ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഫുൾഹാമിനെ 1-0 ന് തോൽപ്പിച്ചാണ് യുണൈറ്റഡ് തേരോട്ടം ആരംഭിച്ചത്. അരങ്ങേറ്റ കളിയില്‍ തന്നെ ആദ്യഗോള്‍ നേടി ടീമിന്‍റെ വിജയ ശില്‍പിയായി ജോഷ്വ സിർക്‌സി. മാച്ച് ഫിറ്റ്‌നസ് കുറവായ സിർക്‌സി അവസാന അരമണിക്കൂര്‍ മാത്രമാണ് കളത്തിലെത്തിയത്.
ഓൾഡ് ട്രാഫോർഡിലെ നിരാശാജനകമായ സായാഹ്നത്തിൽ 87 മിനിറ്റിലാണ് അലജാൻഡ്രോ ഗാർനാച്ചോയുടെ ക്രോസിൽ നിന്നും സിര്‍ക്‌സി റെഡ് ഡെവിൾസിനെ രക്ഷിച്ചത്. പതുക്കെ തുടങ്ങിയ ശേഷം യുണൈറ്റഡ് കളിയിലേക്ക് വരികയായിരുന്നു. ആദ്യ പകുതി യുണൈറ്റഡ് പൊരുതിയെങ്കിലും ഗോളൊന്നും പിറന്നില്ല. ഭൂരിഭാഗം സമയവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍റെ ആക്രമണങ്ങളെ ഫുള്‍ഹാം സമര്‍ത്ഥമായി പ്രതിരോധിച്ചു.
Friday night delight! ❤️🔥🙌#MUFC || #MUNFUL pic.twitter.com/EXBEXGjMJA
— Manchester United (@ManUtd) August 16, 2024
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ അടുത്ത മത്സരം ഓഗസ്റ്റ് 24ന് ബ്രെെറ്റണിനെതിരേയാണ്. ഫാല്‍മര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അന്ന് തന്നെയാണ് ലെസ്റ്റര്‍ സിറ്റിക്കെതിരേ ഫുള്‍ഹാമിന്‍റെ മത്സരവും. ഫുള്‍ഹാമിന്‍റെ ഹോം ഗ്രൗണ്ടായ ക്വാട്ടേജ് സ്റ്റേഡിയമാണ് വേദി.
പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മത്സരത്തില്‍ ലിവര്‍പൂള്‍ ഇപ്‌സ്‌വിച്ച് ടൗണിനെ നേരിടും. വെെകിട്ട് അഞ്ചിനാണ് മത്സരം. ഇപ്‌സ്‌വിച്ച് ടൗണിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. രാത്രി 7.30ന് ആഴ്‌സനല്‍ വോള്‍വ്‌സിനെ നേരിടും. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണ്‍ ബ്രെെറ്റണേയും ന്യുകാസില്‍ യുണെെറ്റഡ് സൗതാംപ്‌ണനേയും നേരിടും. രാത്രി പത്തിന് ആസ്റ്റണ്‍ വില്ല വെസ്റ്റ് ഹാം പോരാട്ടവും നടക്കും.