെ ഓരോ താരങ്ങളിലും കാണാം.
ലെവൻഡോസ്‌കിയും ഗോള്‍വേട്ടയും: എണ്ണയിട്ട യന്ത്രം പോലെ ബാഴ്‌സലോണയ്‌ക്കായി ഇന്ന് ഗോളടിച്ച് കൂട്ടുകയാണ് റോബര്‍ട്ടോ ലെവൻഡോസ്‌കി. ഹാൻസി ഫ്ലിക്കിന് കീഴില്‍ ബയേണ്‍ മ്യൂണിക്കില്‍ ഗോളടിച്ച് കൂട്ടിയിരുന്ന ലെവൻഡോസ്‌കിയെ ആയിരുന്നില്ല ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള ഇതുവരെയുള്ള സീസണുകളില്‍ കാണാൻ സാധിച്ചത്. ലെവൻഡോസ്‌കിയുമായി ഒരുമിച്ച് പോകാൻ മുൻ പരിശീലകൻ സാവി പോലും പാടുപെട്ടിരുന്നു.
ലെവയെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി സാവി ടീം മാനേജ്‌മെന്‍റിനെയും ഒരുവേള സമീപിച്ചു. എന്നാല്‍, സാവി പോയി ഫ്ലിക്ക് വന്നതോടെ ലെവൻഡോസ്‌കിയുടെ കളിയും മാറി. തനിക്ക് കീഴില്‍ ബയേണില്‍ എന്തായിരുന്നോ ചെയ്‌തത് അതുതന്നെ ബാഴ്‌സയിലും ചെയ്യണമെന്ന നിര്‍ദേശമാണ് ഹാൻസി ഫ്ലിക്ക് ലെവൻഡോസ്‌കിയ്‌ക്ക് നല്‍കിയത്.
അങ്ങനെ എതിരാളിയുടെ ഹാഫില്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ അഴിഞ്ഞാടാൻ ലെവൻഡോസ്‌കിയെ ഫ്ലിക്ക് വിട്ടു. മറ്റുള്ളവര്‍ക്ക് ലെവയിലേക്ക് പന്ത് എത്തിക്കുക എന്ന ചുമതല മാത്രം. ഇതോടെ, തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി തന്നെ ലെവൻഡോസ്‌കി നിറവേറ്റി തുടങ്ങി.
റാഫീഞ്ഞ '2.0': കഴിഞ്ഞ സീസണില്‍ തള്ളിപ്പറഞ്ഞവരെല്ലാം ഇന്ന് റാഫീഞ്ഞയ്‌ക്ക് വേണ്ടി കയ്യടിക്കുന്ന കാഴ്‌ചയ്‌ക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. ബാഴ്‌സലോണയുടെ ആരാധകരെ തന്നെ അമ്പരപ്പിക്കുന്ന മാറ്റമാണ് റാഫീഞ്ഞയില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്. അതിലും ഫ്ലിക്ക് കയ്യടി അര്‍ഹിക്കുന്നു.
പരിശീലകനായി സ്ഥാനമേറ്റതിന് പിന്നാലെ റാഫീഞ്ഞയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഫ്ലിക്ക് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. ശാരീരികമായി താരം ഫിറ്റാണെന്ന് കണ്ടതോടെ ടീമിന്‍റെ ക്യാപ്‌റ്റന്മാരില്‍ ഒരാളായി ചുമതല നല്‍കി. ഇത് താരത്തിന്‍റെ ആത്മവിശ്വാസം പതിന്മടങ്ങ് ഉയര്‍ത്തി. ഇതിന്‍റെ ഫലമായി ഗോളടിച്ചും ഗോളടിപ്പിച്ചും റാഫീഞ്ഞ കളം നിറഞ്ഞു.
കരുത്തായി കൗമാരക്കാര്‍: ലമീൻ യമാല്‍, ഫെര്‍മിൻ ലോപസ്, പൗ കുബാര്‍സി തുടങ്ങി ലാ മാസിയ അക്കാദമിയില്‍ നിന്നും എത്തിയ ഒരുപിടി കൗമാര താരങ്ങള്‍ ഇന്ന് ബാഴ്‌സലോണ ഇലവനിലെ പ്രധാനികളാണ്. അവരെയെല്ലാം ഫലപ്രദമായി ഉപയോഗിച്ച ഫ്ലിക്ക് താരങ്ങള്‍ക്ക് യഥേഷ്‌ടം അവസരങ്ങളും നല്‍കുന്നുണ്ട്. അതിലൂടെ പോരാട്ട വീര്യം ചോരാത്ത യുവത്വവും പരിചയസമ്പത്തും ഒരുപോലെ നിറഞ്ഞ ഒരു ടീമായി ബാഴ്‌സയെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറ്റിയെടുക്കാൻ ഹാൻസി ഫ്ലിക്കിന് സാധിച്ചിട്ടുണ്ട്. ഹാൻസി ഫ്ലിക്കും കൂട്ടരും യാത്ര തുടങ്ങിയിട്ടേയുള്ളു. ഫ്ലിക്ക് കളത്തിലിറക്കുന്ന 36 കാരനായ ലെവൻഡോസ്‌കിയും ബാക്കി 'പയ്യന്മാരും' ചേര്‍ന്ന് കറ്റാലൻ ക്ലബിന് വേണ്ടി എന്തൊക്കെ വെട്ടിപ്പിടിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണാം...
Also Read : എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയുടെ 'ക്ലാസിക്ക്' ജയം; റയല്‍ വീണത് നാല് ഗോളിന്