ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ആഴ്‌സണലിനും ആസ്റ്റണ്‍ വില്ലയ്‌ക്കും വിവിധ മത്സരങ്ങളില്‍ വിജയം. ഇപ്‌സ്‌വിച്ച് ടൗണിനെതിരേ 2-0 ആയിരുന്നു ലിവര്‍പൂളിന്‍റെ ആദ്യ വിജയം. 60ം മിനിറ്റില്‍ ഡിയേഗോ ജോട്ടയാണ് ലിവര്‍പൂളിനായി ആദ്യം ലക്ഷ്യം കണ്ടത്. അഞ്ചുമിനിറ്റിന് ശേഷം സൂപ്പര്‍ താരം മുഹമ്മദ് സലായും ഇപ്‌സ്‌വിച്ചിന്‍റെ വല കുലുക്കി. പുതിയ കോച്ച് അര്‍നെ സ്ലോട്ടിന് കീഴില്‍ കളിക്കാനിറങ്ങിയ ലിവര്‍പൂളിനെ ആദ്യ പകുതിയില്‍ ചെറുത്തുനിന്നെങ്കിലും രണ്ടാം പകുതിയില്‍ പ്രതിരോധം തകരുകയായിരുന്നു. ഇപ്‌സ്‌വിച്ചിന്‍റെ ഹോം ഗ്രൗണ്ടായ പോര്‍ട്ട്മാന്‍ റോഡിലെ മത്സരം കാണാന്‍ ക്ലബിന്‍റെ സഹ ഉടമകളിലൊരാളായ എസ് ഷീരനും ഗാലറിയിലെത്തിയിരുന്നു.
മറ്റൊരു മത്സരത്തില്‍ വോള്‍വ്‌സിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ വിജയം നേടിയത്. 25ാം മിനിറ്റില്‍ കായ് ഹാവേര്‍ട്‌സാണ് ആദ്യം ഗോള്‍ നേടിയത്. 74ാം മിനിറ്റില്‍ ബുകായോ സാക വോള്‍വ്‌സിനെതിരേ രണ്ടാം ഗോള്‍ നേടി വിജയത്തിലെത്തിച്ചു.
വെസ്റ്റ് ഹാമിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാമിന്‍റെ ഒരു ഗോളിനെതിരേ രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ല ആദ്യ വിജയം നേടി. നാലാം മിനിറ്റില്‍ ഒനാനയാണ് ആസ്റ്റണ്‍ വില്ലയെ മുന്നിലെത്തിച്ചത്. 37ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ വെസ്റ്റ് ഹാം സമനില പിടിച്ചു. എന്നാല്‍ 79ാം മിനിറ്റില്‍ ജോണ്‍ ഡുറാന്‍ വെസ്റ്റ് ഹാമിന്‍റെ ഗോള്‍ വല തകര്‍ത്തതോടെ വില്ല വിജയം നേടി.