ലണ്ടൻ : പ്രീമിയര്‍ ലീഗില്‍ ബ്രെന്‍റ്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ സമനിലയുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ബ്രെന്‍റ്‌ഫോര്‍ഡിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 1-1 സ്കോറിനാണ് ഇരു ടീമും പിരിഞ്ഞത്. ഇഞ്ചുറി ടൈമിലാണ് രണ്ട് ഗോളുകളുടെയും പിറവി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മേസണ്‍ മൗണ്ടും ബ്രെന്‍റ്‌ഫോര്‍ഡിനായി ക്രിസ്റ്റഫര്‍ അയെറുമാണ് ഗോള്‍ നേടിയത്. സമനിലയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 48 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് തുടരുകയാണ്. 15-ാം സ്ഥാനത്താണ് നിലവില്‍ ബ്രെന്‍റ്‌ഫോര്‍ഡ്.
ബ്രെന്‍റ്‌ഫോര്‍ഡിന്‍റെ തട്ടകമായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില്‍ സന്ദര്‍ശകരായി എത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടത്. മത്സരത്തില്‍ യുണൈറ്റഡിന് മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ബ്രെന്‍റ്‌ഫോര്‍ഡിന് കഴിഞ്ഞു. 31 ഷോട്ടുകളാണ് മത്സരത്തിലുടനീളമായി ആതിഥേയര്‍ യുണൈറ്റഡ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചത്.
അതില്‍ നാല് ഷോട്ടുകള്‍ക്ക് ഗോള്‍ പോസ്റ്റ് വില്ലനായി. മറുവശത്ത്, മികച്ച അവസരങ്ങള്‍ സൃഷ്‌ടിക്കാൻ യുണൈറ്റഡ് പാടുപെട്ടു. 11 ഷോട്ടുകള്‍ മാത്രമാണ് ബ്രെന്‍റ്‌ഫോര്‍ഡ് വലയിലേക്ക് യുണൈറ്റഡ് പായിച്ചത്.
24-ാം മിനിറ്റിലാണ് ബ്രെന്‍റ്‌ഫോര്‍ഡ് ആദ്യ സുവര്‍ണാവസരം സൃഷ്‌ടിച്ചത്. യോനെ വിസ്സായുടെ ത്രൂ ബോളുമായി ഇവാൻ ടോണി യുണൈറ്റഡ് പ്രതിരോധത്തെ മറികടന്ന് ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോള്‍ പോസ്റ്റില്‍ ഇടിച്ച് പന്ത് പോകുകയായിരുന്നു. 32-ാം മിനിറ്റില്‍ സാങ്കയുടെ ഹെഡര്‍ ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക്.
മത്സരത്തിന്‍റെ 56-ാം മിനിറ്റില്‍ രണ്ട് പ്രാവശ്യമായിരുന്നു ഒനാന യുണൈറ്റഡിന്‍റെ രക്ഷക്കെത്തിയത്. 72-ാം മിനിറ്റില്‍ ഇവാൻ ടോണി യുണൈറ്റഡ് വലയില്‍ പന്ത് എത്തിച്ചെങ്കിലും താരം ഓഫ്‌സൈഡില്‍ കുടുങ്ങിയത് അവര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. 79-ാം മിനിറ്റിലും ടോണിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക്. നിശ്ചിത സമയം പിന്നിട്ടതോടെ ഇഞ്ചുറി ടൈം ആയിട്ട് ഒൻപത് മിനിറ്റായിരുന്നു മത്സരത്തില്‍ അനുവദിച്ചത്.
ഇതിന്‍റെ ആറാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആദ്യത്തെ ഗോള്‍ നേടിയത്. ബോക്‌സിന് പുറത്തെ ചില കൂട്ടപ്പൊരിച്ചിലുകള്‍ക്ക് ഒടുവില്‍ കാസിമിറോ നല്‍കിയ പാസ് സ്വീകരിച്ച് മേസണ്‍ മൗണ്ട് സന്ദര്‍ശകര്‍ക്കായി ലക്ഷ്യം കാണുകയായിരുന്നു. എന്നാല്‍, മത്സരം അവസാനിക്കാൻ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ ബ്രെന്‍റ്‌ഫോര്‍ഡ് സമനില ഗോള്‍ കണ്ടെത്തി. ടോണിയുടെ തകര്‍പ്പൻ പാസ് ബോക്‌സിനുള്ളില്‍ ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന പ്രതിരോധനിരതാരം ക്രിസ്റ്റഫര്‍ അയര്‍ ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു.