ബെര്‍ലിൻ: യൂറോ കപ്പ് 2024 ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി സ്പെയിന്‍റെ മധ്യനിര താരം റോഡ്രി. കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് സ്പെയിൻ യൂറോപ്പിന്‍റെ നെറുകയില്‍ എത്തിയതിന് പിന്നാലെയാണ് റോഡ്രിയെ ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുത്തത്. ടൂര്‍ണമെന്‍റില്‍ അപരാജിത കുതിപ്പ് നടത്തി കിരീടത്തില്‍ മുത്തമിട്ട സ്പെയിന് വേണ്ടി തകര്‍പ്പൻ പ്രകടനങ്ങളായിരുന്നു റോഡ്രി മധ്യനിരയില്‍ കാഴ്‌ചവെച്ചത്.
A timeless tweet:
— UEFA EURO 2024 (@EURO2024) July 14, 2024
Rodri wins again 🏆#EURO2024 pic.twitter.com/E2HKsNUcPI
കരുത്തരായ ജര്‍മനി, ഫ്രാൻസ് ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു റോഡ്രി സ്പെയിനായി നടത്തിയത്. ടൂര്‍ണമെന്‍റില്‍ ഉടനീളം 521 മിനിറ്റാണ് താരം മൈതാനത്ത് ചെലവഴിച്ചത്. ഈ സമയത്തിനിടെ 439 പാസ് ശ്രമങ്ങള്‍ നടത്തിയ താരം വിജയകരമായി 411 പാസുകളാണ് പൂര്‍ത്തിയാക്കിയത്. 92.84 ശതമാനമായിരുന്നു ടൂര്‍ണമെന്‍റില്‍ താരത്തിന്‍റെ പാസിങ് കൃത്യത.
🏆 Player of the Tournament: Rodri #EURO2024 pic.twitter.com/sxKEu8Fe4h
— UEFA EURO 2024 (@EURO2024) July 14, 2024
യൂറോ കപ്പില്‍ മധ്യനിരയില്‍ സ്പെയിന്‍റെ എഞ്ചിനായി പ്രവര്‍ത്തിച്ച താരം ഒരു ഗോളും നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ മുഴുവൻ സമയവും താരത്തിന് കളിക്കാനായിരുന്നില്ല. മത്സരത്തിനിടെ പരിക്കേറ്റ താരത്തെ ആദ്യ പകുതിയില്‍ തന്നെ പരിശീലകൻ ലൂയി ഫ്യൂന്തെ പിൻവലിക്കുകയായിരുന്നു.
അതേസമയം, 12 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് സ്പെയിൻ യൂറോ കപ്പില്‍ ചാമ്പ്യന്മാരായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ കലാശപ്പോരാട്ടത്തില്‍ 2-1 എന്ന സ്കോറിനായിരുന്നു സ്പാനിഷ് സംഘം ജയം പിടിച്ചത്. നിക്കോ വില്യംസ്, മൈക്കൽ ഒയാർസബൽ എന്നിവരുടെ ഗോളുകളിലായിരുന്നു സ്പെയിന്‍റെ ജയം. കോള്‍ പാല്‍മറാണ് മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.
Read More : യൂറോയില്‍ സ്‌പാനിഷ് 'വീരഗാഥ'; ഇംഗ്ലണ്ടിന് പിന്നെയും കണ്ണീര്‍മടക്കം